മറ്റു ഭാഷകളിൽ ചെല്ലുമ്പോൾ അഹങ്കാരത്തോടെ പറയാവുന്ന പേരാണ് നഷ്ടമായത്- ജയറാം

8 months ago 8

28 April 2025, 06:07 PM IST

shaji n karun

ജയറാം, ഷാജി എൻ.കരുൺ| Photos: Mathrubhumi

വിഖ്യാത സംവിധായകൻ ഷാജി എൻ.കരുണിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ ജയറാം. മറ്റു ഭാഷകളിൽ ചെല്ലുമ്പോൾ അഹങ്കാരത്തോടെ പറയാവുന്ന പേരാണ് നഷ്ടമായതെന്ന് ജയറാം പറഞ്ഞു. ലോകോത്തര നിലവാരത്തിൽ മലയാളത്തേക്കൊണ്ടെത്തിച്ച വ്യക്തിത്വമാണ് ഷാജി എൻ. കരുൺ എന്നും അദ്ദേഹം പറഞ്ഞു.

ജയറാമിന്റെ വാക്കുകളിലേക്ക്..

മരണവിവരം അറിഞ്ഞ് പതിനഞ്ചു മിനിറ്റ് ആയതേയുള്ളു. വെറുതെ പല മരണവാർത്തകളും പരക്കാറുണ്ട്. അതുപോലെയാണോ എന്നാണ് ആദ്യം കരുതിയത്. അദ്ദേഹത്തിന് ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്ന് അറിഞ്ഞത് ഇപ്പോഴാണ്. അദ്ദേഹത്തിന്റെ സിനിമയിൽവേഷം ചെയ്യുന്നതിനേക്കുറിച്ച് ഒരു വർഷം മുമ്പ് ചോദിച്ചിരുന്നു. സാറിന്റെയൊക്കെ സിനിമയിൽ ഒരു സീനാണെങ്കിലും വന്നുചെയ്യൂ എന്നു പറഞ്ഞാൽ അപ്പോൾ ഓടിയെത്തും എന്നാണ് ഞാൻ മറുപടി പറഞ്ഞത്. അപ്പോഴും ഇത്രയ്ക്ക് ആരോ​ഗ്യപ്രശ്നമുള്ളത് അറിഞ്ഞില്ല. ഒരു നടനെന്ന നിലയ്ക്ക് എനിക്ക് കിട്ടിയ വലിയ മഹാഭാ​ഗ്യങ്ങളിലൊന്നാണ് അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാൻ പറ്റിയത്. എനിക്കിഷ്ടപ്പെട്ട ചെണ്ട എന്ന വാദ്യോപകരണത്തിന്റെ പേരിൽ അറിയപ്പെട്ട, ഏറ്റവും വലിയ കലാകാരനായിരുന്ന തൃത്താല കേശവപ്പൊതുവാളിന്‌റെ ജീവിതം സിനിമയാക്കാനും അദ്ദേഹത്തിന്റെ വേഷം ചെയ്യാനും സ്വപാനം എന്ന ചിത്രത്തിലൂടെ സാധിച്ചു. കേശവേട്ടന്റേതായിട്ടുള്ള അധികം വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. എന്നിട്ടും പലയിടങ്ങളിൽ നിന്നായി ഓരോ വിവരങ്ങളും ശേഖരിച്ച് രൂപവും പെരുമാറ്റവുമൊക്കെ എനിക്ക് സൂക്ഷ്മമായി പറഞ്ഞുതന്നിരുന്നു. എല്ലാ വാദ്യോപകരണങ്ങളേക്കുറിച്ചും അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. മറ്റു ഭാഷകളിൽ ചെല്ലുമ്പോൾ അഹങ്കാരത്തോടെ പറയാവുന്ന പേരാണ് നഷ്ടമായത്. ലോകോത്തര നിലവാരത്തിൽ മലയാളത്തേക്കൊണ്ടെത്തിച്ച വ്യക്തിത്വമാണ് അദ്ദേഹം.

Content Highlights: Actor Jayaram expresses grief implicit the passing of renowned filmmaker Shaji N. Karun

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article