മലയാളികള്‍ക്ക് എക്കാലത്തേയും ആക്ഷന്‍ ക്വീനാണ് വാണി വിശ്വനാഥ്. നായകനോളം മാസ് കാണിക്കുന്ന നായികാ കഥാപാത്രങ്ങള്‍ ചെയ്ത് അവര്‍ മലയാളി പ്രേക്ഷകരുടെ പ്രിയ്യപ്പെട്ട താരമായി മാറി. ഒന്നരപതിറ്റാണ്ടോളം സിനിമയില്‍നിന്ന് മാറി നിന്ന വാണി വിശ്വനാഥ് തിരിച്ചുവരവിലും തന്റെ പ്രകടനംകൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്. 'റൈഫിള്‍ ക്ലബ്ബി'ലെ ഇട്ടിയാനമായി വന്ന് ഞെട്ടിച്ച വാണി, ശ്രീനാഥ് ഭാസി നായകനാകുന്ന 'ആസാദി'യിലൂടെ വീണ്ടും മറ്റൊരു മികച്ച വേഷവുമായെത്തുന്നു. യൂണിഫോമിലല്ലെങ്കിലും മലയാളിക്ക് പരിചിതമായ പോലീസ് വേഷത്തിലാണ് വാണി വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത്. 'ആസാദി'യുടെ പശ്ചാത്തലത്തില്‍ അവര്‍ മാതൃഭൂമി ഡോട്ട്‌കോമുമായി സംസാരിച്ചതില്‍നിന്ന്...
ആസാദിയിലേക്ക്
മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങിയപ്പോള്‍ ആദ്യം വന്ന അവസരം 'ആസാദി'യാണ്. അതിനുശേഷമാണ് 'റൈഫിള്‍ ക്ലബ്ബ്' വന്നത്. എന്നാല്‍, പ്രദര്‍ശനത്തിനെത്തിയത് 'റൈഫിള്‍ ക്ലബ്ബും' അതിഥിവേഷം ചെയ്ത 'ഒരു അന്വേഷണത്തിന്റെ തുടക്ക'വുമായിരുന്നു.
എനിക്ക് ഇഷ്ടപ്പെട്ടതും മലയാളി പ്രേക്ഷകരില്‍ എന്നെ സ്നേഹിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടുന്നതുമായ വേഷമാണ് 'ആസാദി'യിലേത്. സസ്പെന്‍ഷനിലുള്ള പോലീസ് ഓഫീസറുടെ വേഷമാണ് കൈകാര്യംചെയ്യുന്നത്. എനിക്കും ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തിനുമിടയിലെ വാക്കുതര്‍ക്കവും മത്സരവുമൊക്കെയായാണ് കഥ പുരോഗമിക്കുന്നത്.
തിരക്കഥാകൃത്ത് സാഗര്‍ വഴിയാണ് ചിത്രത്തിലേക്കെത്തുന്നത്. ആദ്യം ത്രെഡ് പറഞ്ഞു. കഥ മുഴുവനായി കേള്‍ക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സാഗറും സംവിധായകന്‍ ജോ ജോര്‍ജും ചെന്നൈയിലെ വീട്ടില്‍ വന്ന് കഥ പറഞ്ഞു. അങ്ങനെയാണ് ചിത്രത്തിന്റെ ഭാഗമാവുന്നത്.
മധുരക്കാരിയായ റാണി എന്ന കഥാപാത്രത്തെയാണ് 'ആസാദി'യില്‍ അവതരിപ്പിക്കുന്നത്. മലയാളം നന്നായി സംസാരിക്കുമെങ്കിലും റാണിയുടെ സംഭാഷണത്തില്‍ തമിഴ് കടന്നുവരും. അത്തരമൊരു പോലീസ് വേഷമാണ് ചിത്രത്തിലേത്.
.jpg?$p=d96ec31&w=852&q=0.8)
പോലീസ് യൂണിഫോമിലെ വാണി
ഈ പടത്തില്‍ പോലീസ് യൂണിഫോമില്‍ അല്ല. അത് മാത്രമേ എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് നിരാശതോന്നുന്ന കാര്യമുള്ളൂ. പ്രേക്ഷകര്‍ വാണി വിശ്വനാഥില്‍നിന്ന് പ്രതീക്ഷിക്കുന്ന കഥാപാത്രം തന്നെയാണ് 'ആസാദി'യിലേത്. കഥാപാത്രത്തിന്റേയും അഭിനയത്തിന്റേയും കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നതാവും 'ആസാദി'യിലെ വേഷം. അടുത്ത പടങ്ങളില്‍ ഉറപ്പായും യൂണിഫോമില്‍ കാണാം.
