03 May 2025, 07:40 AM IST

മോഹൻലാൽ | ഫോട്ടോ: PTI
മുംബൈ: മലയാളത്തിൽ ആർട്ട് സിനിമയും വാണിജ്യസിനിമയും തമ്മിലുള്ള അതിർത്തി വളരെ നേർത്തതാണെന്ന് നടൻ മോഹൻലാൽ. കേന്ദ്രസർക്കാരിന്റെ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ (വേവ്‌സ്) സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലെജൻഡ്‌സ് ആൻഡ് ലെഗസീസ്: ദി സ്റ്റോറീസ് ദാറ്റ് ഷേപ്പ്ഡ് ഇന്ത്യാസ് സോൾ’ എന്ന സെഷനിൽ മോഡറേറ്ററായ അക്ഷയ് കുമാറിന്റെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു മോഹൻലാൽ. ഒട്ടേറെ പ്രഗല്‌ഭരായ സംവിധായകരുമായി ചേർന്ന് പ്രവർത്തിക്കാൻ തനിക്ക് സാധിച്ചിട്ടുണ്ട്. ആ ചിത്രങ്ങളെ ആർട്ട് സിനിമകൾ എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാൽ, ആർട്ട് സിനിമകൾക്കുപോലും വിനോദമൂല്യമുണ്ടായിരുന്നു. വാണിജ്യസിനിമകൾ എന്ന് വിശേഷിപ്പിക്കപ്പെട്ടവയിൽ കലാമൂല്യമുണ്ടായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
ഉള്ളടക്കത്തിന്റെ കാര്യത്തിൽ മലയാളസിനിമ വളരെ സമ്പന്നമാണ്. പുതിയ സംവിധായകരുടെ വരവോടെ അത് ശക്തിപ്പെട്ടു. അരവിന്ദനെയും പത്മരാജനെയും ഭരതനെയും പോലെയുള്ള സംവിധായകർക്കൊപ്പം പ്രവർത്തിക്കുമ്പോൾതന്നെ വലിയ വാണിജ്യവിജയമുണ്ടാക്കിയ ചിത്രങ്ങളുടെ സംവിധായകനായ പ്രിയദർശന്റെ സിനിമകളിലും അഭിനയിക്കാൻ സാധിച്ചതായും മോഹൻലാൽ പറഞ്ഞു.
സംവാദത്തിൽ മലയാളസിനിമയെ, ഇന്ത്യൻസിനിമയുടെ ബൗദ്ധിക ആത്മാവെന്ന് അക്ഷയ് കുമാർ വിശേഷിപ്പിച്ചു. തെലുഗു നടൻ ചിരഞ്ജീവിയും നടിയും എംപിയുമായ ഹേമമാലിനിയും സംവാദത്തിൽ പങ്കെടുത്തു. തകർക്കാനാവാത്ത അഭിനിവേശവും മികവിനുള്ള അന്വേഷണവുമാണ് തന്നെ നടനെന്നനിലയിൽ ഇവിടെയെത്തിച്ചതെന്ന് ചിരഞ്ജീവി പറഞ്ഞു.
Content Highlights: Mohanlal discusses the bladed enactment betwixt creation and commercialized films successful Malayalam
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·