വ്യത്യസ്തമായ പ്രമേയവും വ്യത്യസ്തമായ ആഖ്യാനരീതിയുമാണ് മഹേഷ് നാരായണൻ എന്ന സംവിധായകന്റെ കൈയൊപ്പ്. മാലിക്, ടേക്ക് ഓഫ്, അറിയിപ്പ് എന്നിവയെല്ലാം ഇതിന് സാക്ഷ്യങ്ങളാണ്...
മലയാളത്തിന്റെ രണ്ട് മഹാനടന്മാർ ഒന്നിക്കുന്ന ചിത്രം പണിപ്പുരയിലാണ്. ചിത്രം നൽകുന്ന പ്രതീക്ഷകൾ
ഏതാണ്ടൊരു അറുപതുശതമാനത്തോളം ഷൂട്ടിങ് കഴിഞ്ഞു. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം വലിയൊരു താരനിരയുണ്ട്. മറ്റൊന്നും പുറത്തുപറയാനായിട്ടില്ല. കൊമേഴ്‌സ്യൽ എലമന്റുകളുള്ള സിനിമയാണ്. നല്ല അധ്വാനം ആവശ്യമായിവന്നിട്ടുണ്ട് ഈ സിനിമയ്ക്കുപിന്നിൽ. തിയേറ്ററിൽ ആസ്വദിക്കാൻകഴിയുന്ന മെയിൻസ്ട്രീം ചിത്രമാണ്. എന്നാൽ, എന്റെരീതിയിലുള്ള സിനിമയുമാണ്.
ഈ സിനിമയ്ക്കൊപ്പം തന്നെയാണ് തലവര പ്രൊഡ്യൂസ് ചെയ്യുന്നതും. സംവിധായകന്റെയും നിർമാതാവിന്റെയും റോൾ ഒരേസമയം കൈകാര്യംചെയ്യുന്നത് എങ്ങനെയാണ്
22-നാണ് തലവര തിയേറ്ററിലെത്തുന്നത്. തലവര കുറച്ചുകാലം മുൻപുതന്നെ തുടങ്ങിയ വർക്കാണ്. അതിന്റെ പ്രീപ്രൊഡക്‌ഷൻ വർക്കുകളെല്ലാം കഴിഞ്ഞാണ് മറ്റേ സിനിമയുടെ വർക്കിലേക്കു തിരിയുന്നത്. ബാക്കിക്കാര്യങ്ങളെല്ലാം സഹനിർമാതാവായ ഷെബിൻ ബക്കറാണ്. ഇനി പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകളാണ് എനിക്കുള്ളത്.
തലവരയെപ്പറ്റി
അർച്ചന 31 നോട്ട് ഔട്ടിന്റെ സംവിധായകനായിരുന്ന അഖിലാണ് തലവരയുടെ സംവിധായകൻ. വരുംകാല സംവിധായകരിലെ പ്രതീക്ഷയുണർത്തുന്ന ഒരാളാണ്. അഖിലിന്റെ അനുഭവത്തിൽനിന്നുള്ള കഥയാണ്. ഇതിലെ നായകൻ, അർജുൻ അശോകൻ ചെയ്യുന്ന കഥാപാത്രം വിറ്റിലിഗോയുള്ള വ്യക്തിയാണ്. അത്തരം ഒരാളുടെ ജീവിതവും എല്ലാമാണ് കഥ. മാത്രമല്ല വലിയൊരു വിഷയമാണെങ്കിലും അത് ലൈറ്റായി പറയാനുള്ള പുതിയതലമുറയുടെ ഒരു കഴിവുണ്ടല്ലോ, അത് ഈ സിനിമയിലും ടീമിലുമെല്ലാമുണ്ട്. ചെറുപ്പക്കാരുടെ ആ കഴിവ് വലിയകൗതുകമാണ്, രസകരമാണ്.
