Published: May 23 , 2025 01:51 PM IST
1 minute Read
മുംബൈ∙ മത്സരശേഷം പതിവുള്ള ഹസ്തദാനത്തിനു മുന്നോടിയായി ജസ്പ്രീത് ബുമ്ര ഉൾപ്പെടെയുള്ള മുംബൈ ഇന്ത്യൻസ് താരങ്ങളുടെ കൈകൾ സാനിറ്റൈസർ ഒഴിച്ച് ശുദ്ധിയാക്കുന്ന ടീം ഉടമ നിത അംബാനിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന നിർണായകമായ മത്സരത്തിനു പിന്നാലെയാണ്, കളിക്കാർക്ക് ഹസ്തദാനം നൽകും മുൻപ് കൈകൾ ശുദ്ധിയാക്കാൻ നിത അംബാനി സാനിറ്റൈസർ നൽകിയത്.
ഇതിൽ ജസ്പ്രീത് ബുമ്രയുടെ കൈകളിൽ സാനിറ്റൈസർ ഒഴിച്ചുകൊടുക്കുന്ന നിത അംബാനിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിനു പിന്നാലെ അടുത്തെത്തിയപ്പോഴാണ് നിത അംബാനി ബുമ്രയുടെ കൈകളിൽ സാനിറ്റൈസർ ഒഴിച്ചത്. ചെറുചിരിയോടെ ബുമ്ര ടീം ഉടമയിൽനിന്ന് സാനിറ്റൈസർ സ്വീകരിച്ച് കൈകൾ ശുദ്ധീകരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
ബുമ്രയ്ക്കു പിന്നാലെ മറ്റു താരങ്ങളുടെ അടുത്തേക്കു നീങ്ങിയ നിത അംബാനി, കാൺ ശർമയും സൂര്യകുമാർ യാദവും ഉൾപ്പെടെയുള്ള താരങ്ങൾക്കും സാനിറ്റൈസർ നൽകി. രാജ്യത്ത് കോവിഡ് വീണ്ടും പടർന്നുപിടിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നിത അംബാനിയുടെ സാനിറ്റൈസർ ‘പ്രയോഗ’മെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്. മഹാരാഷ്ട്രയിൽ ഉൾപ്പെടെ കോവിഡ് കേസുകളിൽ ശ്രദ്ധയമായ വർധനയുണ്ട്.
അതിനിടെ, നിർണായകമായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് മുംബൈ ഇന്ത്യൻസ് പ്ലേഓഫിൽ ഇടംപിടിക്കുന്ന നാലാമത്തെ ടീമായി മാറിയിരുന്നു. ആവേശകരമായ മത്സരത്തിൽ ഡൽഹിയെ 59 റൺസിനു തകർത്താണ് മുംബൈ പ്ലേഓഫിൽ ഇടംപിടിച്ചത്. ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തപ്പോൾ, ഡൽഹിയുടെ മറുപടി 18.2 ഓവറിൽ 121 റൺസിൽ അവസാനിച്ചിരുന്നു.
English Summary:








English (US) ·