മധുവിധു

1 month ago 6

മുജീബുര്‍റഹ്മാന്‍ കരിയാടന്‍

പെണ്ണ് വാഴാത്ത വീടെന്ന ചീത്തപ്പേരുള്ള എത്രയോ വീടുകളും സിനിമകളുമുണ്ട്. മേലേപറമ്പിലെ ആണ്‍വീടുപോലെ ആണുങ്ങള്‍ മാത്രമുള്ള വീടും അവിടുത്തെ ജീവിതവും അവിടേക്ക് പിന്നാലെ പിന്നാലെ ഓരോ പെണ്ണുമെത്തുന്നതും അതുണ്ടാക്കുന്ന രസകരമായ സംഭവങ്ങളുമായി രണ്ടു മണിക്കൂറും അഞ്ചുമിനുട്ടും പ്രേക്ഷകരെ ഇരുത്തി ആസ്വദിപ്പിക്കുകയാണ് മധുവിധു.

കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ അഭിനേതാക്കളെ കണ്ടെത്തിയതാണ് ഈ ചിത്രം ആദ്യം തന്നെ പ്രേക്ഷകരുമായി ചേര്‍ന്നു നില്‍ക്കുന്ന ഘടകം. സ്വന്തം വീട്ടിലെ കു്ട്ടിയെന്ന് പ്രേക്ഷകര്‍ക്ക് അനുഭവിപ്പിക്കുന്ന ഷറഫുദ്ദീന്‍ ഈ സിനിമയിലും ആ റേഞ്ചിലൂടെയാണ് സഞ്ചരിക്കുന്നത്. ഷറഫുദ്ദീനോട് കട്ടക്ക് നിന്ന് അസീസ് നെടുമങ്ങാടും വ്‌ളോഗര്‍ സഞ്ജുവും. റീലുകളിലൂടെ കാഴ്ചക്കാര്‍ക്ക് പരിചിതനായ സഞ്ജുവിന് സിനിമയില്‍ ലഭിക്കുന്ന ആദ്യ മുഴുനീള കഥാപാത്രമാണ് മധുവിധുവിലെ ജിജോ തങ്കച്ചന്‍. അസീസിനെ പോലുള്ള ഇരുത്തംവന്ന അഭിനേതാവിനോടൊപ്പം സഞ്ജു പിടിച്ചുനില്‍ക്കുന്നുണ്ട്.

നടി ബിന്ദു പണിക്കരുടെ മകള്‍ കല്ല്യാണി പണിക്കര്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് മധുവിധു. പുതുമുഖ താരത്തിന്റെ വേവലാതികളൊന്നുമില്ലാതെ തഴക്കം വന്ന അഭിനേത്രിയുടെ മികവ് കല്ല്യാണി പണിക്കര്‍ പ്രകടമാക്കുന്നുണ്ട്. അമ്മ ബിന്ദു പണിക്കര്‍ കൂടി വേഷമിട്ടിട്ടുള്ള സിനിമയില്‍ സായ് കുമാര്‍ അവതരിപ്പിച്ച മാര്‍ക്കോസിന്റെ മകള്‍ സ്‌നേഹ മാര്‍ക്കോസായാണ് കല്ല്യാണി പണിക്കര്‍ സിനിമയിലുള്ളത്.

ആഞ്ഞിലിമൂട്ടില്‍ തറവാടെന്ന പഴയ കുടുംബ വീടിന്റെ ചുമരില്‍ തൂങ്ങുന്ന ഫോട്ടോകളിലൂടെയാണ് സിനിമ കഥ പറയുന്നത്. തലമുറകള്‍ മാറി വന്നപ്പോള്‍ 'ചുമരില്‍ പടമായവര്‍ക്കും' തറവാട്ടിലെ പുതിയ അംഗങ്ങള്‍ക്കും ഒരേ മുഖച്ഛായയുണ്ട്, അതവര്‍ തിരിച്ചറിയുന്നില്ലെങ്കിലും!

