Published: July 09 , 2025 04:22 PM IST Updated: July 09, 2025 04:42 PM IST
1 minute Read
ന്യൂയോർക്കില്‍ നടന്ന എൻപിസി ശരീര സൗന്ദര്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പ്രകടനത്തിനൊടുവിൽ ഭാരതീയ രീതിയിൽ കൈകൾ ചേർത്തുവച്ചു നമസ്കാരം പറഞ്ഞാണ് അമേരിക്കൻ മലയാളിയായ സിദ്ധാർഥ് ബാലകൃഷ്ണൻ വേദി വിട്ടത്. ‘‘തിരുവനന്തപുരത്ത് മരം കേറി നടന്ന, നൂലുപോലെ മെലിഞ്ഞിരുന്ന പയ്യനായിരുന്നു ഞാൻ.’’– പുരസ്കാര നേട്ടത്തെക്കുറിച്ചു ചോദിച്ചപ്പോൾ പച്ച മലയാളത്തിൽ സിദ്ധാർഥിന്റെ മറുപടി ഇങ്ങനെയായിരുന്നു. 25 വർഷത്തോളം യുഎസിൽ ജീവിച്ച സിദ്ധാർഥ് മലയാളത്തെയും കേരളത്തെയും ഇന്നും നെഞ്ചോടു ചേര്‍ത്തുവയ്ക്കുന്നു.
എൻപിസി ഫിസിക് വിജയിയാകുന്ന ആദ്യ ഇന്ത്യൻ– അമേരിക്കൻ താരമാണ് സിദ്ധാർഥ് ബാലകൃഷ്ണൻ. മിസ്റ്റർ യുണിവേഴ്സ് കിരീടനേട്ടത്തോടെ കാത്തിരുന്ന ‘പ്രൊ കാർഡ്’ ലഭിച്ചതിന്റെ സന്തോഷത്തിലാണ് സിദ്ധാർഥ്. ബോഡിബിൽഡിങ്ങിലെ ഏറ്റവും വലിയ വേദിയായ മിസ്റ്റർ ഒളിംപിയയിലേക്ക് ഇനി ഏതാനും ചുവടുകൾ മാത്രമാണു ബാക്കി. ‘‘ക്രിക്കറ്റിന്റെ രീതിയിൽ പറഞ്ഞാൽ ഞാൻ ഇപ്പോൾ ഇന്ത്യൻ ടീമിൽ എത്തിക്കഴിഞ്ഞു, ഇനി ലോകകപ്പ് കളിക്കണം.’’– ഇന്ത്യക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ സിദ്ധാർഥ് വിശദീകരിച്ചു.
പല വഴി നടന്നാണ് സിദ്ധാർഥ് ബോഡിബിൽഡിങ് പ്രൊഫഷനാക്കി എടുക്കുന്നത്. കുറച്ചു കാലം യുഎസില്‍ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. പക്ഷേ ഓഫിസിൽ ഇരുന്നുള്ള സ്ഥിരം ജോലി സിദ്ധാർഥിന് വേഗം മടുത്തു. ‘‘ഞാന്‍ ഫിറ്റായിരിക്കണമെന്ന് എന്നും ആഗ്രഹമുണ്ടായിരുന്നു. 18–ാം വയസ്സിൽ ഞാൻ യുഎസ് നേവിയിൽ ചേർന്നു. അഫ്ഗാനിസ്ഥാനിൽ സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. ആരോഗ്യകരമായ ജീവിത രീതിയാണ് അന്നു മുതൽ പിന്തുടർന്നത്. എന്തുകൊണ്ട് ഇത് പ്രൊഫഷനാക്കി എടുത്തുകൂടായെന്ന് ചിന്തിച്ചപ്പോഴാണ് ബോഡിബിൽഡിങ്ങിലേക്കു മാറിയത്.’’– സിദ്ധാർഥ് മനോരമ ഓൺലൈനിനോടു പ്രതികരിച്ചു.
