മധുരനൊമ്പരക്കാറ്റിലെ വില്ലനെക്കുറിച്ചോർക്കുമ്പോൾ ഇന്നും സങ്കടവും വേദനയും വരാറുണ്ട്- തലൈവാസൽ വിജയ്

7 months ago 6

thalaivasal vijay

തലൈവാസൽ വിജയ് | Photo: Instagram/ thalaivasalvijay

‘ദി പ്രൊട്ടക്ടർ എന്ന സിനിമയിലെ എന്റെ വേഷത്തെക്കുറിച്ച് ചോദിച്ചാൽ ഇംപാക്ട് പ്ലെയർ എന്ന് പറയാനാണ് എനിക്കിഷ്ടം. ഐപിഎൽ ക്രിക്കറ്റിന്റെ ത്രില്ലൊക്കെ നമ്മൾ ഇപ്പോൾ അനുഭവിച്ചതാണല്ലോ. തമിഴ്‌നാട് ക്രിക്കറ്റ് താരമായ ബാബാ അപരാജിത് എന്റെ മരുമകനാണ്. അവൻ കേരളത്തിനുവേണ്ടിയും ക്രിക്കറ്റ് കളിച്ചിരുന്നു. ക്രിക്കറ്റുമായി അത്തരമൊരു കുടുംബബന്ധമുള്ളതും ഇംപാക്ട് പ്ലെയർ എന്ന വാക്കിന് കൂടുതൽ അർഥം നൽകുന്നുണ്ടാകാം...’’ -തലൈവാസൽ വിജയ് സംസാരിച്ചു തുടങ്ങിയതുതന്നെ രസകരമായൊരു യോർക്കർ എറിഞ്ഞാണ്. തലൈവാസൽ എന്ന സിനിമയിൽ ബാബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തമിഴിന്റെ വെള്ളിത്തിരയിലെത്തിയ വിജയ് പിന്നെ മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയതാരമായി. ഇപ്പോൾ ഷൈൻ ടോം ചാക്കോ നായകനാകുന്ന ദി പ്രൊട്ടക്ടർ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നു, തലൈവാസൽ വിജയ്.

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
ദി പ്രൊട്ടക്ടർ എന്ന സിനിമയുടെ ടാഗ് ലൈൻ തന്നെ വളരെ ആഴവും അർഥവുമുള്ളതാണ്. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന വാചകത്തിൽത്തന്നെ ഈ സിനിമയെ നിങ്ങൾക്ക് ഒരർഥത്തിൽ വായിച്ചെടുക്കാം. വടക്കേ മലബാറിലെ പ്രശസ്തമായ മനയ്ക്കൽ മനയിലെ നിഗൂഢതകളിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. ബ്രിട്ടീഷ് ഭരണാധികാരികളുടെ വിശ്വസ്തർകൂടിയായിരുന്ന മനയ്ക്കൽ മനയിലെ ദുരൂഹതകളുടെ പിന്നാമ്പുറങ്ങളിൽ ഞെട്ടിപ്പിക്കുന്ന പലകഥകളുമുണ്ട്. അവിടെ അരങ്ങേറിയ വലിയദുരന്തങ്ങളുടെ ചുരുൾനിവർത്താൻ സിഐ സത്യ എത്തുന്നതിലൂടെ ഉരുത്തിരിയുന്ന സത്യങ്ങളാണ് ഈ സിനിമ പറയുന്നത്. എന്റെ കഥാപാത്രം ഞാൻ നേരത്തേ പറഞ്ഞതുപോലെ ഒരു ഇംപാക്ട് പ്ലെയറാണ്. ക്രിക്കറ്റിൽ ഇംപാക്ട് പ്ലെയർ വന്നശേഷം ആ മാച്ച് ടീം ജയിച്ചോ എന്നതുപോലെത്തന്നെയാണ് എന്റെ കഥാപാത്രത്തെ ഈ സിനിമയിൽ അന്വേഷിക്കേണ്ടത്. രസകരമായി ഇതിലെ കഥാപാത്രത്തെ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

