മത്സരത്തിന് മുമ്പ് ആ നിർദേശം നൽകിയത് ​ഗംഭീർ, പഹൽ​ഗാം മറക്കരുതെന്നും പരിശീലകൻ; റിപ്പോർട്ട്

4 months ago 5

pakistan players, gambhir

പാക് താരങ്ങൾ | AP, ​ഗൗതം ​ഗംഭീർ | AFP

ദുബായ്: ഏഷ്യാകപ്പ് മത്സരത്തിനിടെ പാക് താരങ്ങൾക്ക് കൈകൊടുക്കരുതെന്ന നിർദേശം നൽകിയത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ​ഗൗതം ​ഗംഭീറാണെന്ന് റിപ്പോർട്ട്. പാകിസ്താനുമായുള്ള മത്സരത്തിന് മുന്നോടിയായി താരങ്ങൾക്ക് ​ഗംഭീർ കർശന നിർദേശം നൽകിയിരുന്നതായാണ് വിവരം. മത്സരം അവസാനിച്ചതിന് ശേഷം താരങ്ങൾ ഇത് അനുസരിക്കുകയും ചെയ്തു. പാക് താരങ്ങൾ ഹസ്തദാനത്തിനായി കാത്തുനിന്നെങ്കിലും അത് അവ​ഗണിച്ച ഇന്ത്യൻ താരങ്ങൾ ഡ്രസ്സിങ് റൂമിലേക്ക് പോയി വാതിലടച്ചു.

പാക് താരങ്ങളുമായുള്ള ഹസ്തദാനം ഒഴിവാക്കുക എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് മുഖ്യ പരിശീലകനായ ഗൗതം ഗംഭീറാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൈകൊടുക്കരുതെന്ന് അറിയിച്ചതിന് പിന്നാലെ മറ്റുചില നിർദേശങ്ങളും ​ഗംഭീർ മുന്നോട്ടുവെച്ചു. താരങ്ങളുമായി വാക്പോരിൽ ഏർപ്പെടുന്നതിൽ നിന്നും വിട്ടുനിൽക്കാനും ഗംഭീർ ഇന്ത്യൻ കളിക്കാർക്ക് നിർദേശം നൽകിയിരുന്നതായി ടെലികോം ഏഷ്യ സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ വരെ ഇത്തരം ചർച്ചകൾ നടന്നതായാണ് വിവരം. സൂര്യകുമാർ അടക്കമുള്ള താരങ്ങൾ തങ്ങളുടെ ആശങ്കകൾ ഗംഭീറിനെയും മറ്റ് സപ്പോർട്ട് സ്റ്റാഫുകളെയും അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയുടെ ഉപയോഗം കുറയ്ക്കാനും കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ഗംഭീർ കളിക്കാരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

സോഷ്യൽ മീഡിയയുടെ ഉപയോഗം കുറയ്ക്കുക, അനാവശ്യ ചർച്ചകൾക്ക് ചെവി കൊടുക്കുന്നത് നിർത്തുക. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നതാണ് നിങ്ങളുടെ ജോലി. പഹൽഗാമിൽ സംഭവിച്ചത് മറക്കരുത്. ഹസ്തദാനം ചെയ്യരുത്, അവരുമായി ഇടപഴകരുത്. കളത്തിലിറങ്ങുക, നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക, ഇന്ത്യയ്ക്കായി വിജയിക്കുക.- ഗംഭീർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

മത്സരശേഷം പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അത് ശ്രദ്ധിച്ചതേയില്ല. സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. എന്നാല്‍ ഇന്ത്യന്‍ താരങ്ങളും സ്റ്റാഫുകളും കൈകൊടുക്കാനായി വരുമെന്നാണ് പാക് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ലെന്നുമാത്രമല്ല ഡ്രസ്സിങ് റൂമിന്റെ വാതിലടക്കുകയും ചെയ്തു. അതോടെ പാക് താരങ്ങള്‍ മടങ്ങുകയായിരുന്നു.

മത്സരത്തിന്റെ ടോസ് സമയത്തും സൂര്യകുമാര്‍ പാക് നായകന് കൈകൊടുത്തിരുന്നില്ല. പരസ്പരം ഹസ്തദാനം ചെയ്തില്ലെന്നു മാത്രമല്ല മുഖത്തോടു മുഖം പോലും നോക്കാതെയാണ് മടങ്ങിയത്. ഏഷ്യാകപ്പ് തുടങ്ങുന്നതിനുമുന്‍പ് ടീം ക്യാപ്റ്റന്‍മാരെല്ലാം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും വേദിയില്‍വച്ച് സൂര്യയും ആഗയും ഹസ്തദാനം നല്‍കിയിരുന്നില്ല.

Content Highlights: Gautam Gambhir Behind No Handshake Against Pakistan report

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article