‘‘ഒട്ടും എളുപ്പമല്ല, ഒരുപാടു ത്യാഗങ്ങൾ ചെയ്യേണ്ടിവരും. രുചിയുള്ള ഒരുപാടു ഭക്ഷണങ്ങൾ ഉപേക്ഷിച്ചാണ് അവൻ ലക്ഷ്യത്തിനായി ഇറങ്ങിത്തിരിച്ചത്.’’– സിദ്ധാര്‍ഥിന്റെ പിതാവ് ബാലു മേനോൻ വ്യക്തമാക്കി. കോട്ടയം നാഗമ്പടം സ്വദേശിയായ ബാലുവും ഭാര്യ ഉമയും വർഷങ്ങൾക്കു മുൻപ് യുഎസിലേക്കു കുടിയേറിയവരാണ്. എന്നാൽ പിതാവിന്റെ മുന്നറിയിപ്പിനേക്കാളും കഠിനമായ ഘട്ടങ്ങളിലൂടെയായിരിക്കും കടന്നു പോകേണ്ടതെന്ന് സിദ്ധാർഥ് വൈകാതെ തിരിച്ചറിഞ്ഞു.
‘‘ഈ ജീവിതരീതിയിൽ ഒരുപാട് അച്ചടക്കം ആവശ്യമാണ്. നൈറ്റ് പാർട്ടികൾക്കു വേണ്ടി സുഹൃത്തുക്കൾ വിളിക്കുമായിരുന്നു. അതൊക്കെ വേണ്ടെന്നുവച്ചു. കഴിഞ്ഞ എട്ടു വർഷത്തിൽ രാത്രി ഒൻപതു മണിക്കു ശേഷം അങ്ങനെ ഒരിടത്തേക്കും ഞാൻ പോയിട്ടില്ല. വീട്ടിൽ തന്നെയിരുന്ന് അടുത്ത ദിവസത്തേക്കായി തയാറെടുത്തു. ഞാനൊരു മലയാളിയാണ്, മലയാളി സംസ്കാരവും ഇഷ്ടപ്പെടുന്നു. പക്ഷേ അതിലെ ഭക്ഷണ രീതി പിന്തുടരാൻ സാധിക്കില്ല.’’– സിദ്ധാർഥ് പറഞ്ഞു.
കൻസാസ് സിറ്റിയിലെ ജിമ്മിൽ മൂന്നു സെഷനുകളിലായാണു സിദ്ധാർഥിന്റെ പരിശീലനം. ആറു നേരം ഭക്ഷണം കഴിക്കുമെങ്കിലും വെളിച്ചെണ്ണയിൽ പൊരിച്ചതെല്ലാം പൂർണമായും ഒഴിവാക്കി. സിദ്ധാർഥിനു പിന്തുണയുമായി ഭാര്യ കോറിയും മകൾ ഹാർലിയും ഒപ്പമുണ്ട്. ന്യൂയോർക്കിൽ വാടക വീടെടുത്താണ് സിദ്ധാർഥിന്റെ കുടുംബം മത്സരങ്ങൾക്കായി തയാറെടുത്തത്. മിസ്റ്റർ യൂണിവേഴ്സ് വിജയത്തിനു ശേഷം മിസ്റ്റർ ഒളിംപിയയ്ക്കു വേണ്ടി പരിശീലകൻ ഏരിയൽ ആൽബർട്ടോയ്ക്കൊപ്പം പരിശീലനത്തിലാണ് സിദ്ധാർഥ് ഇപ്പോൾ. ഞാൻ വലിയ സ്വപ്നങ്ങൾ കണ്ടു, അതിനായി കഠിനാധ്വാനം ചെയ്തു. ഇതുവരെയെത്തി. കുട്ടികൾക്ക് ഇതു പ്രചോദനമാകണം എന്നാണ് ആഗ്രഹം.’’– സിദ്ധാർഥ് വ്യക്തമാക്കി.
English Summary:








English (US) ·