ശ്രീനാഥ് ഭാസി, ലാല്‍
ചിത്രത്തില്‍ ശ്രീനാഥിന്റേതും ലാല്‍ സാറിന്റേതും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന, ശ്രീനാഥിന്റെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാവും 'ആസാദി'യിലേത്.
ലാല്‍ സാറിനെ 'മാന്നാര്‍മത്തായി സ്പീക്കിങ്' മുതല്‍ അറിയാം. അവരുടെ നിര്‍മാണത്തിലും സംവിധാനത്തിനും തിരക്കഥയിലുമുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല, എല്ലാത്തിലും ബെസ്റ്റ് ആണല്ലോ ലാല്‍ സര്‍.
പൂര്‍ണ്ണഗര്‍ഭിണിയായുള്ള വേഷമാണ് ശ്രീനാഥ് ഭാസിയുടെ ഭാര്യയായി അഭിനയിക്കുന്ന രവീണ രവി കൈകാര്യംചെയ്യുന്നത്. അതും മികച്ചൊരു കഥാപാത്രമാണ്.
മാന്നാര്‍ മത്തായി സ്പീക്കിങ്, സിദ്ധിഖ്, ലാല്‍
സിദ്ധിഖ് സര്‍ കൂടെയില്ലാത്തത് വലിയ വിഷമമാണ്. 'ആസാദി'യുടെ ആദ്യത്തെ ലൊക്കേഷനില്‍ തന്നെ ലാല്‍ സാറിനെ കണ്ടപ്പോള്‍ അത് പറഞ്ഞു. ഞങ്ങള്‍ രണ്ടുപേര്‍ക്കും വിഷമമുള്ള കാര്യമാണ് സിദ്ധിഖ് സാറിന്റെ വിയോഗം. എന്റെ ആദ്യത്തെ മലയാളം സിനിമയില്‍തന്നെ അവരെ രണ്ടുപേരേയും ഒരുമിച്ചാണ് ഞാന്‍ കാണുന്നത്. എന്നാല്‍, ഇപ്പോള്‍ മലയാളത്തിലേക്ക് തിരിച്ചുവന്ന് ആദ്യത്തെ സിനിമയുടെ ലൊക്കേഷനില്‍ പോവുമ്പോള്‍ ലാല്‍ സാറുണ്ട് പക്ഷേ, സിദ്ധിഖ് സര്‍ ഇല്ല. അത് വളരെ വിഷമകരമായ അവസ്ഥയായിരുന്നു.
പുതിയ പിള്ളേര്
ന്യൂജെന്‍ പിള്ളേരില്‍ എല്ലാവരും വിസ്മയിപ്പിക്കുന്ന അഭിനേതാക്കളാണ്. നായികമാരുടേതാണെങ്കിലും നായകന്മാരുടേതാണെങ്കിലും വളരെ വ്യത്യസ്തമായ വേഷങ്ങളാണ് ഇന്നത്തേത്. പണ്ട് കൂടുതലും ഹീറോയിസം ഉള്ള വേഷങ്ങളാണ് ചെയ്തിരുന്നത്. അന്ന് ഹീറോയിസത്തിന് വളരെ പ്രാധാന്യമുണ്ടായിരുന്നു. ഇന്ന് പലതരത്തിലുള്ള വേഷങ്ങള്‍ പുതിയ തലമുറയിലുള്ളവര്‍ നന്നായി അവതരിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ളവര്‍ക്കൊപ്പം അഭിനയിക്കുക എന്നത് നമുക്ക് വെല്ലുവിളി നല്‍കുന്ന കാര്യമാണ്. കൂടെ അഭിനയിക്കുക എന്നത് സന്തോഷവും.
