
ഷൈൻ ടോം ചാക്കോ, അഷ്‌റഫ് ഹംസ, ഖാലിദ് റഹ്‌മാൻ
മലയാള സിനിമാരംഗത്തെ ലഹരിക്കേസുകള്‍ തുടര്‍ക്കഥയാവുകയാണ്. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരില്‍നിന്നാണ് ഏറ്റവുമൊടുവില്‍ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെയാണ് എക്‌സൈസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇടനിലക്കാരില്‍നിന്ന് കഞ്ചാവ് വാങ്ങിയ ഷാലിഹ് മുഹമ്മദും ഇവര്‍ക്കൊപ്പം പിടിയിലായി.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇത് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളുമാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു. ലഹരിയുമായി സിനിമാ സെറ്റില്‍നിന്ന് പിടികൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.
സിനിമാ ലൊക്കേഷനില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ച് നടി വിന്‍ സി അലോഷ്യസ് അടുത്തിടെ താരസംഘടനയായ അമ്മയ്ക്കും ഫിലിം ചേംബറിനും പരാതി നല്‍കിയിരുന്നു. സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്നും ഒരു സീന്‍ പരിശീലിക്കുന്നതിനിടയില്‍ ഷൈന്‍ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുന്നത് കണ്ടെന്നുമാണ് വിന്‍ സി വെളിപ്പെടുത്തിയത്. താരസംഘടനയായ അമ്മ, ഫെഫ്ക, ഫിലിം ചേംബര്‍ എന്നിവര്‍ നടിക്ക് പിന്തുണയുമായെത്തിയിരുന്നു. വിന്‍ സി പരാതിയുമായി മുന്നോട്ടുപോകുകയാണെങ്കില്‍ പിന്തുണ നല്‍കുമെന്ന് ഡബ്ല്യുസിസിയും നിലപാടെടുത്തു.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ ഈ മാസം അറസ്റ്റിലായിരുന്നു. സിറ്റി പോലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയതറിഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നീട് പിടിയിലായ നടന്‍ താന്‍ മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. അടുത്തിടെ കണ്ടെത്തിയ ആലപ്പുഴയിലെ ഹൈബ്രിഡ് ലഹരി കേസുമായി ബന്ധപ്പെട്ടും ഷൈന്റെ പേര് ഉയര്‍ന്നുവന്നു.
രണ്ടുകോടിരൂപ വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് കണ്ണൂര്‍ സ്വദേശിനി ചെന്നൈ കത്തിവാക്കം ഉലകനാഥപുരം എണ്ണൂര്‍ ഫോര്‍ത്ത് സ്ട്രീറ്റ് നമ്പര്‍ 85-ല്‍ താമസിക്കുന്ന തസ്ലിമാ സുല്‍ത്താന(ക്രിസ്റ്റീന-41)യെയും ആലപ്പുഴ മണ്ണഞ്ചേരി മല്ലംവെളി കെ. ഫിറോസി(26)നെയും എക്സൈസ് പ്രത്യേകസംഘം അറസ്റ്റുചെയ്തത്. ഏപ്രില്‍ ഒന്നിനാണ് മാരാരിക്കുളത്തെ റിസോര്‍ട്ടില്‍നിന്നാണ് ഇവരെ പിടികൂടിയത്. സിനിമരംഗത്തെ ചിലരുമായി അടുത്ത ബന്ധമുണ്ടെന്നും ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ഇവര്‍ എക്സൈസിനു മൊഴി നല്‍കിയിരുന്നു. ഷൈന്‍, ശ്രീനാഥ് ഭാസി എന്നിവരുടെ പേരും അവര്‍ വെളിപ്പെടുത്തി.
ഈ കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തനിക്ക് ഈ കേസുമായി യാതൊരുവിധ ബന്ധവുമില്ലെന്നും പിടിയിലായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന ഭയത്താലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതെന്നുമാണ് ശ്രീനാഥ് ഭാസി ഹര്‍ജിയില്‍ വ്യക്തമാക്കിയത്. പിന്നീട് ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.
മലയാള സിനിമാരംഗത്ത് ലഹരിയുടെ ഉപയോഗം വ്യാപകമാകുന്നതിനെ കുറിച്ച് ചര്‍ച്ച തുടരുമ്പോഴാണ് പ്രമുഖരായ രണ്ട് സംവിധാകരില്‍നിന്നും നേരിട്ട് ലഹരിവസ്തുക്കള്‍ പിടികൂടിയത്. കഞ്ചാവിനേക്കാള്‍ ഇരട്ടിവിലയുള്ള ഹൈബ്രിഡ് കഞ്ചാവ് എവിടെനിന്നുമാണ് കിട്ടിയതെന്നടക്കമുള്ള വിവരങ്ങളിലേക്ക് അന്വേഷണം തുടരുകയാണ് പോലീസ്.
Content Highlights: Malayalam Film Industry Drug cases
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·