പേടി ഒരു അനുഭവമാണ്
പേടി എന്നത് നമുക്ക് അനുഭവിക്കുമ്പോൾ മാത്രം മനസ്സിലാകുന്ന ഒന്നാണ്. പൂർണമായും ഹൊറർ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ സിനിമയുടെ ചിത്രീകരണംപോലും എനിക്ക് വലിയൊരു അനുഭവമായിരുന്നു. ജി.എം. മനു സംവിധാനംചെയ്യുന്ന സിനിമയിൽ ഷൈൻ ടോം ചാക്കോയാണ് സി.ഐ. സത്യയെ അവതരിപ്പിക്കുന്നത്. ഷൈനുമൊത്തുള്ള അഭിനയം വളരെ രസകരമായിരുന്നു. ഈ സിനിമയുടെ നിർമാതാവ് റോബിൻസ് മാത്യു മികച്ചരീതിയിൽ സിനിമ എടുക്കണമെന്നും അത് പൂർത്തിയാക്കണമെന്നും ആഗ്രഹിച്ച് പ്രവർത്തിക്കുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാനായത് എനിക്ക് മികച്ച അനുഭവങ്ങളാണ് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ ഈ സിനിമ എന്നെസംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷകൾ നൽകുന്നതാണ്. മലയാളത്തിൽ ഇനിയുമേറെ സിനിമകളിൽ അഭിനയിക്കണമെന്ന ആഗ്രഹത്തിന് ഒരിക്കൽക്കൂടി അടിവരയിട്ടാണ് ദി പ്രൊട്ടക്ടർ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് ഞാൻ മടങ്ങിയത്.

മറക്കാത്ത മധുരനൊമ്പരക്കാറ്റ്
തമിഴിൽ തലൈവാസൽ എന്ന സിനിമയിൽ അഭിനയിച്ചാണ് ഞാൻ സിനിമാ കരിയറിന് തുടക്കമിട്ടതെങ്കിലും മലയാള സിനിമ എന്നത് എനിക്കുമുന്നിൽ തുറക്കപ്പെടാത്ത വാതിൽതന്നെയായി ഏറെക്കാലം തുടർന്നിരുന്നു. സിനിമയിൽ എന്നെ സഹായിക്കാൻ അധികമാരുമില്ലാതിരുന്നതിനാൽത്തന്നെ മലയാള സിനിമാ പ്രവേശം വൈകിയതിൽ ഒരിക്കലും അദ്‌ഭുതം തോന്നിയതുമില്ല. മലയാളത്തിൽ അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നെങ്കിലും അതിനുവേണ്ടി ആരെ സമീപിക്കണമെന്നോ എന്തുചെയ്യണമെന്നോ അറിയാത്തതുതന്നെയായിരുന്നു പ്രശ്നം. 1992-ൽ തമിഴ് സിനിമയിൽ അരങ്ങേറ്റംകുറിച്ച എനിക്ക് 2000-ത്തിലാണ് മലയാളത്തിൽനിന്നൊരു വിളിവരുന്നത്. കമൽസാറിന്റെ മധുരനൊമ്പരക്കാറ്റ് എന്ന സിനിമയിലേക്ക് ക്ഷണം വന്നപ്പോൾ മറ്റൊന്നും ചിന്തിക്കാതെ അതേറ്റെടുക്കാൻ ഞാൻ റെഡിയായതിനു പിന്നിൽ ഒറ്റക്കാരണമേയുണ്ടായിരുന്നുള്ളൂ. കമൽ എന്ന സംവിധായകന്റെ വില എന്താണെന്ന് എനിക്ക് ശരിക്കറിയാമായിരുന്നു. കൽക്കി പരമേശ്വർ എന്ന കഥാപാത്രത്തെയാണ് ഞാൻ ആ സിനിമയിൽ അവതരിപ്പിച്ചത്. എന്നാൽ, ഞാൻ ഒരിക്കലും ചെയ്യാൻ ആഗ്രഹിക്കാതിരുന്ന ഒരു വില്ലൻ കഥാപാത്രമായിരുന്നു അത്. ഇന്നും എനിക്ക് മധുരനൊമ്പരക്കാറ്റിലെ വില്ലനെക്കുറിച്ചോർക്കുമ്പോൾ സങ്കടവും വേദനയും വരാറുണ്ട്.

