മറ്റൊരു യുവതിയുമായി സംസാരിക്കുന്ന ഗില്ലിനെ ഉറ്റുനോക്കുന്ന സാറ തെൻഡുൽക്കർ; വൈറലായി ലണ്ടൻ വിരുന്നിലെ കൂടുതൽ ചിത്രങ്ങൾ– വിഡിയോ

6 months ago 6

ലണ്ടൻ∙ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലുമായുള്ള ഡേറ്റിങ് അഭ്യൂഹങ്ങൾ ഇടവേളയ്ക്കു ശേഷം വീണ്ടും ശക്തിയാർജിച്ചതിനു പിന്നാലെ, യുവരാജ് സിങ്ങിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘യുവികാൻ’ കാൻസർ ധനശേഖരണ പരിപാടിയിൽ നിന്നുള്ള സാറ തെൻഡുൽക്കറിന്റെ മറ്റൊരു വിഡിയോ കൂടി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ധനശേഖര പരിപാടിയുടെ ഭാഗമായി യുവരാജും സംഘവും ലണ്ടനിൽ സംഘടിപ്പിച്ച വിരുന്നിനിടെ, മറ്റൊരു യുവതിയുമായി സംസാരിക്കുന്ന ശുഭ്മൻ ഗില്ലിനെ ഉറ്റുനോക്കുന്ന സാറ തെൻഡുൽക്കറിന്റെ ദൃശ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സാറയുടെ നോട്ടത്തിൽ ഒരു വിഭാഗം ആരാധകർ ‘അതൃപ്തി’ കൂടി കണ്ടെത്തിയതോടെ, ഡേറ്റിങ് അഭ്യൂഹവും വീണ്ടും സജീവമായി.

നേരത്തെ, ഇതേ പരിപാടിയിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സാറ തെൻഡുൽക്കറിനു സമീപം ഗിൽ നിൽക്കുന്ന ചിത്രവും, ഗില്ലിനെ രവീന്ദ്ര ജഡേജ ട്രോളുന്ന വിഡിയോയുമാണ് വ്യാപകമായി പ്രചരിച്ചത്. ജഡേജ ഗില്ലിനെ ട്രോളുന്നതിന്റെ കാരണം വ്യക്തമല്ലെങ്കിലും, സാറ തെൻഡുൽക്കറുമായുള്ള ഡേറ്റിങ് അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതെന്നായിരുന്നു ആരാധകരുടെ കണ്ടെത്തൽ. ഇതിനിടെ സച്ചിന്റെ ഭാര്യ അഞ്ജലി തെൻഡുൽക്കർ ഇവരെ നോക്കുന്നതും വിഡിയോയിൽ വ്യക്തമായിരുന്നു.

യുവരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള യുവികാൻ ഫൗണ്ടേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ലണ്ടനിൽ സംഘടിപ്പിച്ച അത്താഴവിരുന്നിലെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ഡേറ്റിങ് അഭ്യൂഹം വീണ്ടും സജീവമായത്. നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടെസ്റ്റ് ടീം അംഗങ്ങൾ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ പങ്കെടുത്ത ഈ പരിപാടിക്ക്, സച്ചിൻ തെൻഡുൽക്കറും കുടുംബസമേതം എത്തിയിരുന്നു.

∙ ജഡേജയുടെ ‘ട്രോൾ’ വിഡിയോ

നേരത്തെ പ്രചരിച്ച ദൃശ്യങ്ങളിൽ രവീന്ദ്ര ജഡേജയ്ക്കും ശുഭ്മൻ ഗില്ലിനുമൊപ്പം അതേ വരിയിൽ കെ.എൽ. രാഹുല്‍, ഋഷഭ് പന്ത് എന്നിവരെയും കാണാം. സച്ചിനും അഞ്ജലിയും സാറയും ഇരിക്കുന്നിടത്തേക്കു നോക്കി ജഡേജ എന്തോ പറഞ്ഞ് ചിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജഡേജയുടെ കമന്റ് കേട്ട് രാഹുലും ചിരിക്കുമ്പോൾ, ശുഭ്മൻ ഗിൽ ചെറുചിരിയോടെ ഇവരെ നോക്കുന്നതും വ്യക്തമാണ്. ഇതിനിടെയാണ് അഞ്ജലി തെൻഡുൽക്കർ ഇവർ ഇരിക്കുന്ന ഭാഗത്തേക്ക് ശ്രദ്ധിക്കുന്നത്. തുടർന്ന് നോട്ടം മാറ്റുന്നതും കാണാം. ഇതോടെയാണ്, ജഡേജയും സംഘവും സാറയുമായുള്ള ഡേറ്റിങ് അഭ്യൂഹങ്ങളുടെ പേരിൽ ഗില്ലിനെ കളിയാക്കുന്നതാണ് സംഭവമെന്ന് പ്രചരിക്കാൻ തുടങ്ങിയത്.

ഗില്ലും സാറ തെൻഡുൽക്കറും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ദീർഘകാലമായി വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങൾ ഇതിനകം പ്രചരിച്ചെങ്കിലും ഇരുവരും പരസ്യ പ്രതികരണത്തിനു തയാറായിട്ടില്ല. ഇടക്കാലത്ത് ശക്തികുറഞ്ഞ ഈ പ്രചാരണമാണ്, യുവിയുടെ വിരുന്നിൽ പങ്കെടുത്ത ചിത്രങ്ങൾ സഹിതം ഇപ്പോൾ വീണ്ടും ശക്തമായി പ്രചരിക്കുന്നത്.

Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ മലയാള മനോരമയുടേതല്ല. ഇവ X/@stargallery2020, X/@Vikrant_1589) എന്നീ സമൂഹമാധ്യമ പേജുകളിൽനിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

English Summary:

Sara Tendulkar's 'Intense Gaze' astatine Shubman Gill Reignites Dating Rumors After YouWeCan Event

Read Entire Article