മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടമായി 'നരിവേട്ട'; ടൊവിനൊ ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍

8 months ago 8

narivetta-trailer

നരിവേട്ടയുടെ ട്രെയിലർ പോസ്റ്റർ, നരിവേട്ടയിൽ ആര്യ സലിം

രു തുണ്ട് ഭൂമിക്കായി ആദിവാസികള്‍ നടത്തിയ സമരവും പോലീസ് വെടിവെപ്പും പ്രമേയമാക്കിയ ചിത്രം നരിവേട്ടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 'ഇഷ്‌കി'ന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ സമയത്ത് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്ന 'മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട' എന്ന വാചകത്തെ അര്‍ഥവത്താക്കുന്ന ട്രെയിലറാണ് പുറത്തിറങ്ങിയത്. പോലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകള്‍ കാണിക്കുന്ന ട്രെയിലര്‍ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാം പോലുള്ള ഭൂസമര ചരിത്രങ്ങളെയെല്ലാം ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം സമരങ്ങളുമായി സിനിമയെ ചേര്‍ത്തു വെച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയില്‍ സജീവമാണ്.

കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വര്‍ഗീസ് പീറ്റര്‍ എന്ന സാധാരണക്കാരനായ പൊലീസ് കോണ്‍സ്റ്റബിളിന്റെ ഔദ്യോഗികജീവിതത്തിലൂടെയും വ്യക്തിജീവിതത്തിലൂടെയുമാണ് കടന്നുപോകുന്നത്. ഇതിനൊപ്പമാണ് സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ സംഘര്‍ഷഭരിതമായ ശ്രമത്തെ കൂടി ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ രാഷ്ട്രീയ കഥയാണ് ചിത്രമെന്ന മുന്‍വിധി പ്രേക്ഷകര്‍ക്ക് നല്‍കാന്‍ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്.

ചിത്രത്തില്‍ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലര്‍ കണ്ട പ്രേക്ഷകര്‍ പറയുന്നത്. ജാനുവിനെ ഓര്‍മ്മപ്പെടുത്തുന്ന രീതിയിലുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുന്‍വിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാന്‍വാസില്‍ വന്‍ ബജറ്റില്‍ ഒരുങ്ങുന്ന നരിവേട്ടയിലൂടെ തമിഴ് താരം ചേരന്‍ ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. നേരത്തേ തന്നെ ചിത്രത്തിലെ ഗാനവും യൂട്യൂബില്‍ ട്രെന്‍ഡിങ്ങായിരുന്നു. മേയ് 16-നാണ് നരിവേട്ട തീയേറ്ററുകളിലെത്തുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-എന്‍.എം. ബാദുഷ, ഛായാഗ്രഹണം-വിജയ്, സംഗീതം-ജേക്‌സ് ബിജോയ്, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്-ബാവ, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, മേക്കപ്പ്-അമല്‍ സി. ചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍-ഷെമിമോള്‍ ബഷീര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍-എം. ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സക്കീര്‍ ഹുസൈന്‍, സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി, പിആര്‍ഒ & മാര്‍ക്കറ്റിങ്-വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് കുമാര്‍ രാജന്‍, സൗണ്ട് മിക്‌സ്-വിഷ്ണു പി.സി, സ്റ്റില്‍സ്-ഷൈന്‍ സബൂറ, ശ്രീരാജ് കൃഷ്ണന്‍, ഡിസൈന്‍സ്-യെല്ലോ ടൂത്ത്, മ്യൂസിക് റൈറ്റ്‌സ്-സോണി മ്യൂസിക് സൗത്ത്.

Content Highlights: 'Battle of Memory Against Forgetfulness' ; Tovino Thomas movie Narivetta authoritative trailer released

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article