Published: October 23, 2025 11:27 AM IST
1 minute Read
തിരുവനന്തപുരം ∙ ‘രണ്ടു കയ്യും വീശ് മോനേ... എന്റെ നേരെ ചാടിക്കോ’– മിഥില ടീച്ചർ വിളിച്ചു പറഞ്ഞു. പാട്ടുകളെ സ്നേഹിക്കുന്ന, കലോത്സവത്തിൽ മാപ്പിളപ്പാട്ടിലും ലളിതഗാനത്തിലും സമ്മാനം നേടുന്ന പി.മുഹമ്മദ് റിഫൈൻ ഈ വാക്കുകൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം പോലെ ചെവിയോർത്തു. പിന്നെ പുഞ്ചിരിയോടെ, ആവേശത്തോടെ കൈവീശി 1.9 മീറ്ററിനപ്പുറത്തേക്ക് ഒരൊറ്റച്ചാട്ടം. ഓടിവന്നു കെട്ടിപ്പിടിച്ച ടീച്ചറോട് നൂറു ശതമാനം കാഴ്ചവെല്ലുവിളി നേരിടുന്ന അവൻ പറഞ്ഞു: ‘‘ ടീച്ചറിന്റെ ശബ്ദമാണ് എന്റെ ലക്ഷ്യം.’ അതുകേട്ട് മിഥിലയുടെ കണ്ണുനിറഞ്ഞൊഴുകി.
ഇൻക്ലൂസീവ് കായികമേളയിൽ 14 വയസ്സിനു മുകളിലുള്ള കുട്ടികളുടെ സ്റ്റാൻഡിങ് ലോങ്ജംപ് മത്സരത്തിൽ പങ്കെടുക്കാൻ മലപ്പുറം ജില്ലയിൽനിന്നെത്തിയ ആറു കുട്ടികളിലൊരാളാണ് റിഫൈൻ. പാലപ്പെട്ടി ജിഎച്ച്എസ്എസിലെ ഒൻപതാംക്ലാസ് വിദ്യാർഥി. പാലപ്പെട്ടി സ്കൂൾ ഉൾപ്പെടുന്ന പൊന്നാനി അർബൻ റിസോഴ്സ് സെന്ററിൽ ഭിന്നശേഷി വിദ്യാർഥികളുടെ സ്പെഷൽ എജ്യുക്കേറ്ററായി ആറു വർഷം മുൻപാണ് മിഥില എം.മോഹനൻ എത്തിയത്.
കായികമേളയിലെ താരമാണെങ്കിലും റിഫൈന്റെ മനസ്സുനിറയെ പാട്ടുകളാണ്. സംഗീത സംവിധായകനാകണമെന്നാണ് ആഗ്രഹം. പാണത്തൂർ പുതുവീട്ടിൽ പരേതനായ മുഹമ്മദിന്റെയും ആമിനയുടെയും നാലു മക്കളിൽ ഇളയവനാണ് റിഫൈൻ. ഇൻസ്റ്റഗ്രാമിൽ പാട്ടുകൾ പാടി ഇടാറുണ്ട്. അരലക്ഷത്തോളം ഫോളോവേഴ്സുമുണ്ട്. സ്വന്തമായി പാട്ടുകളെഴുതി ഈണമിടാറുമുണ്ട്. തൊട്ടടുത്തുള്ള സ്കൂളായ കെഇ എഎൽപി സ്കൂളിലെ മാനേജർ സുരേഷിന്റെ നേതൃത്വത്തിൽ റിഫൈന് ഒരു വലിയ കീബോർഡും സമ്മാനമായി നൽകി. മിഥില ടീച്ചർക്കുവേണ്ടി ഇന്നലെ സ്റ്റേഡിയത്തിലിരുന്ന് റിഫൈൻ ഒരുപാട്ടുപാടി. റിഫൈനെഴുതിയ ആ ഭക്തിഗാനത്തിന്റെ വരികൾ ഇങ്ങനെയായിരുന്നു: ‘‘ ഖൽബിൽ കുളിർ തെന്നലേകി വാഴുംനിധി... തിങ്കൾ നബി’’
English Summary:








English (US) ·