മാറി നിന്ന കാലം
സിനിമയില്‍ അഭിനയിക്കുന്നില്ല എന്നേ ഉണ്ടായിരുന്നുള്ളൂ. ജീവിതം സിനിമയുടെ കൂടെ തന്നെയായിരുന്നു. ബാബുവേട്ടന്‍ സിനിമയിലാണ്, നമ്മളും അടിസ്ഥാനപരമായി സിനിമാക്കാരാണ്. എന്നാല്‍, സിനിമയേക്കാള്‍ സന്തോഷം തരുന്ന മറ്റൊരു കാര്യത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു. മക്കളെ നോക്കുന്നതും അവരെ സ്‌കൂളില്‍ കൊണ്ടുവിടുന്നതും ഉള്‍പ്പെടെ സന്തോഷം കൂടുതല്‍ തോന്നുന്ന ഇടത്തേക്ക് മാറി എന്നേയുള്ളൂ.
മകള്‍ ഇപ്പോള്‍ മെഡിസിന് പഠിക്കുന്നു. മകന്‍ 12-ാം ക്ലാസിലാണ്. അവര്‍ വളര്‍ന്നപ്പോള്‍ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചുവരാം എന്ന് കരുതിയെന്ന് മാത്രം.
ഈ കാലയളവില്‍ സിനിമ മിസ് ചെയ്തു എന്ന് പറയാന്‍ പറ്റില്ല. സിനിമയേക്കാള്‍ സന്തോഷം തരുന്ന കാര്യത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു എന്നുമാത്രം. പക്ഷേ, 'റൈഫിള്‍ ക്ലബ്ബ്' കണ്ട എല്ലാവരും ഒരേപോലെ പറഞ്ഞത്, തിരിച്ചുവരവ് കുറച്ചുകൂടെ നേരത്തേ ആവാമായിരുന്നു എന്നാണ്. അതുകേട്ടപ്പോള്‍, കുറച്ച് നേരത്തെ അഭിനയിക്കാമായിരുന്നു, കുറച്ചുവര്‍ഷങ്ങള്‍ വെറുതേ കളയേണ്ടായിരുന്നു എന്ന് എനിക്കും തോന്നി.
തിരിച്ചുവരവിലെ ഇട്ടിയാനം
തിരിച്ചുവരവില്‍ 'റൈഫിള്‍ ക്ലബ്ബി'ലെ ഇട്ടിയാനത്തിന് കിട്ടിയ സ്വാഗ് ചെറുതല്ല. പടത്തിലെ ഇന്‍ട്രോയും 'ആണുങ്ങള്‍ ആരുമില്ലേ' എന്ന് ചോദിക്കുമ്പോള്‍ എന്നെ കൊണ്ടുവന്ന രീതിയുമെല്ലാം നന്നായി സ്വീകരിക്കപ്പെട്ടു. ശരിക്കും എനിക്ക് എന്‍ട്രിക്ക് ആവശ്യമുള്ളൊരു ഡയലോഗ് തന്നെയായിരുന്നു അത്. എന്നെ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന ഡയലോഗുമായി എന്‍ട്രി കിട്ടിയതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.
ഏത് കഥാപാത്രത്തിന് ആരെ വേണമെന്ന് അറിയാവുന്ന സംവിധായകനാണ് ആഷിഖ് അബു. വാണി വിശ്വനാഥ് എന്റെ ചിത്രത്തില്‍ അഭിനയിക്കണം എന്ന് ആഷിഖ് അബു പറഞ്ഞപ്പോള്‍ പിന്നെ മറ്റ് സംശയമൊന്നും തോന്നിയില്ല, ഇട്ടിയാനം എനിക്ക് പറ്റിയ കഥാപാത്രം തന്നെയാണെന്ന് എനിക്കുറപ്പായിരുന്നു.
'ആണുങ്ങള്‍ ആരുമില്ലേ' എന്ന് ചോദിക്കുമ്പോള്‍, വാണിക്ക് ദേഷ്യം വരും, അവരെ തിരിച്ചുപറഞ്ഞു വിടും എന്നും മാത്രമാണ് എന്നോട് നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍, അത് ചിത്രത്തില്‍ വന്നപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. അത്രയും മാത്രം മതി, ഫൈറ്റോ ഒന്നുമില്ലാതെ തന്നെ ആ സീന്‍ വലിയ ഇംപാക്ട് ഉണ്ടാക്കി.
എന്റേതായി ഞാന്‍ കാര്യമായി ആ സീനില്‍ ഒന്നും ചെയ്തിട്ടില്ല. ആഷിഖ് അബുവും ശ്യാംപുഷ്‌കരനും പറഞ്ഞു തന്നു, അത് ഞാന്‍ ചെയ്തു. അത്രയേയുള്ളൂ.
