മലയാള നടന്മാരെയാകെ സംശയനിഴലിൽ നിർത്തി, ലിസ്റ്റിനെ സംഘടനയിൽനിന്ന് പുറത്താക്കണം -സാന്ദ്രാ തോമസ്

8 months ago 9

03 May 2025, 12:57 PM IST

Listin Stephen and Sandra Thomas

ലിസ്റ്റിൻ സ്റ്റീഫൻ, സാന്ദ്രാ തോമസ് | ഫോട്ടോ: Facebook

കൊച്ചി: ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവനയിൽ വിവാദം കൊഴുക്കുന്നു. ലിസ്റ്റിനെതിരെ അതിരൂക്ഷ വിമർശനവുമായി നടിയും നിർമാതാവുമായ സാന്ദ്രാ തോമസ് രം​ഗത്തെത്തി. ലിസ്റ്റിന്റെ പ്രസ്താവന മലയാളത്തിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണെന്ന് അവർ പറഞ്ഞു. ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്വത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സാന്ദ്രാ തോമസ് സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ:

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹിക്കും അസോസിയേഷനിൽ വിശ്വാസമില്ലാതായോ?

സിനിമ സംഘടനകളുടെ ഉദ്ദേശലക്ഷ്യങ്ങളിൽ പ്രധാനം സിനമക്കകത്തുണ്ടാകുന്ന പ്രശ്നങ്ങളെ രമ്യതയിൽ പരിഹരിക്കുക എന്നുള്ളതാണ്. എന്നാൽ ഇന്നലെ ഒരു പൊതുവേദിയിൽ വെച്ച് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികൂടിയായ ലിസ്റ്റിൻ സ്റ്റീഫൻ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണ്. മലയാളസിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്വത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണം.

എനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തിൽ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായി ഞാൻ മുന്നോട്ട് പോയപ്പോൾ എന്നെ സസ്‌പെൻഡ് ചെയ്യാൻ കാണിച്ച (കോടതിയിൽ നിലനിന്നില്ല എങ്കിൽപ്പോലും ) പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതൃത്വം ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കാനുള്ള ആർജ്ജവം കാണിക്കണം. കൂടാതെ ഉന്നതബോഡി എന്ന നിലയിൽ കേരളാ ഫിലിം ചേംബർ സ്വമേധയാ ഈ വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

‘‘മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിലേക്ക് ഇന്നു തിരികൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിനാണ് തിരികൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. കാരണം, അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകും.’’– ലിസ്റ്റിന്റെ ഈ വാക്കുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

Content Highlights: Listin Stephen`s Controversial Statement Sparks Outrage, Sandra Thomas Facebook Post

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article