അറിയിപ്പ്, ടെയ്ക്ക് ഓഫ്, മാലിക്... എല്ലാം നടന്ന കഥകൾ അടിസ്ഥാനമാക്കിയ സിനിമകളാണ്. എങ്ങനെയാണ് അത് സംഭവിക്കുന്നത്
ഞാൻ ചെയ്യുന്ന സിനിമകളെല്ലാം എന്നെ സ്പർശിച്ച ഒരു സംഭവമോ കഥയോ അനുഭവമോ ആയി ബന്ധപ്പെട്ടവയാണ്. കാതലുള്ള സിനിമകൾ ഉണ്ടാക്കണം എന്ന ആഗ്രഹത്തിൽനിന്നാണ് അത് സംഭവിക്കുന്നത്. സിനിമകൾ തമ്മിൽ സാമ്യംതോന്നരുതെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. ടെയ്‌ക്ക് ഓഫ് പോലെയല്ല മാലിക്, അതുപോലെയല്ല അറിയിപ്പ്. അറിയിപ്പ് ഒരു അക്കാദമിക് താത്‌പര്യത്തിൽ ചെയ്ത സിനിമയാണ്. മോഹൻലാലും മമ്മൂട്ടിയും വേഷമിടുന്ന ചിത്രം വലിയ ഓഡിയൻസിനെ പ്രതീക്ഷിക്കുന്ന ബിഗ്ബജറ്റ് കൊമേഴ്‌സ്യൽ സിനിമയാണ്. എങ്കിലും അതിൽ എന്റെയൊരു ഐഡന്റിറ്റി കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
ക്യാമറയ്ക്കുപിന്നിലെ എല്ലാകാര്യങ്ങളിലും കൈവെച്ചിട്ടുണ്ട്. എഡിറ്റിങ്, സ്‌ക്രിപ്റ്റ്, സംവിധാനം, നിർമാണം. അഭിനയത്തിലേക്കുണ്ടോ
ഇല്ല... എഡിറ്ററായി വന്നയാളാണ് ഞാൻ. ഫിലിം സ്‌കൂളിൽ എഡിറ്റിങ്ങാണ് പഠിച്ചത്. ഇൻഡസ്ട്രിയിൽ എത്തി, വിശ്വരൂപം, ബ്യൂട്ടിഫുൾ, എന്നു നിന്റെ മൊയ്തീൻ, ട്രാഫിക് അങ്ങനെ എഡിറ്റിങ്ങായിരുന്നു ആദ്യത്തെ മേഖല. ഒരു സിനിമ എഡിറ്റുചെയ്ത് കഴിഞ്ഞാണ് സിനിമ സംവിധാനം ചെയ്താലോ എന്നുതോന്നുന്നത്. ട്രാഫിക്കിന്റെ സംവിധായകൻ രാജേഷ് പിള്ളയാണ് മിലി എന്ന സിനിമ എഴുതിച്ചത്. ശരിക്കും ഞാൻ ആദ്യം എഴുതിയ, സംവിധാനം ചെയ്യാനാഗ്രഹിച്ച ചിത്രം മാലിക് ആയിരുന്നു. അത് ആ സമയത്ത് നടന്നില്ല. ഒഴുക്കിനൊപ്പം പോകുന്നയാളാണ് ഞാൻ. പിന്നീട് മലയൻ കുഞ്ഞ് സ്‌ക്രിപ്റ്റും ക്യാമറയും ഞാൻ ചെയ്തു. ഇനി വരുന്ന കാലം ഇൻഡിപെൻഡന്റ് ആർട്ടിസ്റ്റുകളുടേതാണ്. അങ്ങനെ മാറണം. ഒരാൾക്ക് എല്ലാം ചെയ്യാൻപറ്റണം. അതിനുവേണ്ടിയാണ് എല്ലാം ചെയ്യാൻശ്രമിക്കുന്നത്.