ബാബുരാജിന് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, വാണിക്ക് റൈഫിള്‍ ക്ലബ്
ബാബുവേട്ടന് വലിയൊരു ബ്രേക്ക് കൊടുത്ത ചിത്രമായിരുന്നു 'സോള്‍ട്ട് ആന്‍ഡ് പെപ്പര്‍'. ചിത്രത്തിലൂടെ അദ്ദേഹത്തിന് ആഷിഖ് അബു ഒരു ചെയ്ഞ്ച് കൊടുത്തു. 'റൈഫിള്‍ ക്ലബ്ബി'ല്‍ എനിക്ക് ഡ്രസ്സിങ് കൊണ്ടും ക്യാരക്ടര്‍ കൊണ്ടും ഇട്ടിയാനം കുറച്ചു വ്യത്യസ്തയാണെങ്കിലും, ആ കഥാപാത്രത്തിന്റെ ഉള്ളിന്റെ ഉള്ളില്‍ ഒരു വാണി വിശ്വനാഥ് തന്നെയാണ്. വാണി വിശ്വനാഥിന്റെ പഴയ കഥാപാത്രങ്ങള്‍ തന്നെയാണ് അതില്‍ ഒളിഞ്ഞുകിടക്കുന്നത്.
'ആക്ഷന്‍ ക്വീന്‍'
മമ്മൂക്ക, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരെ എതിര്‍ക്കുന്ന സ്ത്രീ കഥാപാത്രങ്ങള്‍ക്ക് അന്ന് ഞാനായിരുന്നു ആദ്യ ചോയ്സ്. അതുതന്നെയായിരുന്നു എന്റെ സന്തോഷവും. ആ വേഷങ്ങള്‍ ചലഞ്ചിങ്ങുമായിരുന്നു. സൂപ്പര്‍സ്റ്റാറുകളെ എതിര്‍ക്കുന്ന വേഷങ്ങള്‍ എനിക്ക് ഇഷ്ടവുമായിരുന്നു.
എങ്കിലും ആ ചിത്രങ്ങളില്‍ ഹീറോയിസത്തിനായിരുന്നു പ്രാധാന്യം. അത്തരം വേഷങ്ങള്‍ എനിക്കും വേണമെന്ന് തോന്നിയപ്പോഴാണ് ഞാനും ആക്ഷന്‍ ചെയ്യാന്‍ തുടങ്ങിയത്. ആക്ഷന്‍ നായികയിലേക്കുള്ള ചുവടുമാറ്റം അങ്ങനെയായിരുന്നു.
'അതാണ് സന്തോഷം'
അത്തരം വേഷങ്ങള്‍ ചെയ്തതുകൊണ്ടുമാത്രമാണ് എന്നെ ഇപ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്നത്. നായകന്റെ പെട്ടി എടുക്കുന്ന, ചായയുണ്ടാക്കിക്കൊടുക്കുന്ന നായികാ വേഷങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ആളുകള്‍ ഓര്‍ക്കുമായിരുന്നില്ല. നായകന്മാരെ എതിര്‍ക്കുന്ന, സ്ത്രീകള്‍ക്കുനേരെ അതിക്രമം കാണിക്കുന്നവരെ നേരിടുന്ന വേഷങ്ങള്‍ ചെയ്തതുകൊണ്ടാണ് പ്രേക്ഷകര്‍ എന്നെ ഓര്‍ത്തിരിക്കുന്നത്. ഞങ്ങള്‍ക്ക് പ്രതികരിക്കാന്‍ പറ്റാത്തത് വാണി ചേച്ചിയിലൂടെ സാധിച്ചുവെന്ന് പല സ്ത്രീകളും എന്നോട് പറഞ്ഞിട്ടുണ്ട്. അത് കേള്‍ക്കുമ്പോഴുള്ള സന്തോഷം വേറെയാണ്. നിങ്ങള്‍ വാണി വിശ്വനാഥിനെപ്പോലെയാവണമെന്ന് അമ്മ പറയാറുണ്ടായിരുന്നുവെന്ന് ഒരു പെണ്‍കുട്ടി എന്നോട് വന്നുപറഞ്ഞു. അതൊക്കെ കേള്‍ക്കുന്നതല്ലേ ഏറ്റവും വലിയ സന്തോഷം? അന്ന് കുഞ്ഞുകുട്ടികള്‍ക്ക് മാതൃകയാക്കാന്‍ പറഞ്ഞുകൊടുത്തിരുന്നത് എന്റെ പേരാണ്. വാണി വിശ്വനാഥിനെപ്പോലെയാകണമെന്ന് പറഞ്ഞ് കുട്ടികളെ വളര്‍ത്തിയ അമ്മമാരുണ്ടെന്ന് കേള്‍ക്കുന്നത് സന്തോഷകരമാണ്.

