ശ്രുതിശുദ്ധി മാത്രം പോരാ, അൽപ്പം ലഹരി കൂടി അകത്തുണ്ടായാലേ പാട്ട് മൊഞ്ചാവൂ എന്ന് വിശ്വസിച്ചു ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ഗായക സൂപ്പർതാരം. പാടിയ പാട്ടുകൾ വഴിക്കുവഴിയായി ഹിറ്റായതോടെ ആ വിശ്വാസത്തിന് ഉറപ്പേറി. സ്റ്റുഡിയോയിലെ മൈക്കിന് ചുറ്റും മദ്യചഷകങ്ങൾ നിറയുകയും ഒഴിയുകയും ചെയ്തു.
തന്റെ വിശ്വാസം തെറ്റായിരുന്നു എന്ന് കുന്ദൻ ലാൽ സൈഗൾ തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നു. മരണം കയ്യെത്തും ദൂരെ എത്തിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും.
ഇന്ത്യൻ സിനിമയിലെ ഒരു കാലഘട്ടത്തെ സുദീപ്തമാക്കിയ ഗായകനടൻ. വിഷാദമാധുര്യം തുളുമ്പി നിൽക്കുന്ന സൈഗളിന്റെ ഗാനങ്ങളെ ഒഴിച്ചുനിർത്തി നമുക്കൊരു സംഗീത ചരിത്രമില്ല. സോജാ രാജകുമാരി സോജാ, ബാബുൽ മൊരാ, ജബ് ദിൽ ഹി ടൂട്ട് ഗയാ, ദിയാ ജലാവോ ജഗമഗ് ജഗമഗ്, മേ ക്യാ ജാനൂ ക്യാ ജാദൂ ഹേ, ഏക് ബംഗ്ളാ ബനേ, ബാലം ആയേ ബസോ മോരെ മൻ മേ, ഗം ദിയേ മുസ്തകിൽ.... എല്ലാം സൈഗൾ ഹൃദയം നൽകി പാടി അനശ്വരമാക്കിയ പാട്ടുകൾ.
അവയിൽ ചിലതിലെങ്കിലും ലഹരി കലർന്നിരുന്നു എന്ന അറിവ് ഏത് സൈഗൾ ആരാധകനെയാണ് അമ്പരപ്പിക്കാതിരിക്കുക?
സംഗീത സംവിധായകൻ നൗഷാദിന്റെ ഓർമ്മക്കുറിപ്പുകളിൽ വായിച്ചറിഞ്ഞതാണ് വിചിത്രമായ ആ മധുപാന കഥ. അബ്ദുൾ റഷീദ് കർദാർ സംവിധാനം ചെയ്ത ഷാജഹാൻ (1946) എന്ന ചിത്രത്തിൽ പാടാൻ എത്തിയതായിരുന്നു സൈഗൾ. പാട്ടെഴുതുന്ന മജ്‌റൂഹ് സുൽത്താൻപുരിയും സംഗീത സംവിധായകൻ നൗഷാദ് അലിയും യുവപ്രതിഭകൾ. സൈഗളാകട്ടെ പ്രശസ്‌തിയുടെ പാരമ്യത്തിൽ എത്തിനിൽക്കുന്ന നടനും. ശരിക്കും ഒരു സൂപ്പർസ്റ്റാർ.
'സൈഗളിനെ കൊണ്ട് സിനിമയിൽ ഒരു പാട്ട് പാടിക്കുക എന്നത് വലിയൊരു സ്വപ്നമായിരുന്നു.'- നൗഷാദ് എഴുതുന്നു. ചെറുപ്പത്തിൽ 'പുരൺഭഗത്' എന്ന സിനിമ കണ്ടത് മുതൽ തുടങ്ങിയ ആരാധന. അന്നത്തെ ഏറ്റവും ഗ്ലാമറുള്ള നായകനാണ് സൈഗൾ. എന്നാൽ, രൂപഭംഗിയേക്കാൾ എന്നെ ആകർഷിച്ചത് വിഷാദമധുരമായ ആ ശബ്ദമാണ്. അഭിനയം പോലെ സ്വാഭാവികമായിരുന്നു അദ്ദേഹത്തിന്റെ ആലാപനവും. നാട്യങ്ങളില്ല. സ്വരശുദ്ധിയോടെയാണ് പാടുക.
