'മലബാര്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ മക്ക';പിറന്നാള്‍ദിനത്തില്‍ ഐ.എം.വിജയന് പോലീസില്‍ നിന്ന് പടിയിറക്കം

8 months ago 7

25 April 2025, 09:15 PM IST

im vijayan

ഐഎം വിജയൻ. ഫോട്ടോ: ബി.മുരളീകൃഷ്ണൻ

മലപ്പുറം: ഇന്ത്യന്‍ ഫുട്‌ബോളിന്റെ മക്കയാണ് മലബാറെന്ന് ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍. ഏറ്റവുമധികം സെവന്‍സ് കളിച്ചത് ഇവിടെയാണെന്നും എംഎസ്പിയില്‍ നിന്ന് വിരമിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും ഐ.എം. വിജയന്‍ പറഞ്ഞു. പോലീസില്‍ നിന്ന് വിരമിക്കുന്ന വേളയില്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍.

മലപ്പുറത്ത് എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റ് ആയിരുന്ന വിജയന് വെള്ളിയാഴ്ച പോലീസ് സേന യാത്രയയപ്പ് നല്‍കിയിരുന്നു. പിറന്നാള്‍ ദിനത്തിലാണ് മുന്‍ താരം പോലീസ് സേനയില്‍ നിന്ന് പടിയിറങ്ങുന്നത്.

'എംഎസ്പിയില്‍ നിന്ന് വിരമിക്കാനായത് എന്നെ സംബന്ധിച്ച് വലിയൊരു ഭാഗ്യമാണ്. എന്നെ ഐ.എം. വിജയനാക്കിയത് മലബാറാണ്. ഏറ്റവുമധികം സെവന്‍സ് കളിച്ചത് ഇവിടെയാണ്. സെവന്‍സ് കളിച്ചിട്ടാണ് ഞാന്‍ പോലീസില്‍ പോയത്. അതിനാല്‍ എംഎസ്പിയില്‍ നിന്ന് വിരമിക്കാന്‍ സാധിച്ചത് ഭാഗ്യമാണ്. '- ഐ.എം. വിജയന്‍ പറഞ്ഞു.

'ഇന്ത്യയില്‍ ഫുട്‌ബോളിന്റെ മക്ക എതാണെന്ന് ചോദിച്ചാല്‍ എല്ലാവരും കൊല്‍ക്കത്തയെന്നൊക്കെ പറയും. പക്ഷേ ഞാന്‍ മലബാറെന്നാണ് പറയുക. കുറേ സ്ഥലത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ഫ്രീഡം കിട്ടിയത് എംഎസ്പിയില്‍ നിന്നാണ്. കാരണം അവര്‍ക്ക് ഫുട്‌ബോളിനെക്കുറിച്ച് അറിയാം. ഐ.എം വിജയനല്ലേ അവന്‍ പോയിട്ടുവരട്ടെ എന്നു പറയും.'

കളിക്കളത്തിലേതുപോലെ സര്‍വീസിലും പ്രതിസന്ധികളുണ്ടായിട്ടുണ്ടെന്നും അതിനെ തരണം ചെയ്തു മുന്നോട്ടുപോയെന്നും അദ്ദേഹം പറഞ്ഞു. വിരമിക്കലിന് ശേഷവും ഫുട്‌ബോളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടരുമെന്നും ഐ.എം. വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: im vijayan kerala constabulary retirement

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article