'മനുഷ്യത്വരഹിതം'; 'തല്ല്' വീഡിയോ പുറത്തുവിട്ട ലളിത് മോദിക്കെതിരേ ശ്രീശാന്തിന്റെ ഭാര്യ

4 months ago 5

30 August 2025, 10:43 AM IST

sreesanth-wife-slams-lalit-modi-slapgate-video

Photo: Screengrab/ youtube.com/@Beyond23CricketPod, facebook.com/sreesanth36

ന്യൂഡല്‍ഹി: 2008-ലെ വിവാദമായ ഹര്‍ഭജന്‍ സിങ് - ശ്രീശാന്ത് 'തല്ലു കേസി'ന്റെ പൂര്‍ണമായ ദൃശ്യങ്ങള്‍ പുറത്തുവിട്ടതില്‍ മുന്‍ ഐപിഎല്‍ കമ്മിഷണര്‍ ലളിത് മോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി. കഴിഞ്ഞദിവസം മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കുമൊത്തുള്ള ബിയോണ്ട് 23 പോഡ്കാസ്റ്റിലൂടെയാണ് മോദി 18 വര്‍ഷം മുമ്പുള്ള, ഇതുവരെ ആരും കാണാത്ത ഈ വീഡിയോ ലളിത് മോദി പുറത്തുവിട്ടത്. സംഭവത്തില്‍ മൈക്കല്‍ ക്ലാര്‍ക്കിനെതിരെയും ഭുവനേശ്വരി രൂക്ഷവിമർശനമുന്നയിച്ചു.

'ലളിത് മോദി, മൈക്കല്‍ ക്ലാര്‍ക്ക് നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. ചീപ് പബ്ലിസിറ്റിക്കും വ്യൂസിനുമായി 2008-ല്‍ നടന്ന ഒരു കാര്യത്തെ ഇപ്പോള്‍ വലിച്ചിഴച്ച നിങ്ങള്‍ മനുഷ്യരല്ല. ശ്രീശാന്തും ഹര്‍ഭജനും അതെല്ലാം മറന്ന് മുന്നോട്ടുപോയിരിക്കുകയാണ്. ഇന്ന് അവര്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ അച്ഛന്‍മാരാണ്. എന്നിട്ടും നിങ്ങള്‍ അവരെ ആ പഴയ മുറിവിലേക്ക് വലിച്ചെറിയാന്‍ ശ്രമിക്കുകയാണ്. അത് തികച്ചും വെറുപ്പുളവാക്കുന്നതും ഹൃദയശൂന്യവും മനുഷ്യത്വരഹിതവുമാണ്', ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഭുവനേശ്വരി കുറിച്ചു

വീഡിയോ പുറത്തുവന്നത് കുടുംബത്തെ ഏറെ വേദനിപ്പിച്ചുവെന്നും ഭുവനേശ്വരി വ്യക്തമാക്കി. ഇത് കളിക്കാരെ വേദനിപ്പിക്കുക മാത്രമല്ല ഇത് തങ്ങളുടേതല്ലാത്ത തെറ്റിന്റെ പേരില്‍ ചോദ്യങ്ങളും നാണക്കേടും നേരിടേണ്ടിവരുന്ന അവരുടെ നിരപരാധികളായ കുട്ടികളെ മുറിവേല്‍പ്പിക്കുന്നത് കൂടിയാണ്. അതിനാല്‍ ഇരുവര്‍ക്കുനെതിരേ കേസെടുക്കണമെന്നും ഭുവനേശ്വരി ആവശ്യപ്പെട്ടു.

മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ സിങ് അന്നത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം 2008-ല്‍ ഐപിഎല്‍ പ്രഥമ സീസണിനെ വിവാദത്തിലാക്കിയ ഒന്നായിരുന്നു. അന്ന് ഹര്‍ഭജനെ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഈ സംഭവം കഴിഞ്ഞ് 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്നത്തെ സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നത്.

Content Highlights: Bhuvneshwari criticizes Lalit Modi and Michael Clarke for releasing the 2008 `slapgate` video

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article