മാറി നിന്നതിന് പിന്നില്‍ മടുപ്പല്ല
ഒരേ തരത്തിലുള്ള വേഷങ്ങളാണെങ്കിലും മടുപ്പ് തോന്നിയിരുന്നില്ല. അത്തരം വേഷങ്ങള്‍ ചെയ്യാന്‍ അന്ന് മറ്റാളുകള്‍ ഉണ്ടായിരുന്നില്ല. അന്നത്തെ നായികമാര്‍ മിക്കവരും ഒരേപോലെയുള്ള വേഷങ്ങളായിരുന്നു ചെയ്തുകൊണ്ടിരുന്നത്. അതില്‍നിന്ന് വ്യത്യസ്തമായ വേഷങ്ങളായിരുന്നു എനിക്ക് ലഭിച്ചുകൊണ്ടിരുന്നത്. ചെയ്യാന്‍ മറ്റാളുകള്‍ ഇല്ലാത്തതുകൊണ്ട് അത്തരം വേഷങ്ങള്‍ എന്നെ തേടിയെത്തും. ഇഷ്ടപ്പെട്ടാല്‍ സമയമുണ്ടെങ്കില്‍ ഞാനത് ഏറ്റെടുക്കും.
ഏതുവേഷവും ചെയ്യും
തിരിച്ചുവരവില്‍ ഏതുവേഷവും ചെയ്യാന്‍ തയ്യാറാണ്. അമ്മ വേഷമാണെങ്കില്‍ പോലും ചെയ്യും. പക്ഷേ, മലയാളം പ്രേക്ഷകര്‍ എത്രത്തോളം ഏറ്റെടുക്കുമെന്ന് അറിയില്ല. എങ്കിലും എന്റെ പരമാവധി കൊടുക്കാന്‍ ഞാന്‍ തയ്യാറാവും. ഏതുതരം വേഷമാണെങ്കിലും അതിനൊരു പ്രാധാന്യമുണ്ടാവണം. സാധാരണ ഒരു അമ്മയായി വന്നുപോവുന്നതല്ലാതെ, ആ കഥാപാത്രത്തിന് ചിത്രത്തില്‍ പ്രാധാന്യമുണ്ടാവണം. അത്തരം കഥാപാത്രങ്ങളാണെങ്കില്‍ അമ്മ വേഷങ്ങളെന്നല്ല അമ്മൂമ്മയാവാനും തയ്യാറാണ്.
നല്ലവേഷങ്ങളുമായി തുടരും
തിരിച്ചുവരവില്‍ മൂന്ന് മലയാള ചിത്രങ്ങള്‍ക്കൊപ്പം തെലുങ്കില്‍ 'രാജധാനി ഫയല്‍സ്' എന്ന പേരില്‍ ഒരു ചിത്രം ചെയ്തിരുന്നു. പൊളിറ്റിക്കല്‍ ഡ്രാമയായിരുന്നു ചിത്രം. അന്നത്തെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചിത്രം വലിയ വിവാദമായി.
മലയാളത്തില്‍ അടുത്ത പ്രൊജക്ടുകള്‍ക്കായി കഥകള്‍ കേള്‍ക്കുന്നുണ്ട്. ഒരുപാട് ചിത്രങ്ങള്‍ ചെയ്യണം എന്നതിനേക്കാള്‍, ചെയ്യുന്നവ 'ആസാദി'യും 'റൈഫിള്‍ ക്ലബ്ബും' പോലെ നല്ലതാവണം എന്ന ആഗ്രഹമാണുള്ളത്. 'ആസാദി' നന്നായി വരുമെന്ന് തന്നെയാണ് പ്രതീക്ഷ.
Content Highlights: Vani Viswanath connected her Comeback and Azadi Role | Interview
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·