അത്തരം ഒരു മാറ്റത്തിന്റെ ഭാഗമായാണോ സീ യു സൂൺ എന്ന ചിത്രം വന്നത്
അതെ. മൊബൈൽ ഫോൺകൊണ്ട് സിനിമയുണ്ടാക്കാൻ പറ്റുമോ എന്ന ചിന്തയിൽനിന്നാണ് ആ സിനിമ. കോവിഡ് കാലത്തായിരുന്നു ആ പരീക്ഷണം. അന്ന് എല്ലാവർക്കുമൊരു വർക്ക് ഫ്രം ഹോം കാലമുണ്ടായിരുന്നു. സിനിമയിലും ഒരു വർക്ക് ഫ്രം ഹോം ഉണ്ടെന്ന് തെളിയിച്ച സംഭവമായിരുന്നു അത്.
സൗഹൃദങ്ങൾ സിനിമയിലെ വളർച്ചയ്ക്ക് മുതൽക്കൂട്ടാവാറുണ്ടോ
പരീക്ഷണങ്ങൾ നടത്താൻ സുഹൃത്തുക്കൾ നമ്മളെ പ്രോത്സാഹിപ്പിക്കും. സീ യു സൂൺ ചെയ്യാൻ ഫഹദ്, അറിയിപ്പിന്റെ സമയത്ത് ചാക്കോച്ചൻ... നിങ്ങൾ ഇങ്ങനെയൊരു കഥ ആലോചിക്ക് എന്നൊക്കെ പറഞ്ഞ് പിന്നിൽനിന്ന് പ്രോത്സാഹിപ്പിക്കാൻ സുഹൃത്തുക്കളുള്ളത് ഒരുപാട് ഗുണംചെയ്യാറുണ്ട്. ഇപ്പോൾ ചെയ്യുന്ന മമ്മൂട്ടി-മോഹൻലാൽ സിനിമയുടെ പിന്നിലും അത്തരമൊരു പ്രോത്സാഹനമുണ്ട്. ഫഹദാണ് ഈ സിനിമചെയ്യാൻ പ്രചോദനം. മോഹൻലാലിനെയോ മമ്മൂട്ടിയെയോ മനസ്സിൽക്കണ്ടല്ല സിനിമ പ്ലാൻചെയ്തത്. എന്നാൽ, കഥയറിഞ്ഞപ്പോൾ ഫഹദാണ് മമ്മൂക്കയോടൊക്കെ പറയാൻ നിർദേശിച്ചത്. ഓരോ സിനിമയിൽ വർക്കുചെയ്യുമ്പോഴും അതിലെ ആളുകളുമായി നല്ലൊരു ബന്ധം സൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്. നമ്മുടെ ഒരു ചിത്രംചെയ്ത നിർമാതാവ് അടുത്തചിത്രത്തിനും നമുക്കൊപ്പം നിൽക്കാൻ തയ്യാറാവുന്നത് വലിയ കാര്യമാണല്ലോ.
മഹേഷ് നാരായണന്റെ ചിത്രങ്ങളിൽ ഏറെയും ഫഹദ് ആണല്ലോ നായകൻ
സുഹൃത്തുകൂടി ആയതിനാൽ ഫഹദിന് എന്റെ ഐഡിയാസ് വേഗം മനസ്സിലാവും. അദ്ദേഹം പറയുന്നത് എനിക്കും വേഗം പിടികിട്ടും. എന്റെ മനസ്സിലുള്ള കഥകളെല്ലാംതന്നെ അദ്ദേഹത്തിനറിയാം. ആ ഒരു കണക്‌ഷൻ ഞങ്ങൾതമ്മിലുണ്ട്.
ഒരുപാട് സിനിമകൾ ചെയ്തുകൂട്ടുന്ന ഒരാളല്ല താങ്കൾ. ഓരോ സിനിമയ്ക്കും വേണ്ടിയുള്ള തയ്യാറെടുപ്പുകൾ എങ്ങനെയാണ്
ഒരു നടനെവെച്ചൊരു സിനിമചെയ്യണം എന്നു കരുതിയല്ല ഞാൻ എഴുതുന്നത്. എഴുതിക്കഴിഞ്ഞ് കഥാപാത്രത്തിന് പറ്റുന്നയാളെ തീരുമാനിക്കുകയാണ് ചെയ്യുന്നത്. എണ്ണം കൂട്ടുന്നതിലും കാര്യമില്ല. പഴയതുപോലെയല്ല. ഓരോ സിനിമയും ഉണ്ടാക്കാൻ കഷ്ടപ്പാടുകൾ കൂടുതലാണ്. ആദ്യത്തെ സിനിമയുടെ സമയത്ത് അനുഭവിച്ച സ്ട്രെയിൻ അതേ അളവിൽ ഇപ്പോഴും ഞാൻ അനുഭവിക്കുന്നുണ്ട്. അത് ഞാൻ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.
