28 April 2025, 06:24 PM IST
.jpg?%24p=8d7da56&f=16x10&w=852&q=0.8)
ഷാജി എൻ.കരുൺ, പി രാജീവ്. | Photos: Mathrubhumi
പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി വ്യവസായ മന്ത്രി പി.രാജീവ്. മലയാള സിനിമയുടെ ഖ്യാതി അന്താരാഷ്ട്രതലത്തിലുൾപ്പെടെ എത്തിക്കുന്നതിൽ അദ്ദേഹത്തിൻ്റെ പങ്ക് ഒഴിച്ചുകൂടാനാകാത്തതാണെന്ന് പി.രാജീവ് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം
പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മലയാള സിനിമയുടെ ഖ്യാതി അന്താരാഷ്ട്രതലത്തിലുൾപ്പെടെ എത്തിക്കുന്നതിൽ അദ്ദേഹത്തിൻ്റെ പങ്ക് ഒഴിച്ചുകൂടാനാകാത്തതാണ്. ജി അരവിന്ദനൊപ്പം ഷാജി എൻ കരുൺ കൂടുമ്പോൾ സംഭവിച്ചിരുന്ന മാജിക്കുകൾ. കെ ജി ജോർജിനൊപ്പവും എം ടിക്കൊപ്പവും തുടർന്ന ആ വിസ്മയം. പിന്നീട് ഷാജി എൻ കരുൺ സംവിധാന രംഗത്തേക്ക് കടന്നുവന്ന് മലയാളത്തിന് നൽകിയ കലാമൂല്യമുള്ള ഒരുപിടി സിനിമകൾ.. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലുൾപ്പെടെ നിത്യസാന്നിധ്യമായിരുന്നു അദ്ദേഹത്തിൻ്റെ സിനിമകൾ. അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയിൽ കാണാതായ മകനെത്തേടി അലയുന്ന പിതാവിൻ്റെ കഥ പറയുന്ന പിറവിയെന്ന അദ്ദേഹത്തിൻ്റെ ആദ്യ ചിത്രം 31 പുരസ്കാരങ്ങളാണ് നേടിയത്. കാൻ ഉൾപ്പെടെ എഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങളും മലയാള സിനിമയെ ലോക സിനിമയ്ക്ക് മുന്നിൽ കുറിച്ചിട്ടു. ‘പിറവി’ക്കൊപ്പം സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയ സിനിമകൾ ഗൗരവത്തോടെ സിനിമയെ നോക്കിക്കാണുള്ള മലയാളികൾക്കും അല്ലാത്തവർക്കുമുള്ള പാഠപുസ്തകങ്ങൾ കൂടിയായി മാറി.
കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ രൂപീകരണത്തിൽ അദ്ദേഹത്തിൻ്റെ പങ്ക് ഒഴിച്ചുകൂടാനാകാത്തതാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചു. കഴിഞ്ഞ വർഷത്തെ സംസ്ഥാന സർക്കാരിൻ്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ചതും അദ്ദേഹത്തിനായിരുന്നു. പത്മശ്രീയും 7 വീതം ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും ഫ്രഞ്ച് ബഹുമതിയുമെല്ലാം ലഭിച്ച മഹനീയ വ്യക്തിത്വം. സിനിമയുടെ ലോകത്ത് ജീവിച്ച സിനിമയിലൂടെയും സിനിമക്ക് പുറത്തും പുരോഗമന ചേരിക്കൊപ്പം നിലകൊള്ളുകയും ചെയ്ത വ്യക്തി. അസുഖബാധിതനായിരുന്നപ്പോഴും അദ്ദേഹത്തിൻ്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഒട്ടേറെ പരിപാടികളിൽ ഒന്നിച്ച് പങ്കെടുത്തിരുന്നു. വിവിധങ്ങളായ വിഷയങ്ങൾ ഞങ്ങൾ സംസാരിച്ചിരുന്നു. മലയാള സിനിമയെ ലോകം ശ്രദ്ധിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന് എപ്പോഴും സന്തോഷം നൽകുന്ന കാര്യം. ഷാജി എൻ കരുണിൻ്റെ നിര്യാണത്തിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും മലയാള സിനിമാ ലോകത്തിൻ്റെയും പുരോഗമന ചേരിയുടേയും ദുഃഖത്തിൽ പങ്കുചേരുന്നു.
ആദരാഞ്ജലി.
Content Highlights: Minister P. Rajeev mourns the decease of renowned filmmaker Shaji N. Karun
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·