മരിച്ച് 36 വർഷങ്ങൾക്കുശേഷം പ്രേംനസീറിന് നാട്ടിൽ സ്മാരകം, അതുകാണാനാവാതെ ഷാനവാസിന്റെ മടക്കം

5 months ago 6

Prem Nazir and Shanavas

പ്രേം നസീർ, ഷാനവാസ് | ഫോട്ടോ: ആർക്കൈവ്സ്| മാതൃഭൂമി

ചിറയിൻകീഴ്: പ്രേംനസീർ എന്നത് മലയാള ചലച്ചിത്രപ്രേമികൾക്കു മറക്കാനാവാത്ത പേരാണെങ്കിൽ ചിറയിൻകീഴുകാർക്ക് അതൊരു വികാരമാണ്. ജാതി-മത-പ്രായ-ലിംഗ ഭേദമില്ലാതെ എല്ലാവരും അഭിമാനത്തോടെ മാത്രം പറയുന്ന പേര്. പ്രേംനസീർ ജനിച്ച മണ്ണിൽ ജനിക്കാൻ കഴിഞ്ഞതും അദ്ദേഹം നടന്ന വഴികളിലൂടെ നടക്കാൻ കഴിഞ്ഞതും ജന്മപുണ്യമായി കരുതുന്നവരുടെ നാടാണിത്.

പിറന്ന നാടിനെ പെറ്റമ്മയെപ്പോലെ നെഞ്ചിൽ കൊണ്ടുനടന്ന മഹാനടനെ എങ്ങനെയാണ് ഈ നാട്ടുകാർക്കു മറക്കാനാവുക. അതുകൊണ്ടുതന്നെ പ്രേംനസീറിന്റെ സ്മാരകത്തിനായി അവർ വർഷങ്ങളായി ശബ്ദമുയർത്തുന്നു. ഒടുവിൽ സർക്കാരിന് ആ ശബ്ദം കേൾക്കേണ്ടിവന്നു.

ശാർക്കര ക്ഷേത്രത്തിനു സമീപം 66 സെന്റ് ഭൂമിയിൽ പ്രേംനസീർ സ്മാരക സാംസ്‌കാരികനിലയം ഉയരുകയാണ്. പ്രേംനസീർ അന്തരിച്ച് 36 വർഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തിനായി നാട്ടിൽ സ്മാരകം നിർമിക്കുന്നത്. ആദ്യഘട്ട നിർമാണം പൂർത്തിയാകുന്നു. ഒരു സങ്കടം മാത്രം ഇനി ബാക്കി. പിതാവിനു ജന്മനാട്ടിൽ ഉചിതമായൊരു സ്മാരകമുയരുന്നതുകാണാൻ ഏറ്റവുമധികം ആഗ്രഹിച്ചിരുന്നയാളായിരുന്നു മകൻ ഷാനവാസ്. ചിറയിൻകീഴിൽ വരുമ്പോഴും ചിറയിൻകീഴുകാരെ കാണുമ്പോഴുമെല്ലാം സ്മാരകത്തിന്റെ കാര്യങ്ങൾ ഷാനവാസ് അന്വേഷിച്ചിരുന്നു. ഷാനവാസിന്റെ വേർപാട്‌ ചിറയിൻകീഴുകാരുടെ നൊമ്പരം ഇരട്ടിയാക്കുന്നു.

2021-ൽ തറക്കല്ലിട്ടു

ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിനു സമീപമാണ് വെള്ളിത്തിരയിലെ നിത്യഹരിതനായകന്റെ പേരിൽ സാംസ്‌കാരിക സമുച്ചയം ഒരുങ്ങുന്നത്. മനുഷ്യസ്നേഹിയായ മഹാനടന്റെ ഓർമ്മകൾക്ക് ശാർക്കര ദേവീക്ഷേത്രത്തിന്റെ മണ്ണിൽ പ്രൗഢമായ വേരുകളുണ്ട്.

ശാർക്കരദേവിക്ക് ആദ്യമായി ആനയെ നടയ്ക്കു വെച്ചതുൾപ്പെടെ പ്രേംനസീറിനെക്കുറിച്ചുള്ള ഓർമ്മകൾക്ക് അഭ്രപാളിക്കു പുറത്തും ഒളിമങ്ങിയിട്ടില്ല. ചിറയിൻകീഴ് താലൂക്കാശുപത്രിക്ക് എക്സ്റേ യൂണിറ്റ്, കൂന്തള്ളൂർ സ്‌കൂളിൽ കെട്ടിടം, പാലകുന്ന് ഗ്രന്ഥശാലയ്ക്ക് ആദ്യമായി ടെലിവിഷൻ വാങ്ങിയത്... അങ്ങനെ തന്റെ കഥാപാത്രങ്ങളെപ്പോലെ എണ്ണിയാലൊടുങ്ങാത്ത അനശ്വര ഓർമ്മകൾ ജന്മനാടിനായി നസീർ ജീവിതകഥയിൽ എഴുതിച്ചേർത്തിട്ടുണ്ട്. 1983-ൽ പദ്‌മഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1989 ജനുവരി 16-നാണ് പ്രേംനസീർ മരിച്ചത്. 62 വയസ്സായിരുന്നു അന്ന് പ്രായം. 32 വർഷത്തെ ഓർമ്മകൾക്കിപ്പുറം പ്രേംനസീർ സാംസ്‌കാരിക സമുച്ചയത്തിന് 2021 ജനുവരിയിലാണ് തറക്കല്ലിട്ടത്.