മലയാളസിനിമയിൽ മാറ്റത്തിന്റെ ഏടുകൾ തുറന്ന സിനിമകളാണ് ചെയ്തവയെല്ലാം. എന്നാൽ, വിവാദങ്ങളിലേക്കു വീണ സിനിമകൾ ഇല്ലതാനും. എങ്ങനെയാണ് ആ ബാലൻസ് സൂക്ഷിക്കുന്നത്.
നടന്ന സംഭവങ്ങളെ വളച്ചൊടിക്കാതെ ചെയ്യാൻ ശ്രമിക്കാറുണ്ട്. പക്ഷേ, ഞാനൊരു ഡോക്യുമെന്ററി സംവിധായകനല്ല, ഫിക്‌ഷൻ സംവിധായകനാണ്. അതുകൊണ്ട് വിഷയങ്ങളിൽ വരുത്തുന്ന മാറ്റങ്ങളുമുണ്ട്. എങ്കിലും അവ സാധാരണക്കാരിലേക്ക് ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ എത്തിക്കാനുള്ള പരിശ്രമവും നടത്താറുണ്ട്. സീ യു സൂൺ ചെയ്യുമ്പോൾ അത് ആളുകൾ കാണുമോ, ചെറിയ സ്‌ക്രീനിൽ ആ ടെക്‌സ്റ്റുകൾ വായിക്കുമോ എന്നൊക്കെ സംശയംതോന്നിയിരുന്നു. പക്ഷേ, സിനിമയുടെ അഭിപ്രായം വന്നപ്പോൾ അത് ആളുകളിലേക്ക് എത്തുന്നുണ്ട് എന്ന് മനസ്സിലായി. ഓരോ സിനിമ ചെയ്യുമ്പോഴും അത്തരം വിലയിരുത്തലുകൾ നടത്താറുണ്ട്.
സിനിമയിലൂടെ ഇന്നത്തെ രാഷ്ട്രീയം ചർച്ചചെയ്യാൻ ശ്രമിക്കുന്നുണ്ടല്ലോ
ഓരോ മനുഷ്യന്റെയും രാഷ്ട്രീയം അയാൾ ജീവിക്കുന്ന ചുറ്റുപാടുകൾക്കനുസരിച്ചാണ്. അത് സിനിമയിൽ അഡ്രസ് ചെയ്യാതെ പറ്റില്ല. അത് ഏതുതരത്തിൽ, എത്രയളവിൽ എന്നതാണ് പ്രധാനം. എന്നാൽ, എല്ലാ സിനിമയിലും അങ്ങനെയൊന്ന് ചർച്ചചെയ്യണമെന്ന് വാശിപിടിക്കാനും പറ്റില്ല. വാണിജ്യസിനിമകൾ ചെയ്യുമ്പോൾ അത്തരം ഉത്തരവാദിത്വങ്ങളെ മാറ്റിവെക്കേണ്ടിവരും. എങ്കിലും രാഷ്ട്രീയം ചർച്ചചെയ്യുക എന്ന വെല്ലുവിളി ഞാൻ ഏറ്റെടുക്കാറുണ്ട്. അതിന് മടിയൊന്നുമില്ല.
