Published: October 27, 2026 04:15 PM IST
1 minute Read
മഞ്ചേരി ∙ സൂപ്പർ ലീഗ് കേരളയിൽ തുടർച്ചായ രണ്ടാം മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കണ്ണൂർ വോറിയേഴ്സിനെ 3–0ന് തകർത്ത് മലപ്പുറം എഫ്സി. ഇതോടെ പോയിന്റ് പട്ടികയിൽ കണ്ണൂരിനെ പിന്തള്ളി മൂന്നാം സ്ഥാത്തെത്തി. ക്യാപ്റ്റൻ അമാഡു (19–ാം മിനിറ്റ്), മുഹമ്മദ് മഹ്ദി (45 +3 ), മുഹമ്മദ് റാഷിദ് (66–ാം മിനിറ്റ്) എന്നിവരാണ് മലപ്പുറത്തിനായി ഗോൾ നേടിയത്.
മലപ്പുറം ക്യാപ്റ്റനും ഫ്രഞ്ച് താരവുമായ അമാഡു സുക്കൂന തന്നെയാണ് ഗോളടിമേളത്തിന് തുടക്കമിട്ടത്. 19–ാം മിനിറ്റിൽ ഇടതു വിങ്ങിൽ നിന്ന് മൊറോക്കൻ താരം അബ്ദുൽ ഹയ്യ് ബോക്സിലേക്ക് തട്ടിക്കൊടുത്ത പന്ത് അമാഡു പോസ്റ്റിലേക്ക് തൊടുത്തു. കണ്ണൂർ ഗോൾകീപ്പറെ മറികടന്ന് പന്ത് മൈതാനത്തൊന്ന് മുത്തമിട്ട് നേരെ വലയിൽ. (1–0)
ആദ്യപകുതിയുടെ അധിക സമയത്ത് മൂന്നാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. കോർണർ കൂട്ടപ്പൊരിച്ചിലിനിടയിൽ കണ്ണൂർ ബോക്സിനു പുറത്തേക്ക് നീട്ടിക്കിട്ടിയ പന്ത് മുഹമ്മദ് മഹ്ദിയാണ് വേഗതയേറിയ ഷോട്ടിലൂടെ ഗോളാക്കിയത് (2–0). 66–ാം മിനിറ്റിൽ കണ്ണൂർ പ്രതിരോധ താരത്തിന്റെ ദേഹത്ത് തട്ടി തിരിച്ചെത്തിയ പന്ത് ബോക്സിൽ വച്ചു തന്നെ കുതിച്ചെത്തിയ മുഹമ്മദ് റാഷിദ് ലക്ഷ്യം കണ്ടതോടെ ഏകപക്ഷീയ വിജയം (3–0).
ആദ്യ ഹോം മാച്ചിൽ തൃശൂരിനെ 4–0ന് തോൽപ്പിച്ച ആവേശവുമായാണ് മലപ്പുറം കളത്തിലിറങ്ങിയത്. തുടർച്ചയായ രണ്ടാം ഹോം മാച്ചിലും മികച്ച വിജയം നേടാനായത് ആരാധകർക്കും ആവേശമായി. കണ്ണൂരിന് തുടർച്ചയായ രണ്ടാം തോൽവി കൂടിയാണ് ഇന്നലത്തേത്.
English Summary:






English (US) ·