Published: January 18, 2026 10:25 AM IST
1 minute Read
ബുലവായോ ∙ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ– ബംഗ്ലദേശ് മത്സരത്തിലെ ടോസിനു മുൻപായി ഇരു ടീം ക്യാപ്റ്റൻമാരും പരസ്പരം ഹസ്തദാനം നടത്താതിരുന്നതിൽ വിശദീകരണവുമായി ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി). ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയും ബംഗ്ലദേശ് താൽക്കാലിക നായകൻ സവാദ് അബ്രാറുമാണ് ടോസ് സമയത്ത് പരസ്പരം ഹസ്തദാനം നടത്താതിരുന്നത്. എന്നാൽ ഹസ്തദാനം നടത്താതിരുന്നത് മനഃപൂർവമല്ലെന്നും ആ സമയത്തുണ്ടായ വീഴ്ചയാണെന്നും ബിസിബി അധികൃതർ വ്യക്തമാക്കി. മത്സരശേഷം ഇരു ടീമിലെയും താരങ്ങൾ പരസ്പരം കൈ കൊടുക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ 18 റൺസിനു വിജയിച്ചിരുന്നു.
രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഹസ്തദാനം നടത്താതിരുന്നതെന്നായിരുന്നു റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് ബിസബി വിശദീകരണവുമായി രംഗത്തെത്തിയത്. നേരത്തെ ഇന്ത്യ, പാക്കിസ്ഥാൻ ടീം ക്യാപ്റ്റൻമാരും ഏഷ്യാ കപ്പ് മത്സരങ്ങളിൽ നോ ഹാൻഡ്ഷെയ്ക് പോളിസി സ്വീകരിച്ചിരുന്നു. ഇതിനു ശേഷം വനിതാ ഏകദിന ലോകകപ്പിലും അണ്ടർ 19 ഏഷ്യാ കപ്പിലും പാക്കിസ്ഥാനെതിരെ ഇന്ത്യ ഇതേ നയമാണ് സ്വീകരിച്ചത്. പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവയുടെ പശ്ചാത്തലത്തിലാണ് കളിക്കളത്തിലും പാക്കിസ്ഥാനുമായുള്ള സൗഹൃദം ഇന്ത്യ ഉപേക്ഷിച്ചത്.
ഇന്ത്യ– ബംഗ്ലദേശ് നയതന്ത്ര സംഘർഷങ്ങളെ തുടർന്ന് ബംഗ്ല പേസർ മുസ്തഫിസുർ റഹ്മാനെ ഈ വർഷത്തെ ഐപിഎൽ ക്രിക്കറ്റിൽനിന്ന് ഒഴിവാക്കിയതോടെയാണ് ക്രിക്കറ്റ് രാഷ്ട്രീയത്തിലും സംഘർഷം ആരംഭിച്ചത്. ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായതോടെ ബിസിസിഐ ഇടപെട്ടാണ് മുസ്‌തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽനിന്ന് ഒഴിവാക്കാൻ നിർദേശം നൽകിയത്. ഇതിനു പിന്നാലെ ബംഗ്ലദേശിൽ ഐപിഎൽ സംപ്രേക്ഷണം വിലക്കുകയും അടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ഇല്ലെന്നും തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) രംഗത്തെത്തുകയും ചെയ്തു.
English Summary:








English (US) ·