വേദനിപ്പിക്കുന്ന വീഴ്ച

നാലു പതിറ്റാണ്ടുകാലം മലയാള സിനിമയിൽ നിറഞ്ഞുനിന്ന കലാകാരന് അദ്ദേഹം മരിച്ച തൊട്ടടുത്ത വർഷങ്ങളിൽത്തന്നെ സ്മാരകമുണ്ടാകേണ്ടതായിരുന്നു. അക്കാര്യത്തിൽ വേദനിപ്പിക്കുന്ന വീഴ്ചയാണുണ്ടായത്.

വൈകിയെങ്കിലും അതു തിരുത്താനായതായി സ്മാരകത്തിന്റെ തറക്കല്ലിടൽച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പ്രേംനസീറിനു ജന്മനാടായ ചിറയിൻകീഴിൽ ഒരുങ്ങുന്ന സ്മാരകം അദ്ദേഹത്തെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രേക്ഷകലക്ഷങ്ങളുടെ ചിരകാലാഭിലാഷത്തിന്റെ സാഫല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നുനിലകളിലായി 15000 ചതുരശ്രയടി വിസ്തീർണം

ചിറയിൻകീഴിലൊരുങ്ങുന്ന പ്രേംനസീർ സ്മാരക സാംസ്‌കാരിക സമുച്ചയം ചലച്ചിത്ര വിദ്യാർഥികൾക്കും ചലച്ചിത്രപ്രേമികൾക്കും പ്രയോജനപ്പെടുന്നവിധം മൂന്നു നിലകളിലായാണ് നിർമിക്കുന്നത്. ഭൂനിരപ്പുനിലയിൽ 7,200, ഒന്നാംനില 4,000, രണ്ടാംനിലയിൽ 3,800 എന്നിങ്ങനെ ആകെ 15,000 ചതുരശ്രയടി വിസ്തീർണവുമുണ്ട്.

താഴത്തെനിലയിലെ രണ്ട് ഹാളുകളിലായി മ്യൂസിയം, ഓഫീസ് എന്നിവയും ഓപ്പൺ എയർ തിയേറ്റർ, സ്റ്റേജ് എന്നിവയുമാണ് ഇപ്പോൾ പൂർത്തിയായത്. മിനുക്ക് പണികളുൾപ്പെടെയുള്ളവ വരുംദിവസങ്ങളിൽ പൂർത്തിയാക്കും. ആറുമാസത്തിനുള്ളിൽ നിലയത്തിന്റെ ഉദ്ഘാടനം നടത്താനാണ് അധികൃതരുടെ ശ്രമം.

ഒന്നാംഘട്ടത്തിന് 2.95 കോടി രൂപ

പ്രേംനസീർ സ്മാരക സമുച്ചയം നിർമിക്കാനായി പൊതു വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുണ്ടായിരുന്ന 66.22 സെന്റ് ഭൂമി റവന്യു വകുപ്പ് വഴി സാംസ്‌കാരികവകുപ്പിനു കൈമാറുകയായിരുന്നു. സർക്കാർ അനുവദിച്ച ഒരുകോടി രൂപയ്ക്കു പുറമേ വി. ശശി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപകൂടി വകയിരുത്തി. രണ്ടു കോടി 95 ലക്ഷം രൂപയുടെ ആദ്യഘട്ട പ്രവർത്തനങ്ങളാണ് പൂർത്തിയാകുന്നത്.

സ്ഥലം എംഎൽഎ ചെയർമാനായ ഏഴംഗസമിതിയാണ് സ്മാരകനിർമാണത്തിനു മേൽനോട്ടം വഹിക്കുന്നത്. ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ, ചലച്ചിത്ര അക്കാദമി പ്രതിനിധി തുടങ്ങിയവർ അടങ്ങുന്ന സമിതി അംഗീകരിച്ച പ്ലാൻ അനുസരിച്ചാണ് നിർമാണം. കെട്ടിടം പൂർത്തിയാകുന്നതോടെ പ്രേംനസീർ സ്മാരക സമുച്ചയം സാമൂഹിക സാംസ്‌കാരികരംഗത്ത് പുത്തനുണർവേകും.

Content Highlights: Prem Nazir Memorial Cultural Center Nears Completion successful Chirayinkeezh

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article