മത്സരത്തിന് മുൻപുള്ള പത്രസമ്മേളനം റദ്ദാക്കി പാകിസ്താൻ; ടൂർണമെന്റിൽനിന്ന് പിന്മാറിയാൽ നഷ്ടം 141 കോടി

4 months ago 7

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ മാച്ച് റഫറിയായിരുന്ന ആൻഡി പൈക്രോഫ്റ്റിനെ ഒഫീഷ്യൽ പാനലിൽനിന്ന് പുറത്താക്കണമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തള്ളി. ഇതോടെ പുതിയ സമ്മർദ തന്ത്രവുമായെത്തിയ പാകിസ്താൻ യുഎഇ ടീമിനെതിരായ മത്സരത്തിന് മുൻപുള്ള പത്രസമ്മേളനം റദ്ദാക്കി. പാകിസ്താന്റെ ബഹിഷ്കരണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ബുധനാഴ്ച നടക്കേണ്ട യുഎഇക്കെതിരായ മത്സരത്തിന് അനിശ്ചിതത്വമുണ്ട്.

ഇന്ത്യ-പാക് മത്സരത്തിന്റെ ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് കൈ കൊടുക്കുന്നതിൽനിന്ന് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ആഗയെ മാച്ച് റഫറി പിന്തിരിപ്പിച്ചെന്നു കാണിച്ചാണ് പാക് ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് പരാതി നൽകിയിരുന്നത്.

141 കോടി നഷ്ടം

മാച്ച് റഫറിയെ പുറത്താക്കിയില്ലെങ്കിൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്നും പാക് ക്രിക്കറ്റ് ബോർഡ് ഭീഷണി മുഴക്കിയിരുന്നു. ഐസിസി തീരുമാനം വന്നതിനുശേഷം പാക് ബോർഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ചൊവ്വാഴ്ച വൈകുന്നേരം നിശ്ചയിച്ച പത്രസമ്മേളനം റദ്ദാക്കിയതോടെയാണ് വീണ്ടും നാടകീയത വന്നത്.

ടൂർണമെന്റിൽനിന്ന് പിന്മാറിയാൽ പാക് ക്രിക്കറ്റ് ബോർഡിന് കനത്ത സാമ്പത്തികനഷ്ടമുണ്ടാകും. ഏതാണ്ട് 141 കോടി രൂപ നഷ്ടംവരുമെന്നാണ് കണക്ക്. ഇതും അവരുടെ തീരുമാനത്തിൽ നിർണായകമാകും. സിംബാബ്‌വെക്കാരനായ പൈക്രോഫ്റ്റാണ് ബുധനാഴ്ച നടക്കുന്ന പാകിസ്താൻ-യുഎഇ മത്സരത്തിന്റെ മാച്ച് റഫറി.

ഹസ്തദാന വിവാദത്തിൽ പൈക്രോഫ്റ്റിന് ചെറിയൊരു പങ്ക് മാത്രമേയുള്ളൂവെന്നാണ് ഐസിസി വിലയിരുത്തൽ. ഒരു ക്യാപ്റ്റൻ മറ്റൊരു ക്യാപ്റ്റന് കൈകൊടുക്കാതിരിക്കുമ്പോഴുണ്ടാകുന്ന വിവാദം ഒഴിവാക്കാൻ പാക് ക്യാപ്റ്റന് സന്ദേശം നൽകുകമാത്രമാണ് പൈക്രോഫ് ചെയ്തതെന്നും മാച്ച് ഓഫീഷ്യൽസിനെ മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നുമാണ് ഐസിസി വാദം.

പാകിസ്താന് നിർണായകം

ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ സൂപ്പർ ഫോറിൽ കടന്നു. യുഎഇക്കെതിരായ മത്സരം ജയിച്ചാൽ പാകിസ്താന് സൂപ്പർ ഫോറിലെത്താം. തോറ്റാൽ യുഎഇ കടക്കും. പാകിസ്താൻ കടന്നാൽ സൂപ്പർ ഫോറിലും ഇന്ത്യ-പാകിസ്താൻ മത്സരമുണ്ടാകും.

നിലപാട് കടുപ്പിച്ച് ബിസിസിഐ

പാകിസ്താനെതിരേ തുടർമത്സരങ്ങളിലും ഇതേ നിലപാട് സ്വീകരിക്കാനാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം. സൂപ്പർ ഫോറിൽ പാകിസ്താനെതിരേ കളിക്കേണ്ടിവന്നാലും ഇതേ നിലപാടാകും ഇന്ത്യൻ ടീം സ്വീകരിക്കുന്നത്. ഫൈനലിൽ കടന്നാൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് പാകിസ്താൻകാരനായ മുഹ്‌സിൻ നഖ്‌വിയുമായി വേദി പങ്കിടാൻ ഇന്ത്യൻ ടീം തയ്യാറായേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്താന്റെ ആഭ്യന്തരമന്ത്രികൂടിയാണ് നഖ്‌വി.

Content Highlights: Pakistan handshake controversey asia cupful icc rejects request

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article