
നടന്മാരായ ശ്രീകാന്ത്, കൃഷ്ണ എന്നിവർ | ഫോട്ടോ: ആർക്കൈവ്സ്, X
ചെന്നൈ: കൊക്കെയ്ൻ ഉപയോഗിച്ചതിന് നടൻമാരായ ശ്രീകാന്തും കൃഷ്ണയും അറസ്റ്റിലായതോടെ സിനിമാരംഗത്തെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. താരങ്ങളൊരുക്കുന്ന നിശാ പാർട്ടികൾ, രാത്രിസമയത്തെ സിനിമാ പ്രമോഷൻ ചടങ്ങുകൾ, റേവ് പാർട്ടികൾ തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിക്കും.
താരങ്ങളുടെ വാട്സാപ്പ് കൂട്ടായ്മകളും പരിശോധിക്കും. മെഗാ സിനിമ-ടെലിവിഷൻ ഇവന്റുകൾ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങളുടെ പിന്നാമ്പുറപ്രവർത്തനങ്ങളും പരിശോധിക്കാനാണ് പോലീസിന്റ തീരുമാനം. അറസ്റ്റിലായ ശ്രീകാന്തും കൃഷ്ണയും ഇപ്പോൾ ജയിലിലാണ്.
കൃഷ്ണയോടൊപ്പം ഒട്ടേറെ നടൻമാർ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നു തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൃഷ്ണയുടെ വാട്സാപ്പ് പരിശോധിച്ചപ്പോഴാണ് ഈ സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട ഒരു വാട്സാപ്പ് ഗ്രൂപ്പു തന്നെയുണ്ടായിരുന്നു. ഇതിൽ സിനിമാതാരങ്ങളും ഉൾപ്പെടുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. കൃഷ്ണയുടെ മൊബൈൽ ഫോണിൽനിന്ന് 2020 മുതൽ ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ സൈബർ പോലീസിന്റെ സഹായത്തോടെ കണ്ടെടുക്കുന്നുണ്ട്.
താരങ്ങളുമായും സുഹൃത്തുക്കളുമായും കൃഷ്ണ മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ കോഡ് ഭാഷയിലൂടെയാണ് പങ്കിട്ടിരുന്നത്. 2020 മുതൽ വാട്സാപ്പ് ഗ്രൂപ്പ് വഴി വിവിധ ഇടങ്ങളിൽ മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിച്ചിരുന്നതായും വിവരം ലഭിച്ചു. വാട്സാപ്പ് ഗ്രൂപ്പിലുളള എല്ലാവരെയും വിളിച്ചുവരുത്തി നേരിട്ട് ചോദ്യം ചെയ്യാൻ പോലീസ് പദ്ധതിയിടുന്നു. ഇവർ മയക്കുമരുന്ന് മറ്റാർക്കെങ്കിലും വിറ്റിട്ടുണ്ടോയെന്നുള്ള കാര്യവും വിശദമായി അന്വേഷിക്കും.
നിലവിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിട്ടുള്ള ശ്രീകാന്ത്, കൃഷ്ണ, പ്രസാദ്, പ്രദീപ് എന്നിവരെ ജയിലിൽനിന്ന് കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യംചെയ്യും. തമിഴിലെ പ്രമുഖ നടീനടൻമാർ, യുവ സംഗീത സംവിധായകർ തുടങ്ങിയവർ മയക്കുമരുന്നിന് അടിമകളാണെന്നു കണ്ടെത്തിയിട്ടുണ്ട്. കൊക്കെയ്ൻ കൈവശം വെച്ചതിന് പ്രദീപ്, ഘാന സ്വദേശി ജോൺ എന്നിവരിൽ പിടിയിലായതിനു പിന്നാലെ അണ്ണാ ഡിഎംകെ മുൻ അംഗം പ്രസാദാണ് ശ്രീകാന്തിന്റെ പേരു വെളിപ്പെടുത്തുന്നത്. ശ്രീകാന്തിലൂടെ കൃഷ്ണയും പിടിയിലായി.
Content Highlights: Chennai constabulary intensify cause probe aft arresting actors for cocaine use
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·