ഒടിടി റിലീസുകളുടെ കാലമാണ്. ബിഗ് സ്‌ക്രീനിൽനിന്ന് സിനിമ ചെറിയ സ്‌ക്രീനിലേക്ക് ഒതുക്കേണ്ടിവരുന്നുണ്ട്. അതൊരു വെല്ലുവിളിയാണോ
ഡിജിറ്റലിനുവേണ്ടി ഒരു സിനിമയേ ചെയ്തിട്ടുള്ളൂ, സീ യു സൂൺ. പക്ഷേ, മാലിക്ക് ഒടിടി റിലീസ് ചെയ്യേണ്ടിവന്നു. അത് തിയേറ്ററിലേക്കുവേണ്ടി ചെയ്തതാണ്. കോവിഡ് കാലമായിരുന്നു. രണ്ടുവർഷത്തോളം ആ സിനിമ പെട്ടിയിലിരുന്നു. കോവിഡ് കാലത്ത് കേരളത്തിലാണ് തിയേറ്ററുകൾ ആദ്യം അടച്ചതും ഏറ്റവും ഒടുവിൽ തുറന്നതും. ആ സമയത്ത് നിർമാതാക്കൾക്ക് വലിയ സാമ്പത്തികപ്രതിസന്ധി നേരിടേണ്ടിവന്നിട്ടുണ്ട്. അത്തരത്തിൽ പ്രതിസന്ധിനേരിട്ട സിനിമയായിരുന്നു മാലിക്കും. ഞങ്ങളുടെ നിർമാതാവിന് മുടക്കുമുതലെങ്കിലും കിട്ടണമെന്ന തോന്നലിലാണ് അത് ഒടിടിയിൽ റിലീസ് ചെയ്തത്. അതിന്റെ ഏറ്റവും സങ്കടം അനുഭവിച്ചത് ആ സിനിമയുടെ ശബ്ദമേഖലയിൽ പ്രവർത്തിച്ചവരാണ്. മ്യൂസിക് ചെയ്ത സുഷിൻ, ശബ്ദമിശ്രണം ചെയ്ത വിഷ്ണു... വിഷ്ണുവിന് ഈ സിനിമയിൽ നാഷണൽ അവാർഡ് കിട്ടി. പക്ഷേ, അവാർഡ് കമ്മിറ്റി മാത്രമേ ഈ സിനിമ തിയേറ്ററിൽ കണ്ടിട്ടുള്ളൂ. പിന്നീട് എപ്പോഴെങ്കിലും മാലിക്ക് തിയേറ്ററിൽ റീറിലീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മലയൻകുഞ്ഞിന്റെ തിരക്കഥ ഞാനായിരുന്നു. ആദ്യം ഒടിടിയിലേക്ക് പ്ലാൻചെയ്ത ആ ചിത്രത്തിലേക്ക് സംഗീതസംവിധായകനായി എ.ആർ. റഹ്‌മാൻ വന്നപ്പോഴാണ് ആ സിനിമയുടെ തിയേറ്റർ സാധ്യതകൾ ഞങ്ങൾ ചിന്തിച്ചത്. രണ്ടു പ്ലാറ്റ്ഫോമും ഒന്നിച്ചുപോകണം എന്നാണ് എനിക്കുതോന്നുന്നത്. രണ്ടിലും രണ്ടു സ്വഭാവത്തിലുള്ള സിനിമകളാണ്. തിയേറ്ററിൽ കാണേണ്ടവ അവിടെത്തന്നെ കാണണം. പഴയതുപോലെയല്ല, ആളുകളെ തിയേറ്ററിലേക്ക് എത്തിക്കുക ബുദ്ധിമുട്ടാണ്. പണ്ടൊക്കെ കഥ തുടങ്ങി ഇരുപതാമത്തെ മിനിറ്റിലായിരിക്കും കഥയുടെ പുരോഗതി മാറുക. ഇന്നത് അഞ്ചാമത്തെ മിനിറ്റിൽ സംഭവിക്കണം. ആളുകൾക്ക് അത്രയും ക്ഷമയില്ല. മൊബൈൽ ഫോണിൽ എല്ലാ എന്റർടെയിൻമെന്റും അവർക്ക് കിട്ടും. അതിലും ആസ്വാദനനിലവാരം കൂടിയ കാര്യങ്ങളുണ്ടെങ്കിലേ സിനിമകാണാൻ ആളുണ്ടാവൂ.
