സിറാജ് കാസിം
27 June 2025, 07:51 AM IST

ശരൺ കൃഷ്ണയുടെ ഷോർട്ട് ഫിലിം അമ്മ സോണിയ നീട്ടിയ ഐപാഡിൽ നടൻ പൃഥ്വിരാജ് പ്രകാശനം ചെയ്യുന്നു | ഫോട്ടോ: മാതൃഭൂമി
കൊച്ചി: ഐപാഡിലെ സ്‌ക്രീനിലേക്ക് വെള്ളിത്തിരയിലെ സൂപ്പർ താരം കൗതുകത്തോടെ നോക്കുമ്പോൾ ആകാശങ്ങളിലെവിടെയോ നിന്ന് ശരൺ കൃഷ്ണയുടെ മിഴികൾ നിറഞ്ഞിട്ടുണ്ടാകാം. തന്റെ കലാസൃഷ്ടി പ്രേക്ഷകരിലേക്ക് എത്തുന്നത് പൃഥ്വിരാജിലൂടെയാകണമെന്ന ശരണിന്റെ മോഹം സാക്ഷാത്കരിക്കപ്പെടുമ്പോൾ അവന്റെ പ്രിയപ്പെട്ടവർ നനഞ്ഞ മിഴികളിലായിരുന്നു. മലപ്പുറം സ്വദേശി ശരൺ കൃഷ്ണ എന്ന 23-കാരന്റെ ‘ആഞ്ചെലിക്ക ഗ്ലോക്ക’ എന്ന ഷോർട്ട് ഫിലിം പൃഥ്വിരാജ് പ്രകാശനം ചെയ്യുമ്പോൾ അതിനുപിന്നിൽ വലിയൊരു മോഹത്തിന്റെയും സങ്കടത്തിന്റെയും കഥയുണ്ട്.
മലപ്പുറം ചേളാരി ജിവിഎച്ച്എസ്എസ്സിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഷോർട്ട് ഫിലിം ചെയ്തുതുടങ്ങിയ ശരൺ വെള്ളിത്തിരയുടെ മാസ്മരിക ലോകത്ത് ചിറകുവിരിക്കാൻ മോഹിച്ച് പാതിവഴി ചിറകറ്റുവീണുപോയ പക്ഷിയാണ്. ആഞ്ചെലിക്ക ഗ്ലോക്ക എന്ന ഷോർട്ട് ഫിലിം ചെയ്തുതീരുന്ന സമയത്താണ് കാർ അപകടത്തിൽ ശരൺ മരിക്കുന്നത്. ഈ ഷോർട്ട് ഫിലിം ചെയ്യുന്ന സമയം മുതൽ അത് പൃഥ്വിരാജിനെക്കൊണ്ട് പ്രകാശനം ചെയ്യിക്കണമെന്ന മോഹം അവൻ അമ്മയോട് പങ്കുവെച്ചിരുന്നു. മകന്റെ വിയോഗം അമ്മ സോണിയയെയും അച്ഛൻ രാമകൃഷ്ണനെയും തളർത്തിയെങ്കിലും മകന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ അവർ ഇറങ്ങി പുറപ്പെടുകയായിരുന്നു.
വ്യാഴാഴ്ച എറണാകുളത്ത് ലഹരിക്കെതിരേ നടന്ന 'നോ എൻട്രി' എന്ന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ പൃഥ്വിരാജിനോട് ശരൺ പഠിച്ച ജെയിൻ യൂണിവേഴ്‌സിറ്റി അധികൃതർ മുഖേന സോണിയ ഈ ആഗ്രഹം അറിയിച്ചു. അവന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ പൃഥ്വിരാജ് തയ്യാറായി.
ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി സങ്കേതിക പഠനം നടത്താതെ എല്ലാം സ്വയം പഠിച്ചെടുത്ത ശരൺ 23 വയസ്സിനകം 20-ലേറെ ഷോർട്ട് ഫിലിമുകളാണ് ചെയ്തത്. അഞ്ച് അവാർഡുകളും ശരണിന്റെ ഷോർട്ട് ഫിലിമുകൾ നേടി. ഡിഗ്രി പഠനം കഴിഞ്ഞ് ഉടനെ കോഴിക്കോട് സൈബർ പാർക്കിൽ ജോലിയിൽ പ്രവേശിച്ച ശരണിന്റെ ഏറ്റവും വലിയ മോഹം തന്റെ പേര് ബിഗ് സ്‌ക്രീനിൽ തെളിയണമെന്നായിരുന്നു.
Content Highlights: Prithviraj fulfills the past privation of a young filmmaker, releasing his abbreviated movie posthumously
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·