Published: July 22 , 2025 04:20 PM IST
2 minute Read
-
ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകരുടെ സാധ്യതാപട്ടികയിൽ മുന്നിൽ ഖാലിദ് ജമീൽ
2019ൽ ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ഖാലിദ് ജമീൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയപ്പോൾ ആദ്യം പോസ്റ്റ് ചെയ്തത് 1998ലെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ചിത്രമാണ്. ഇടതുവശത്ത് ഐ.എം.വിജയൻ. വലതു വശത്ത് ജോ പോൾ അഞ്ചേരി. ജോ പോളിന്റെ തോളോടുതോൾ ചേർന്ന് ഖാലിദ് ജമീൽ. ടീം ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയയുടെ നീലക്കടുവകൾ എന്നറിയപ്പെട്ടിരുന്ന ടീമിന്റെ മിഡ്ഫീൽഡ് ജനറലായിരുന്നു ഖാലിദ്. 2006ൽ പരുക്കിനെത്തുടർന്ന് പ്ലേയിങ് കരിയർ അവസാനിച്ചെങ്കിലും 3 വർഷത്തിനു ശേഷം ഖാലിദ് പരിശീലകനായി കളിക്കളത്തിലേക്കു തിരിച്ചുവന്നു.
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യപരിശീലകനാവാൻ അപേക്ഷ നൽകിയവരുടെ നിരയിൽ ആദ്യസ്ഥാനത്തുണ്ട് നാൽപത്തിയെട്ടുകാരൻ ഖാലിദ്. ബയോഡേറ്റയിൽ നേട്ടങ്ങൾ എന്ന കോളത്തിലെ ഐഎസ്എൽ ടീമിന്റെ ആദ്യ ഇന്ത്യൻ ഹെഡ് കോച്ച്, 2023–24, 24-25 വർഷങ്ങളിലെ മികച്ച ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ എന്നീ പോയിന്റുകൾ ഖാലിദിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു.
കൊൽക്കത്തയോട് നോ !പ്ലേയിങ് കരിയറിൽ ഏറ്റവും കിടിലൻ ഫോമിലൂടെ കടന്നു പോകുന്ന നേരത്തു ഖാലിദിനെ സ്വന്തമാക്കാൻ കൊൽക്കത്തൻ ക്ലബ്ബുകൾ ആവുന്നത്ര ശ്രമിച്ചതാണ്. പക്ഷേ, കൊൽക്കത്തയിലെ ഒരു വമ്പൻ ക്ലബ്ബിന്റെ ഓഫർ ഖാലിദ് നിരസിച്ചു. അതിനുള്ള കാരണമാണ് ശ്രദ്ധേയമായത്: ആ ക്ലബ്ബിന്റെ മെയിൻ സ്പോൺസർ ഒരു മദ്യക്കമ്പനിയായിരുന്നു. ഇന്ത്യൻ ദമ്പതികളുടെ മകനായി കുവൈത്തിലാണ് ഖാലിദിന്റെ ജനനം. ഗൾഫ് യുദ്ധത്തെ തുടർന്ന് കുടുംബം ഇന്ത്യയിലെത്തി. മഹീന്ദ്ര യുണൈറ്റഡ്, എയർ ഇന്ത്യ എന്നീ ടീമുകളിലൂടെയാണ് പ്രഫഷനൽ ഫുട്ബോളിൽ ഖാലിദിന്റെ അരങ്ങേറ്റം. 1998ൽ ഉസ്ബെക്കിസ്ഥാനെതിരെ ആയിരുന്നു ആദ്യ രാജ്യാന്തര മത്സരം. 1998–2006 കാലഘട്ടത്തിൽ ഇന്ത്യയ്ക്കായി 40 മത്സരങ്ങൾ കളിച്ചു.
