മലയാളത്തിൽ നിന്ന് വലിയ ഗ്യാപ് എടുക്കുന്നതിനോട് വാപ്പച്ചിക്ക് എതിർപ്പാണെന്ന് ദുൽഖർ, പക്ഷേ ബാക്കപ് മമ്മൂക്കയാണ്!

2 weeks ago 6
മലയാള സിനിമയിൽ ദുൽഖർ സൽമാനെ വീണ്ടും കാണാൻ ഇനി അധികം കാത്തിരിക്കേണ്ടിവരില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച താരം പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലേക്ക് ചുവടുവെച്ച് പാൻ-ഇന്ത്യൻ താരമെന്ന നിലയിലേക്ക് വളർന്നെങ്കിലും, ഈ യാത്രയ്ക്കിടെ സ്വന്തം ഭാഷയിലെ സിനിമകളിൽ വലിയ ഇടവേളയാണ് ഉണ്ടായത്. ഇപ്പോൾ മറ്റ് ഭാഷകളിലെ തിരക്കുകൾക്കും വിജയങ്ങൾക്കും ശേഷം ദുൽഖർ വീണ്ടും മലയാള സിനിമയിലേക്ക് സജീവമായി തിരിച്ചെത്തുമ്പോൾ, ആരാധകരുടെ പ്രധാന ചോദ്യം ഒന്നു മാത്രം, ഇത്തവണ ദുൽഖർ എത്തുന്നത് ഏത് കഥാപാത്രമായിരിക്കും?

ദുൽഖറിന്റെ മലയാള സിനിമയിലെ തിരിച്ചുവരവിന് ഇത്തവണ പ്രത്യേക പ്രാധാന്യമുണ്ട്. മലയാളത്തിൽ നിന്ന് അകന്നുനിന്ന കാലത്ത് താരം നേടിയ വളർച്ച തന്നെയാണ് അതിന് പ്രധാന കാരണം. ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലൂടെ വലിയ സ്വീകാര്യത നേടിയ ദുൽഖർ, തമിഴിലും ഹിന്ദിയിലും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തന്റെ പരിധി വിപുലപ്പെടുത്തി. ഒരു ഭാഷയിലെ താരമെന്നതിലുപരി വിവിധ ഇൻഡസ്ട്രികളിൽ സിനിമകൾ വിജയിപ്പിക്കാൻ കഴിയുന്ന നടനെന്ന നിലയിലാണ് ഇന്ന് ദുൽഖറിന്റെ സ്ഥാനം.

Samayam Malayalamകല്യാണിയുടെ ആ തീരുമാനത്തെ ഞാൻ ആദ്യം എതിർത്തു, ഫസ്റ്റ് കട്ട് കണ്ടപ്പോൾ എന്റെ ധാരണ മാറി ; അച്ഛന്റെ മുൻവിധികൾ തിരുത്തി മകളുടെ പ്രകടനം
ഈ വളർച്ചയ്ക്ക് ശേഷമാണ് താരം വീണ്ടും മലയാളത്തിലേക്ക് എത്തുന്നത് എന്നതാണ് ഇപ്പോഴത്തെ കാത്തിരിപ്പിന് പ്രധാന കാരണം. ‘സെക്കൻഡ് ഷോ’ മുതൽ ‘ഉസ്താദ് ഹോട്ടൽ’, ‘ബാംഗ്ലൂർ ഡെയ്സ്’, ‘ചാർലി’, ‘കമ്മട്ടിപ്പാടം’, ‘കലി’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിൽ വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിച്ച ദുൽഖർ, ഓരോ തിരിച്ചുവരവിലും പുതിയൊരു ഇമേജ് സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുള്ള നടനാണ്. അതുകൊണ്ടുതന്നെ ഇത്തവണയും പതിവ് ദുൽഖർ കഥാപാത്രമല്ല, വ്യത്യസ്തമായൊരു വേഷമായിരിക്കുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

മലയാളത്തിൽ ദുൽഖറിന് ലഭിച്ച സ്വീകാര്യതയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ‘ചാർലി’യിലെ ചാർളിയും ‘കമ്മട്ടിപ്പാട’ത്തിലെ കൃഷ്ണനും പോലുള്ള കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഓർമയിൽ ശക്തമായി നിലനിൽക്കുന്നു. ‘കുറുപ്പ്’ പോലുള്ള ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയപ്പോഴും താരത്തിന്റെ ബോക്സ് ഓഫീസ് സ്വാധീനം വ്യക്തമായിരുന്നു. എന്നാൽ പിന്നീട് മറ്റ് ഭാഷകളിലെ തിരക്കുകൾ വർധിച്ചതോടെ മലയാളത്തിൽ ദുൽഖറിന്റെ സാന്നിധ്യം വീണ്ടും കുറഞ്ഞു.