കർദാർ സ്റ്റുഡിയോയിൽ പാട്ടുകൾ പാടി റെക്കോർഡ് ചെയ്യാനെത്തിയ സൈഗളിന്റെ ഓരോ ചലനവും കൗതുകത്തോടെ നോക്കിനിന്നു നൗഷാദ്. ഉള്ളിലൊരു ആരാധകൻ കൂടിയുണ്ടല്ലോ. മറ്റു ഗായകരെപ്പോലെ മൈക്കിന് മുന്നിൽ നിന്നോ കസേരയിൽ ഇരുന്നോ അല്ല സൈഗൾ പാട്ട് റെക്കോർഡ് ചെയ്യുക; നിലത്തു വിരിച്ചിട്ട ജമുക്കാളത്തിൽ ചമ്രം പടിഞ്ഞിരുന്നാണ്. ശരിക്കും ഒരു മെഹ്ഫിൽ പാടുന്ന മൂഡിലായിരിക്കും അപ്പോൾ അദ്ദേഹം. മനോധർമ്മപ്രയോഗവും സുലഭം.
.jpg?$p=ee40793&w=852&q=0.8)
മൈക്കിനു മുന്നിൽ വന്നിരുന്നാൽ, കഴുത്തിലെ മാല അഴിച്ചെടുത്ത് അതിലെ മുത്തുകൾ ഒന്നൊന്നായി തൊട്ടു തലോടി ഒരു നിശ്ശബ്ദ പ്രാർഥന ചൊല്ലും അദ്ദേഹം. പ്രാർഥിച്ചു കഴിഞ്ഞാൽ മാല സഹായിക്ക് കൈമാറിയ ശേഷം സംഗീത സംവിധായകനെ നോക്കി എല്ലാം ഓക്കേ അല്ലേ എന്ന് ആംഗ്യഭാഷയിൽ ഒരു ചോദ്യം. ഓക്കേ എന്ന് നൗഷാദിന്റെ മറുപടി.
ഇനിയാണ് കഥയുടെ ആന്റി ക്ലൈമാക്സ്. പിന്തിരിഞ്ഞ്, വാതിൽക്കൽ പതുങ്ങി നിൽക്കുന്ന മനുഷ്യനെ അടുത്തേക്ക് വിളിക്കും ഗായകൻ. എന്നിട്ട് ഉറക്കെ ആജ്ഞാപിക്കും: 'ഡ്രൈവർ, കൊണ്ടുവരൂ എന്റെ കാലി പാഞ്ച്...'
എന്താണീ 'കാലി പാഞ്ച്' എന്നോർത്ത് അമ്പരന്നു നിൽക്കുന്നവർക്ക് മുന്നിലേക്ക് കയ്യിലൊരു കുപ്പിയുമായി സൈഗളിന്റെ സാരഥി കടന്നുവരുന്നതാണ് പിന്നെ കാണുക. മദ്യക്കുപ്പിയാണ്. ഗ്ലാസ്സിലേക്ക് മദ്യം പകർന്ന്, നിലത്തിരിക്കുന്ന സൈഗളിന് കൈമാറും ഡ്രൈവർ. ഒറ്റ വലിക്ക് ഗ്ലാസ്സിലെ 'കാലി പാഞ്ച്' മുഴുവൻ അകത്താക്കിക്കഴിഞ്ഞാൽ സാധകം തുടങ്ങുകയായി. മൂന്നു സ്ഥായികളിലൂടെ കയറിയിറങ്ങിപ്പോകുന്ന ഒരു സ്വരസഞ്ചാരം. മതി. എല്ലാം ഓക്കേ. റെക്കോർഡിംഗിന് തയ്യാറായിക്കഴിഞ്ഞു സൈഗൾ.
പൂർണമായും മദ്യത്തിന്റെ അടിമയാണ് തന്റെ പ്രിയഗായകൻ എന്ന് ഞെട്ടലോടെ തിരിച്ചറിയുകയായിരുന്നു നൗഷാദ്. മദ്യപാന ശീലമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിലും പാട്ടു പാടുന്നതിന് മുൻപുള്ള ഈ കാലി പാഞ്ച് പ്രയോഗം പുതിയൊരറിവായി അദ്ദേഹത്തിന്. ടേക്കുകളിൽ നിന്ന് ടേക്കുകളിലേക്ക് നീളുകയാണ് റെക്കോർഡിങ്. ഓരോ ടേക്കും കഴിഞ്ഞാൽ ഡ്രൈവറെ വിളിച്ചുവരുത്തി കാലി പാഞ്ച് അകത്താക്കും സൈഗൾ. പതുക്കെപ്പതുക്കെ ഗാനം കൈവിട്ടുപോകുകയാണെന്ന് മനസ്സിലായി നൗഷാദിന്. ആ തിരിച്ചറിവ് സ്വയം ഉൾക്കൊണ്ടുകൊണ്ടാവണം, ഇടയ്ക്കിടെ ക്ഷമാപണം നടത്തും ഗായകൻ. ടേക്കുകളും 'സോറി'കളും അനന്തമായി നീണ്ടതോടെ, ഇനി നാളെ എന്നു പറഞ്ഞു റെക്കോർഡിംഗിന് തിരശീലയിടുന്നു സംഗീത സംവിധായകൻ.