യുഗപുരുഷനും മേൽവിലാസവും
മലയാളത്തിൽ അഭിനയിച്ചതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടു സിനിമകൾ യുഗപുരുഷനും മേൽവിലാസവുമാണ്. യുഗപുരുഷൻ എന്ന സിനിമയിൽ ശ്രീനാരായണ ഗുരുവിന്റെ വേഷം ചെയ്യണമെന്നു പറഞ്ഞപ്പോൾ എനിക്ക് ഒന്നും മനസ്സിലായില്ല. ശ്രീനാരായണ ഗുരു ആരാണെന്ന് സത്യത്തിൽ എനിക്കറിയില്ലായിരുന്നു. ഇന്നത്തെപ്പോലെ അന്ന് ഗൂഗിൾ സെർച്ചുചെയ്ത് ഗുരുവിനെപ്പറ്റി പഠിക്കാനൊന്നും പറ്റുമായിരുന്നില്ലല്ലോ. സിനിമയുടെ സംവിധായകനായ സുകുമാരൻ സാറാണ് ഗുരുവിനെപ്പറ്റി കുറച്ചുകാര്യങ്ങൾ പറഞ്ഞുതന്നത്. കുറെ മീറ്റിങ്ങുകൾക്കും ചർച്ചകൾക്കും ശേഷം ഒരുദിവസം എന്നോട് ഗുരുവിന്റെ വേഷം ധരിക്കാൻ അദ്ദേഹം പറഞ്ഞു. പട്ടണം റഷീദിന്റെ മേക്കപ്പിനുശേഷം പുറത്തുവന്നപ്പോൾ എല്ലാവരും പറഞ്ഞു, ഞാൻ ശരിക്കും നാരായണഗുരുവായെന്ന്. മമ്മൂട്ടിസാർ എന്നെ കണ്ടതും അതുതന്നെ പറഞ്ഞതാണ് ഏറ്റവും വലിയ ആത്മവിശ്വാസമേകിയത്. സുരേഷ് ഗോപിയോടൊത്തുചെയ്ത മേൽവിലാസം എന്ന സിനിമയിലെ അനുഭവവും അവിസ്മരണീയമായിരുന്നു. ഒരു കോടതിമുറിയിലാണ് അതിലെ ക്ലൈമാക്‌സ് സീൻ ചിത്രീകരിക്കേണ്ടിയിരുന്നത്. പട്ടാളക്കാരന്റെ ഫുൾ യൂണിഫോം ധരിച്ച് ആ സിനിമയിൽ അഭിനയിച്ച നിമിഷങ്ങൾ എനിക്ക് ജീവിതത്തിൽ മറക്കാനാകാത്തതാണ്.

ജീവിതം എത്ര രസകരം
ജീവിതത്തെ വളരെ രസകരമായി സമീപിക്കണമെന്ന് കരുതുന്ന ഒരാളാണ് ഞാൻ. സിനിമയിൽ എത്തുമെന്ന് ഒരിക്കലും കരുതാതിരുന്ന ഞാൻ ഒടുവിൽ അവിടെയെത്തിയത് ജീവിതം സമ്മാനിച്ച രസകരമായ നിയോഗമാകാം. കോളേജ് പഠനകാലത്ത് ജിംനാസ്റ്റിക്‌സിലും ഹോക്കിയിലുമൊക്കെ വന്നതും മറ്റൊരു നിയോഗമായിട്ടാണ് ഞാൻ കരുതുന്നത്. കോളേജിനടുത്തുള്ള വൈഎംസിഎയിൽവെച്ച് പരിചയപ്പെട്ട പ്രഭാകരൻ എന്നയാളാണ് എന്നെ ജിംനാസ്റ്റിക്‌സിലേക്ക് കൊണ്ടുപോയത്. അക്കാലത്ത് ജിംനാസ്റ്റിക്‌സ് എന്നത് അത്ര പോപ്പുലറായ ഗെയിമായിരുന്നില്ല. കോളേജ് പഠനകാലത്ത് അത്‌ലറ്റിക്‌സ് ചെയ്തിരുന്ന ഞാൻ പിന്നീട് ഹോക്കിയിലെത്തിയതും യാദൃച്ഛികമായിരുന്നു. നല്ല സ്റ്റാമിനയും വേഗവും സ്‌കില്ലുമൊക്കെവേണ്ട ഗെയിമാണ് ഹോക്കി. സ്‌പോർട്‌സ് ഒരാളുടെ ജീവിതത്തിൽ നിർബന്ധമായും വേണ്ട ഒന്നാണെന്നാണ് എന്റെ വിശ്വാസം. കാരണം നമ്മുടെ ജീവിതം രസകരവും മനോഹരവുമാക്കുന്നതിൽ സ്‌പോർട്‌സിന് വലിയ പങ്കുണ്ട്.

Content Highlights: Thalaivasal Vijay discusses his impactful relation successful Malayalam movie `The Protector`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article