മമ്മൂട്ടി- ജോമോൻ ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം; 'സാമ്രാജ്യം' 4K ഡോൾബി അറ്റ്മോസിൽ വീണ്ടുമെത്തുന്നു

5 months ago 5

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനംചെയ്ത് 1990-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ 'സാമ്രാജ്യ'ത്തിന്റെ 4K ഡോള്‍ബി അറ്റ്‌മോസ് പതിപ്പ് റീ റിലീസ് ചെയ്യുന്നു. സെപ്റ്റംബറിലാണ് ചിത്രത്തിന്റെ റീ റിലീസ്. ചിത്രം 4K ഡോള്‍ബി അറ്റ്‌മോസിലേക്കു മാറ്റുന്നതിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. ആരിഫ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജ്മല്‍ ഹസന്‍ നിര്‍മിച്ച ചിത്രം രചിച്ചത് ഷിബു ചക്രവര്‍ത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ചിത്രമായാണ് 'സാമ്രാജ്യം' പ്രദര്‍ശനത്തിനെത്തിയത്. അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ നിര്‍മാണ ചെലവ് വന്ന ചിത്രമാണിത്.

മമ്മൂട്ടിയെ സ്‌റ്റൈലിഷ് നായകനായി അവതരിപ്പിച്ച ചിത്രം അതിന്റെ മേക്കിങ് മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ബെന്‍സ് കാറുകളും മറ്റും യഥേഷ്ടം ഉപയോഗിച്ച ചിത്രം സ്‌റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു. കേരളത്തില്‍ ഒതുങ്ങി നില്‍ക്കാതെ തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നൂറും ഇരുനൂറും ദിവസങ്ങള്‍ തകര്‍ത്തോടിയ ചിത്രം സ്ലോ മോഷന്റെ ഗംഭീരമായ ഉപയോഗം കൊണ്ടും സിനിമാസ്വാദകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടി. ഗാനങ്ങള്‍ ഇല്ലാതെ, ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നല്‍കിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഗാനങ്ങള്‍ ഇല്ലാത്തതിനാല്‍ ആദ്യം ചിത്രത്തില്‍ നിന്ന് പിന്മാറിയ ഇളയരാജ, പിന്നീട് ചിത്രം കണ്ട് അമ്പരന്നു പോവുകയും അതിനു ശേഷം പശ്ചാത്തല സംഗീതം നല്കാന്‍ തയ്യാറാവുകയുമാണുണ്ടായത്.

ജയാനന്‍ വിന്‍സെന്റ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചത് കെ.പി. ഹരിഹരപുത്രന്‍ ആണ്. മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റന്‍ രാജു, അശോകന്‍, വിജയരാഘവന്‍, ശ്രീവിദ്യ, സോണിയ, സത്താര്‍, ജഗന്നാഥ വര്‍മ, സാദിഖ്, സി.ഐ. പോള്‍, ബാലന്‍ കെ. നായര്‍, പ്രതാപചന്ദ്രന്‍, ജഗന്നാഥന്‍, ഭീമന്‍ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Content Highlights: Mammootty blockbuster Samrajyam (1990) is getting a 4K Dolby Atmos re-release

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article