'മദ്യം അകത്തുചെന്നാലേ ശ്രുതിശുദ്ധിയോടെ പാടാൻ പറ്റൂ എന്നായിരുന്നു സൈഗളിന്റെ ദൃഢവിശ്വാസം. കാലങ്ങളായി മനസ്സിലുറച്ച ധാരണയാണ്.' - നൗഷാദ് എഴുതുന്നു. 'സകല ധൈര്യവും സംഭരിച്ച് പിറ്റേന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു: കാലി പാഞ്ചിനെ പൂർണ്ണമായും അകറ്റി നിർത്തിക്കൊണ്ട് ഒന്ന് പാടി നോക്കിയാലോ? ശ്രമിച്ചു നോക്കാം, പക്ഷെ പാട്ട് മോശമാകും എന്നായിരുന്നു മറുപടി. ഒരു ഉപാധി കൂടിയുണ്ടായിരുന്നു സൈഗളിന്: 'മദ്യപിക്കാതെ പാട്ട് പാടിത്തരാം. പക്ഷേ അത് കഴിഞ്ഞാൽ മദ്യപിച്ചുകൊണ്ട് ഒന്നുകൂടി പാടി റെക്കോർഡ് ചെയ്യാൻ എന്നെ അനുവദിക്കണം.'
നൗഷാദിന് പൂർണ്ണ സമ്മതം.
ഒട്ടും മദ്യപിക്കാതെയും അത് കഴിഞ്ഞു മദ്യപിച്ചും ഒരേ പാട്ട് പാടി റെക്കോർഡ് ചെയ്തു അന്ന് സൈഗൾ. അതുവരെ പരീക്ഷിച്ചിട്ടില്ലാത്ത കാര്യം. റെക്കോർഡ് ചെയ്ത രണ്ടു വേർഷനും വഴിക്കുവഴിയായി സൈഗളിനെ കേൾപ്പിക്കുന്നു നൗഷാദ്. ഒപ്പം ഒരു വാഗ്ദാനവും: 'ഇതിൽ അങ്ങേക്ക് നല്ലതെന്ന് തോന്നുന്നത് തിരഞ്ഞെടുക്കാം. അതായിരിക്കും ഞാൻ സിനിമയിൽ ഉപയോഗിക്കുക'.
സൈഗൾ തിരഞ്ഞെടുത്തത് 'വെറുംവയറ്റിൽ' പാടിയ പാട്ട്. അതായിരുന്നു കൂടുതൽ സുന്ദരവും ഭാവദീപ്തവും. കേട്ടു നിന്നവർക്കുമുണ്ടായിരുന്നില്ല മറിച്ചൊരു അഭിപ്രായം. വലിയൊരു വെളിപാടായിരുന്നു സൈഗളിന് ആ അറിവ്. 'കഷ്ടമായി, താങ്കളെ നേരത്തെ കണ്ടുമുട്ടിയിട്ടിരുന്നെങ്കിൽ ഞാൻ മറ്റൊരു കുന്ദൻ ലാൽ സൈഗൾ ആയി മാറിയേനെ. ഇനി പറഞ്ഞിട്ടെന്തു കാര്യം...' - പിന്നീടൊരിക്കൽ തമ്മിൽ കണ്ടപ്പോൾ സൈഗൾ നൗഷാദിനോട് പറഞ്ഞു.
മദ്യപിക്കാതെ സൈഗൾ ശബ്ദം പകർന്ന ഗാനം 'ഷാജഹാനി'ൽ ഇടം നേടിയതും കാലാതിവർത്തിയായി മാറിയതും പിൽക്കാല ചരിത്രം. ആ പാട്ട് ഇതായിരുന്നു: 'ജബ് ദിൽ ഹി ടൂട്ട് ഗയാ, ഹം ജീ കേ ക്യാ കരേഗേ..'
