
Photo:Getty Images via AFP
മയാമി: അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസ്സിക്ക് വാർഷികപ്രതിഫലമായി നൽകുന്നത് 175.27 കോടി രൂപ. ലീഗിലെ ഏറ്റവും ഉയർന്ന പ്രതിഫലംപറ്റുന്നതും അർജന്റീനാ മുന്നേറ്റനിരത്താരമാണ്. കൗതുകകരമായ കാര്യം മെസ്സിയുടെ പ്രതിഫലത്തെക്കാൾ കുറവാണ് ലീഗിലെ 21 ക്ലബ്ബുകളുടെ വാർഷിക പ്രതിഫലത്തുക.
മെസ്സിയുടെ പ്രതിഫലത്തിൽ ശമ്പളത്തിനുപുറമേ വിവിധ ബോണസുകളും ഉൾപ്പെട്ടിട്ടില്ല. എന്നാൽ, മേജർ ലീഗ് സോക്കറിൽനിന്ന് രണ്ടരവർഷത്തെ കരാർപ്രകാരം മെസ്സിക്ക് 1285 കോടിയോളം രൂപ ലഭിക്കുമെന്നാണ് കണക്ക്. ഇന്റർ മയാമിയുടെ പ്രതിഫലത്തിനുപുറമേ ലീഗിന്റെ സ്‌പോൺസറായ അഡിഡാസുമായും സംപ്രേഷണാവകാശികളായ ആപ്പിൾ ടിവിയുമായും താരത്തിന് കരാറുണ്ട്. ആപ്പിൾ ടിവി, സംപ്രേഷണംവഴി ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതശതമാനം മെസ്സിക്കു നൽകും.
മെസ്സിയുടെ വാർഷികപ്രതിഫലത്തിന് മീതെ മൊത്തം കളിക്കാർക്ക് പ്രതിഫലം നൽകുന്ന ഒൻപത് ക്ലബ്ബുകളാണുളളത്. മെസ്സി കളിക്കുന്ന ഇന്റർ മയാമിയാണ് പട്ടികയിൽ മുന്നിൽ. 401 കോടി രൂപയാണ് ടീമിലെ കളിക്കാർക്ക് മൊത്തത്തിൽ നൽകുന്ന വാർഷികത്തുക. ടോറാന്റോ എഫ്‌സി (292 കോടി), അറ്റ്‌ലാന്റ യുണൈറ്റഡ് (236 കോടി), എഫ്‌സി സിൻസിനാറ്റി (198 കോടി), കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ എൽഎ ഗാലക്‌സി (196 കോടി), എൽഎ എഫ്‌സി (191 കോടി), ചിക്കാഗോ ഫയർ (189 കോടി), നാഷ് വില്ലെ എഫ്‌സി (186 കോടി), ന്യൂയോർക്ക് ബുൾസ് (184 കോടി) ടീമുകളാണ് മെസ്സിയുടെ പ്രതിഫലത്തെക്കാൾ കൂടുതൽ വാർഷികപ്രതിഫലത്തുകയുള്ള ടീമുകൾ.
ലീഗിലെ പ്രതിഫലത്തുകയുടെ കാര്യത്തിൽ 30-ാം സ്ഥാനത്തുള്ള ക്ലബ് സിഎഫ് മോൺറിയാലാണ്. 102 കോടി രൂപയാണ് ക്ലബ് മൊത്തം കളിക്കാർക്കായി വർഷത്തിൽ ചെലവിടുന്നത്.
കൂടുതൽ പ്രതിഫലമുള്ള താരങ്ങൾ
ലയണൽ മെസ്സി (ഇന്റർ മയാമി) 175.27 കോടി
ലോറൻസോ ഇൻസൈൻ (ടോറാന്റോ) 132 കോടി
സെർജി ബുസ്‌കെറ്റ്‌സ് (ഇന്റർ മയാമി) 72.85 കോടി
മിഗ്വൽ അൽമിറോൺ (അറ്റ്‌ലാന്റ) 67.45 കോടി
ഹിർവിങ് ലോസാനോ (സാൻ ഡീഗോ) 65.39 കോടി
Content Highlights: Inter Miamis Lionel Messi earns much than 21 different MLS teams payrolls this year








English (US) ·