Published: July 16 , 2025 09:20 AM IST
1 minute Read
ബ്രസീലിന്റെ ദേശീയദുരന്തം എന്നു വിശേഷിപ്പിക്കപ്പെടുന്ന 1950 ഫിഫ ഫുട്ബോൾ ലോകകപ്പിലെ കിരീടനഷ്ടത്തിന് ഇന്ന് 75 വയസ്സ്. ലോകകായികരംഗത്തെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് 1950 ജൂലൈ 16നു റിയോ ഡി ജനീറോയിലെ മാറക്കാന സ്‌റ്റേഡിയത്തിൽ നടന്നത്. ജേതാക്കളെ നിശ്ചയിക്കുന്ന മത്സരത്തിൽ ബ്രസീലും യുറഗ്വായും നേർക്കുനേർ. സ്‌റ്റേഡിയത്തിന് അകത്തും പുറത്തുമായി ഏകദേശം 2 ലക്ഷത്തോളം കാണികൾ.
ബ്രസീൽ ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷകൾക്ക് അതിരുകളില്ലായിരുന്നു. ആദ്യപകുതിയിൽ ബ്രസീലിന്റെ ആക്രമണമായിരുന്നു. യുറഗ്വായ് ചെറുത്തുനിൽപിന് ശ്രമിച്ചു. 47–ാം മിനിറ്റിൽ ആദ്യ ഗോൾ ബ്രസീലിന്റെ ഫ്രിയാകയുടെ വക. ബ്രസീൽ വിജയം ഏറക്കുറെ ഉറപ്പിച്ചതാണ്.
പക്ഷേ രണ്ടാം പകുതിയിൽ യുറഗ്വായ് തിരിച്ചടിച്ചു– യുവാൻ അൽബർട്ടോ ഷിയാഫിനോ 66–ാം മിനിട്ടിൽ സ്കോർ 1–1 എന്ന നിലയിലാക്കി. 79-ാം മിനിറ്റിൽ റൈറ്റ് വിങ് ഫോർവേഡ് അൽസിഡസ് ഗിഗ്ഗിയയുടെ ഗോളിൽ യുറഗ്വായ് 2–1നു മുന്നിൽ. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ജയവും (2–1) ലോകകിരീടവും യുറഗ്വായ്‌ക്ക്. അപ്രതീക്ഷിതമായേറ്റ തിരിച്ചടി ബ്രസീലിയൻ താരങ്ങളെയും കാണികളെയും മാത്രമല്ല സംഘാടകരെയും നിരാശയിലാക്കി.
ഗിഗ്ഗിയ യുറഗ്വായുടെ ഹീറോയും ബ്രസീലുകാരുടെ ദുരന്തകഥയിലെ വില്ലനുമായി മാറി. 1950ലെ തോൽവിക്കുശേഷം 5 തവണ ബ്രസീൽ ലോകകപ്പ് നേടി. മാറക്കാനയിലെ ആ തോൽവി മാറക്കാനാസോ എന്നാണ് അറിയപ്പെടുന്നത്. 2009ൽ ബ്രസീലുകാരുടെ ആദരം ഏറ്റുവാങ്ങാനുള്ള ഭാഗ്യം ഗിഗ്ഗിയയെ തേടിയെത്തിയിരുന്നു, അതും മാറക്കാനയുടെ മണ്ണിൽവച്ചുതന്നെ. അന്ന് അദ്ദേഹത്തിന്റെ കാൽപാട് അവിടെ പ്രതിഷ്ഠിച്ചു.
1950ലെ യുറഗ്വായ്– ബ്രസീൽ മത്സരത്തിന്റെ 65–ാം വാർഷിക ദിനത്തിലായിരുന്നു (2015 ജൂലൈ 16) ഗിഗ്ഗിയയുടെ മരണം എന്നതും യാദൃച്ഛികം.
English Summary:








English (US) ·