സിനിമകൾക്കുവേണ്ടി റഫറൻസ്, റോൾ മോഡൽ... അങ്ങനെ താങ്കളെ സ്വാധീനിക്കുന്ന ആളുകളുണ്ടോ
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സുഹൃത്തുക്കൾ എന്നും സ്വാധീനിച്ചവരാണ്. അവരാണ് എക്കാലത്തെയും സുഹൃത്തുക്കളും പിന്തുണയും. എഡിറ്ററായി തുടങ്ങിയതുകൊണ്ട് ഒരുപാട് സംവിധായകർക്കൊപ്പവും എഴുത്തുകാർക്കൊപ്പവും വർക്കുചെയ്യാൻ പറ്റി. ഒരു സംശയംവന്നാൽ കണ്ണുമടച്ച് അവരെയൊക്കെ വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അവരെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. ആരോഗ്യകരമായ സംവാദങ്ങളിലൂടെ സിനിമ രൂപപ്പെടുന്നത് ഞാൻ കണ്ടത് ഈ സംവിധായകരുടെ അടുത്തുനിന്നാണ്.
ദേശീയ സിനിമാപുരസ്‌കാരം വലിയൊരു വിവാദത്തിലേക്കും ചർച്ചയിലേക്കും എത്തിയിരുന്നു. പുരസ്‌കാരങ്ങളാണോ സിനിമയുടെ നില നിർണയിക്കുന്നത്
അവാർഡ് എന്നത് ഒരു കമ്മിറ്റി തീരുമാനിക്കുന്നതാണ്. ആ കമ്മിറ്റിയിലെ ആളുകളുടെ ടേസ്റ്റ് അനുസരിച്ചായിരിക്കും തിരഞ്ഞെടുക്കപ്പെടുന്ന സിനിമകളും. അവരുടെ രാഷ്ട്രീയമൊക്കെ അതിൽ വരും. അതിനെതിരേ നമ്മൾ സംസാരിക്കുന്നതിൽ കാര്യമില്ല. ഒരു പ്രത്യേക ഭരണകൂടം നമ്മളെ ഭരിക്കുമ്പോൾ അവരുടേതായ തീരുമാനങ്ങളും അജൻഡകളും എല്ലാ മേഖലയിലും വരാം. അവാർഡല്ല ഇനിയുള്ളകാലത്ത് ഒരു സിനിമയുടെ മൂല്യം നിർണയിക്കുന്നതെന്നാണ് എന്റെ വിശ്വാസം. നമ്മുടെ പ്രേക്ഷകർ ആരാണെന്നറിഞ്ഞ് അവർക്കുവേണ്ടി സിനിമ നിർമിക്കുകയാണുവേണ്ടത്. നമ്മുടെ സിനിമ അവരിലേക്ക് എത്തുന്നുണ്ടോ എന്നറിഞ്ഞാൽമതി.
ഇനിയുള്ള പ്രോജക്ടുകൾ
മുൻ ഫോർമുലാ വൺ റേസറായ നരേൻ കാർത്തികേയന്റെ ഒരു ബയോപിക്കിന്റെ പണിപ്പുരയിലാണ്. എഴുത്തുകാരിയും സംവിധായകയുമായ ശാലിനിയും ചേർന്നാണ് തിരക്കഥയെഴുതുന്നത്. ഒരു സിനിമയിൽ കോ റൈറ്റ് ചെയ്യുന്നത് ആദ്യമായാണ്. ഇപ്പോൾ ചെയ്യുന്ന സിനിമകളുടെ വർക്കുകളെല്ലാം കഴിഞ്ഞേ ഇനി മറ്റെന്തിനെപ്പറ്റിയും ചിന്തിക്കുന്നുള്ളൂ.
Content Highlights: Mahesh Narayanan discusses his unsocial filmmaking style, upcoming projects with Mohanlal & Mammootty
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·