ആണ്‍കഥാപാത്രങ്ങളാണ് സിനിമയില്‍ കൂടുതലുള്ളത്. നായികയെ മാറ്റി നിര്‍ത്തിയാല്‍ നടിമാരുടെ എണ്ണം താരതമ്യേന കുറവാണ് ഈ സിനിമയില്‍. എങ്കിലും സ്ത്രീ കഥാപാത്രങ്ങളില്ലെന്ന് തോന്നിക്കുകയും ചെയ്യുന്നില്ല.

ആഞ്ഞിലിമൂട്ടിലെ അമ്മു എന്ന അമൃതരാജിന് കുടുംബം പെണ്ണന്വേഷിച്ചു നടക്കുമ്പോള്‍ പെണ്ണില്ലാത്ത വീട്ടില്‍ വധുവായെത്താന്‍ ആരും താത്പര്യം കാണിക്കുന്നില്ല. അമൃതരാജ് പോയിക്കണ്ട 28 പെണ്‍കുട്ടികളുടേയും കുടുംബങ്ങള്‍ 'നോ' പറയുന്നിടത്താണ് അയാള്‍ പോലും വിചാരിക്കാത്തൊരു സന്ദര്‍ഭത്തില്‍ ഒരു പെണ്‍കുട്ടി താത്പര്യമുണ്ടെങ്കില്‍ കല്ല്യാണം കഴിക്കാമോ എന്നു ചോദിക്കുന്നത്.

ഒരു മിനുട്ടുപോലും ബോറടിപ്പിക്കാതെ സിനിമ മുമ്പോട്ടു പോകുന്നുണ്ട്. ഒന്നു രണ്ടു രംഗങ്ങള്‍, മകന്‍ ഓര്‍ഡര്‍ കൊടുത്ത കട്ടില്‍ അച്ഛന്‍ പണം കൊടുത്തു വാങ്ങുന്നത് പോലുള്ളത്, അങ്ങനെയല്ലാതെ മറ്റൊരു തരത്തില്‍ സമീപിക്കാമായിരുന്നില്ലേ എന്നു തോന്നിപ്പിക്കുന്നുണ്ട്. പക്ഷേ, മൊത്തത്തിലെടുത്താല്‍ ആസ്വദിച്ച് കാണാനാവുന്ന ചിത്രമാണ് മധുവിധു.

നിലവാരമുള്ള തമാശകള്‍, ജീവിതം തൊടുന്നതുപോലുള്ള സംഭാഷണങ്ങള്‍, ഹിഷാം അബ്ദുല്‍ വഹാബിന്റെ കേള്‍വിക്കാരനെ കൂടെ നിര്‍ത്തുന്ന സംഗീതം, വിശ്വജിത്ത് ഒടുക്കത്തിലിന്റെ ഭംഗിയുള്ള ക്യാമറ, ക്രിസ്റ്റി സെബാസ്റ്റിയന്റെ എഡിറ്റിംഗ് തുടങ്ങി പ്രേക്ഷകനെ ആകര്‍ഷിക്കുന്ന സിനിമയ്ക്ക് ആവശ്യമായ എല്ലാ ഗുണങ്ങളും മധുവിധുവിനുണ്ട്.

madhuvidhu og

മധുവിധുവിലെ നായകന്‍ ഷറഫുദ്ദീന്റെ അമൃതരാജാണെങ്കിലും ജഗദീഷിന്റെ രാജ്കുമാറും അസീസ് നെടുമങ്ങാടിന്റെ അംബരീഷും സഞ്ജു മധുവിന്റെ ജിജോ തങ്കച്ചനുമെല്ലാം ഏകദേശം എല്ലാ സീനുകളിലും വരുന്നുണ്ട്. നായകന് സമാനമായ വേഷങ്ങളാണ് ഇവരും കൈകാര്യം ചെയ്തിരിക്കുന്നത്.