പശ്ചാത്താപ വിവശനായി മദ്യത്തിൽ നിന്ന് പരമാവധി അകന്നു നിൽക്കാൻ ശ്രമിക്കുന്ന സൈഗളിനെയാണ് പിന്നീട് സിനിമാലോകം കണ്ടത്. 'ഷാജഹാ'ന് തൊട്ടു പിന്നാലെ പുറത്തുവന്ന 'പർവാന'യിലും ഈ ലഹരിരഹിത പരീക്ഷണം ആവർത്തിച്ചു സൈഗൾ. ഫലം മോശമായിരുന്നില്ല താനും. പക്ഷേ, ഏറെ വൈകിപ്പോയിരുന്നു അപ്പോഴേക്കും. പർവാന പുറത്തിറങ്ങുന്നതിന് മാസങ്ങൾ മുൻപ്, 1947 ജനുവരി 18 ന് സൈഗൾ യാത്രയായി; നാൽപ്പത്തി രണ്ടാം വയസ്സിൽ.
മരണശേഷവും സൈഗൾ സംഗീതമനസ്സുകളിൽ ജീവിച്ചുകൊണ്ടിരുന്നു എന്നതാണ് സത്യം. ആരാധനാപാത്രമായ സൈഗളിനെ അനുകരിച്ചു രംഗത്തെത്തിയവരായിരുന്നു പിൻഗാമികളായ യുവഗായകർ അധികവും. മുകേഷിന്റെയും സുരേന്ദ്രയുടെയും തലത്ത് മഹമൂദിന്റെയും കിഷോർ കുമാറിന്റെയുമൊക്കെ ആദ്യകാല ഗാനങ്ങളിൽ ഈ സ്വാധീനം അനുഭവിച്ചറിയാം നമുക്ക്. സൈഗളിനെ അനുകരിച്ച് മൂക്കറ്റം മദ്യം അകത്താക്കിക്കൊണ്ട് 'പഹ്‍ലി നസറി'ൽ പാടാനെത്തിയ മുകേഷിനെ സംഗീത സംവിധായകൻ അനിൽ ബിശ്വാസ് ശകാരിച്ച കഥ ഏറെ പ്രസിദ്ധം. 'കെട്ടിറങ്ങിയ' ശേഷം പാടി റെക്കോർഡ് ചെയ്ത 'ദിൽ ജൽത്താ ഹേ തോ ജൽനേ ദേ' എന്ന ഗാനമായിരുന്നു മുകേഷിന് പ്രശസ്തിയിലേക്കുള്ള ആദ്യ ചവിട്ടുപടി. പിന്നീടൊരിക്കലും മദ്യപിച്ചു വോയ്‌സ് ബൂത്തിൽ കടന്നുചെന്നില്ല മുകേഷ്.
ലഹരിക്ക് അടിപ്പെട്ട് സ്വന്തം പ്രതിഭ ധൂർത്തടിച്ചു കളഞ്ഞ ഗീതാ ദത്തിനെപ്പോലുള്ള ഗായകർ വേറെയുണ്ട്. ലിവർ സിറോസിസ് വന്ന് മരണത്തിന് കീഴടങ്ങുമ്പോൾ ഗീതക്ക് പ്രായം വെറും 41. സ്വകാര്യ ജീവിതത്തിൽ നേരിട്ട തിരിച്ചടികളാണ് ഈ അനുഗ്രഹീത ഗായികയെ മദ്യത്തിന്റെ അടിമയാക്കിയത്. ഉദാഹരണങ്ങൾ അങ്ങനെ നിരവധി.
കാലം മാറുന്നു. തലമുറകൾ മാറുന്നു. കഥ മാത്രം മാറുന്നില്ല. പഴയ 'കാലി പാഞ്ചി'ന്റെ സ്ഥാനത്ത് കൊക്കെയ്‌നും ഹെറോയിനും എം ഡി എം എയും അതിലും മാരകമായ ഉത്തരാധുനിക മയക്കുമരുന്നുകളും വന്നു എന്ന് മാത്രം. പാട്ടിലെന്തിന് ലഹരി എന്ന ചോദ്യം മാത്രം ബാക്കി. പാട്ടല്ലേ യഥാർത്ഥ ലഹരി?
Content Highlights: Kundan Lal Saigal, a legendary singer, believed intoxicant enhanced his singing. Explore his life
ABOUT THE AUTHOR
ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·