
'പരം സുന്ദരി'യിലെ ചുവപ്പുനിറത്തിലെ സാരി എന്ന ഗാനരംഗത്തുനിന്ന് | സ്ക്രീൻഗ്രാബ്
സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും മുഖ്യവേഷങ്ങളിലെത്തുന്ന പരം സുന്ദരി എന്ന ചിത്രം വീണ്ടും അതിരൂക്ഷമായ പരിഹാസങ്ങൾ ഏറ്റുവാങ്ങുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡെയ്ഞ്ചർ എന്ന ഗാനമാണ് ട്രോളുകൾക്കുള്ള പുതിയ കാരണം.ഗാനത്തിലെ മലയാളം വരികളാണ് ഇതിനെല്ലാം കാരണം. ചിത്രത്തിന്റെ ട്രെയിലറിലെ മലയാളം സംഭാഷണങ്ങൾ വിമർശനങ്ങൾക്കിടയാക്കിയതിനുപിന്നാലെയാണ് പുതിയ ഗാനത്തിന്റെ പേരിലും ചിത്രം ട്രോൾ പേജുകളിൽ ഇടം പിടിക്കുന്നത്.
സിദ്ധാർത്ഥ് മൽഹോത്രയും ജാൻവിയുമാണ് ഡെയ്ഞ്ചർ എന്ന ഗാനത്തിലുള്ളത്. ഇരുവരുടേയും നൃത്തമാണ് പാട്ടിലെ പ്രധാന ആകർഷണം. ചുവടുകളൊക്കെ കൊള്ളാമെങ്കിലും ഗാനത്തിലെ മലയാളം വരികൾ മലയാളികൾക്ക് അത്രയ്ക്കങ്ങോട്ട് പിടിച്ചിട്ടില്ല. 'ചുവപ്പുനിറത്തിലെ സാരിയിൽ ഞങ്ങൾ എല്ലാം ഡെയ്ഞ്ചർ ആണല്ലോ' എന്നാണ് ഗാനത്തിലെ മലയാളം വരികൾ. ചുവന്ന നിറത്തിലുള്ള സാരി ധരിച്ച ജാൻവി കപൂറാണ് പാട്ടിലുള്ളത്. പാട്ട് പുറത്തുവന്നതിനുപിന്നാലെ യൂട്യൂബിലെ കമന്റ് സെക്ഷൻ മലയാളികൾ ഏറ്റെടുത്തു.
എല്ലാവരും ഒരേ സ്വരത്തിലാണ് മലയാളം വരികളെ വിമർശിച്ചത്. എന്ത് വൃത്തികേടാണ് എഴുതിവെച്ചിരിക്കുന്നത് എന്നാണ് ഒരാൾ ചോദിച്ചത്. ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ചെഴുതിയ വരിയാണോ ഇത് എന്നാണ് വേറൊരു കമന്റ്. എഴുത്തച്ഛൻ ജന്മം നൽകിയ ഈ ആധുനിക ഭാഷയുടെ വധം ആയിരിക്കും ഈ സിനിമയിലൂടെ ഉണ്ടാവുക. ശുദ്ധ സംഗീതം മരിച്ചിട്ടില്ല. മലയാളികൾ ഇത് വെല്ലോം കേൾക്കുന്നുണ്ടോ? ഇവന്മാർ ഇത് നശിപ്പിക്കും എന്നെല്ലാം നീളുന്നു കമന്റുകൾ.
നേരത്തേ ചിത്രത്തിലെ ജാൻവി കപൂറിന്റെ കഥാപാത്രം മലയാളം സംസാരിക്കുന്ന ശൈലിയെ വിമർശിച്ചതിന് മലയാളി കണ്ടന്റ് ക്രിയേറ്റർമാരുടെ റിവ്യൂ വീഡിയോ പരം സുന്ദരിയുടെ നിർമാതാക്കൾ റിപ്പോർട്ട് ചെയ്ത് നീക്കം ചെയ്തിരുന്നു. പകർപ്പവകാശലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
മാഡോക് ഫിലിംസിന്റെ ബാനറിൽ ദിനേഷ് വിജനാണ് പരം സുന്ദരിയുടെ നിർമാണം. തുഷാർ ജലോട്ടയാണ് സംവിധാനം. രഞ്ജി പണിക്കർ, സിദ്ധാർത്ഥ ശങ്കർ, മൻജോത് സിംഗ്, സഞ്ജയ് കപൂർ, ഇനായത്ത് വർമ എന്നിവരാണ് പ്രധാനതാരങ്ങൾ. അർഷ് വോറ, തുഷാർ ജലോട്ട എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് സച്ചിൻ ജിഗർ ഈണമിട്ടിരിക്കുന്നു. സന്താന കൃഷ്ണൻ രവിചന്ദ്രനാണ് ഛായാഗ്രഹണം.
Content Highlights: Param Sundari`s caller opus `Danger` faces backlash for its Malayalam lyrics aft trailer criticism
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·