കര്‍ണാടകയില്‍ ജോലിയായിരുന്ന അച്ഛന്‍ കന്നഡ സിനിമയുടെ കടുത്ത പ്രേമിയായതുകൊണ്ടാണ് മക്കള്‍ക്ക് കന്നഡ സൂപ്പര്‍ താരങ്ങളായ രാജ്കുമാറിന്റേയും അംബരീഷിന്റേയും പേര് നല്‍കിയത്.

ഇതുപോലുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമോ എന്നുചോദിച്ചാല്‍ യാതൊരു സാധ്യതയുമില്ലെന്നേ പറയാനാവു. എന്നാല്‍ അങ്ങനെയെങ്ങാന്‍ സംഭവിക്കുകയാണെങ്കില്‍ തീര്‍ച്ചയായും കാര്യങ്ങളെല്ലാം മധുവിധു പോലെ തന്നെയായിരിക്കും വരിക.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് മധുവിധു നിര്‍മിച്ചത്. ബാബവേട്ടന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശാന്തകുമാര്‍, മാളവിക കൃഷ്ണദാസ് എന്നിവര്‍ ചിത്രത്തിന്റെ സഹനിര്‍മാതാക്കളാണ്. ഷൈലോക്ക്, മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ സിനിമകളുടെ രചിയാതാക്കളായ ബിബിന്‍ മോഹനും ജയ് വിഷ്ണുവും ചേര്‍ന്നാണ് മധുവിധുവിന്റെ രചന നിര്‍വഹിച്ചത്.

തുടക്കം മുതല്‍ പ്രേക്ഷകര്‍ക്ക് ചിരി സമ്മാനിക്കുന്ന മധുവിധു അവസാനം വരെ അത് നിലനിര്‍ത്തുന്നതില്‍ വിജയിക്കുന്നുണ്ട്. ആര്‍ത്തലച്ച് ചിരിക്കുന്നതിനപ്പുറം പ്രേക്ഷകര്‍ക്ക് ഉള്ളറിഞ്ഞ് ചിരിക്കാനുള്ള വകയാണ് ഈ സിനിമയില്‍ ഒരുക്കിവെച്ചിരിക്കുന്നത്.

ചിരി മാത്രമല്ല, പ്രണയവും വിരഹവും വേദനയും സന്തോഷവും ദുഃഖവുമെല്ലാം ഇടകലര്‍ത്തി പല വിധത്തിലുള്ള പ്രേക്ഷകരെ ഒരുപോലെ ആകര്‍ഷിക്കാനും മധുവിധുവിന് കഴിയും.

ആഞ്ഞിലിമൂട്ടില്‍ അമൃതരാജും രാജ്കുമാറുമായി വരുന്നതിനോടൊപ്പം ഷറഫുദ്ദീനും ജഗദീഷും സിനിമയിലെ പ്രധാനപ്പെട്ട മറ്റു രണ്ടുവേഷങ്ങളില്‍ കൂടി പ്രത്യക്ഷപ്പെടുന്നുണ്ട്. അതോടൊപ്പം ഉര്‍വശിയും വിനീത് ശ്രീനിവാസനും അതിഥി താരങ്ങളായും വരുന്നു. നടന്‍ ശ്രീനിവാസന് അഞ്ജലികള്‍ അര്‍പ്പിച്ചാണ് സിനിമ ആരംഭിക്കുന്നത്. രണ്ടാം ഭാഗത്തിനൊരു സാധ്യതയുണ്ടോ എന്ന സന്ദേഹം കൂടി പ്രേക്ഷകരിലേക്കിട്ടാണ് സിനിമ അവസാനിപ്പിക്കുന്നത്.

അശ്വിനി പി

ഓതറിനെ കുറിച്ച്

അശ്വിനി പി

സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ

Read Entire Article