റൺ ലൈക്ക് ഖാലിദ് !ഒതുങ്ങാൻ കൂട്ടാക്കാത്ത താടിയും മുടിയുമായി ടീഷർട്ടും ധരിച്ച് ടച്ച് ലൈനിന് അരികിൽ നിൽക്കുന്ന ഖാലിദ് ഒറ്റനോട്ടത്തിൽ ഒരു കലിപ്പനാണെന്നു തോന്നും. പക്ഷേ, ടീം ഒരു ഗോൾ നേടിയാൽ ഡഗൗട്ടിനു മുന്നിലൂടെ കയ്യും പൊക്കി ആർത്തിരമ്പി ഒരോട്ടമാണ്. കളിക്കാർ യന്ത്രമനുഷ്യർ അല്ലെന്നാണ് നിലപാട്. അവർക്കു സ്വന്തം കളി പുറത്തിറക്കാം. സീനിയർ താരങ്ങൾക്ക് ഉത്തരവാദിത്തം കൂടുതൽ നൽകി ജൂനിയർ താരങ്ങളെ സപ്പോർട്ട് ചെയ്യുന്നതാണ് രീതി. ക്ലബ്ബുകളിൽ ഇന്ത്യൻ താരങ്ങളെ പ്രധാന റോളുകൾ ഏൽപിച്ച് ഉയർത്തിയെടുക്കും. ഡിഫൻസീവായ മാൻ ടു മാൻ ശൈലിയാണ് ഖാലിദിന്റെ പ്രധാന ആയുധം. വമ്പൻ ടീമുകൾക്കെതിരെ ഇറങ്ങുമ്പോൾ പ്രതിരോധത്തിലൂന്നി സമനിലയ്ക്കായി ശ്രമിക്കുന്നു, തുടർന്ന് അവസരം ലഭിക്കുമ്പോൾ കൗണ്ടർ അറ്റാക്കിലൂടെ ഗോളടിച്ച് വിജയം നേടുന്നു. ഐഎസ്എലിൽ പല വമ്പൻമാരും ഖാലിദിന്റെ ഈ ടാക്ടിക്സിന്റെ ചൂട് അറിഞ്ഞവരാണ്. ഇന്ത്യൻ താരങ്ങളുമായുള്ള മികച്ച ബന്ധം, പരിശീലകനെന്ന നിലയിലുള്ള മികച്ച നേട്ടങ്ങൾ, ചെറുപ്പം എന്നീ ഘടകങ്ങൾ പരിശോധിക്കുമ്പോൾ ഇന്ത്യൻ പരിശീലകനായി ഖാലിദിനു നറുക്കുവീഴാൻ സാധ്യതയേറെയാണ്.
ഐസോൾ മുതൽ ജംഷഡ്പുർ വരെ2016-17 ഐലീഗ് സീസണിലെ ഏറ്റവും കുഞ്ഞൻ ടീമായിരുന്നു ഐസോൾ എഫ്സി. സീസണിൽ 8–ാം സ്ഥാനത്തായിരുന്നെങ്കിലും ഗോവൻ ടീമുകളുടെ പിന്മാറ്റത്തെത്തുടർന്ന് 2016-17 സീസൺ കളിക്കാൻ അവർക്ക് അവസരം ലഭിച്ചു. ബംഗാളിന്റെ കരുത്തും ബെംഗളൂരുവിന്റെ പവറും അതിജീവിച്ച് ഐസോൾ കിരീടം നേടിയതോടെ ഖാലിദ് ഹിറ്റ് കോച്ചായി. തൊട്ടടുത്ത സീസണിൽ ഈസ്റ്റ് ബംഗാൾ പൊന്നുംവില കൊടുത്ത് ടീമിലെത്തിച്ചു. തുടർന്ന് മോഹൻ ബഗാനും. 2019ൽ ഐഎസ്എൽ ക്ലബ് നോർത്ത് ഈസ്റ്റിന്റെ അസിസ്റ്റന്റ് കോച്ചായി. 2019–20 സീസണുകളിൽ ഹെഡ് കോച്ചിനെ ടീം പുറത്താക്കിയതോടെ ശേഷിച്ച മത്സരങ്ങളിൽ മുഖ്യപരിശീലകനായി. തുടർച്ചയായി 10 മത്സരങ്ങൾ ജയിച്ച് 2020ൽ ടീം പ്ലേ ഓഫിൽ എത്തിയതോടെ മുഖ്യപരിശീലക സ്ഥാനം തുടർന്നു. 2023ൽ ജംഷഡ്പുർ എഫ്സിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തതോടെ രണ്ട് ഐഎസ്എൽ ടീമുകളുടെ പരിശീലകനാകുന്ന ആദ്യ ഇന്ത്യൻ കോച്ചായി.
English Summary:









English (US) ·