ഇതിനിടെയാണ് വെങ്കി അറ്റ്‌ലൂരിയുമായുള്ള ദുൽഖറിന്റെ തുറന്ന സംഭാഷണത്തിലെ ചില വാക്കുകൾ ഇതിനിടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ‘ ഐ ആം ഗെയിം ’ റിലീസിന് മുന്നോടിയായി നടന്ന സംഭാഷണത്തിൽ തന്റെ കരിയർ തീരുമാനങ്ങളെക്കുറിച്ച് സംസാരിക്കവെ, രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ മാത്രം മലയാള സിനിമ ചെയ്യുന്നതിൽ പിതാവും മെഗാസ്റ്റാറുമായ മമ്മൂട്ടിക്ക് അത്ര സന്തോഷമില്ലെന്ന് ദുൽഖർ രസകരമായി പറഞ്ഞിരുന്നു.

എന്നാൽ മമ്മൂട്ടി യുടെ ഈ അഭിപ്രായം തന്റെ കരിയറിന് മേലുള്ള സമ്മർദമായി ദുൽഖർ കാണുന്നില്ല. എന്ത് സിനിമ ചെയ്യണം, എന്ത് കഥാപാത്രം തിരഞ്ഞെടുക്കണം തുടങ്ങിയ കാര്യങ്ങളിൽ സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം പിതാവ് നൽകിയിട്ടുണ്ടെന്നാണ് താരം വ്യക്തമാക്കിയത്. സ്വന്തം തെറ്റുകളിൽ നിന്ന് പഠിക്കാനും സ്വന്തം വഴിയിലൂടെ മുന്നോട്ടുപോകാനും മമ്മൂട്ടി തന്നെ അനുവദിച്ചുവെന്നും ദുൽഖർ പറഞ്ഞു.


അതേസമയം, പിതാവിനെ ദുൽഖർ വിശേഷിപ്പിച്ച ‘സേഫ്റ്റി നെറ്റ്’ എന്ന വാക്കും ശ്രദ്ധേയമായി. സ്വന്തം തീരുമാനങ്ങൾ തെറ്റിപ്പോയാലും കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ നടന്നില്ലെങ്കിലും പിന്നിൽ മമ്മൂട്ടിയുടെ പിന്തുണയുണ്ടാകുമെന്ന ആത്മവിശ്വാസമാണ് ആ വാക്കുകളിൽ വ്യക്തമാകുന്നത്. മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യുക എന്നതിലുപരി തനിക്ക് താൽപര്യമുള്ള കഥകളും കഥാപാത്രങ്ങളും മാത്രം തിരഞ്ഞെടുക്കുന്ന സമീപനമാണ് ദുൽഖർ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ ഒരു ദുൽഖർ മലയാള ചിത്രം പ്രഖ്യാപിക്കപ്പെടുമ്പോൾ തന്നെ അതിന് വലിയ പ്രതീക്ഷ ലഭിക്കാറുണ്ട്.


മലയാളത്തിൽ നിന്ന് പുറത്തേക്ക് പോയ ദുൽഖർ, ഇപ്പോൾ മലയാളത്തിലേക്ക് മടങ്ങുന്നത് മുൻകാല ദുൽഖറായല്ല. വിവിധ ഭാഷകളിൽ വിജയിച്ച ചിത്രങ്ങളുടെ അനുഭവവും പാൻ-ഇന്ത്യൻ താരമെന്ന നിലയിൽ നേടിയ സ്വീകാര്യതയും ഒപ്പമെടുത്താണ് ഈ തിരിച്ചുവരവ്. അതുകൊണ്ടുതന്നെ അടുത്ത മലയാള ചിത്രത്തിൽ ദുൽഖർ എന്ത് തിരഞ്ഞെടുക്കും എന്നത് അദ്ദേഹത്തിന്റെ ആരാധകർ മാത്രമല്ല, മലയാള സിനിമാ പ്രേക്ഷകർ ഒന്നാകെ ഉറ്റുനോക്കുന്ന കാര്യമാണ്. പ്രണയനായകനായിരിക്കുമോ, ആക്ഷൻ കഥാപാത്രമായിരിക്കുമോ, അതോ ഇതുവരെ കാണാത്തൊരു വേഷത്തിലൂടെയായിരിക്കുമോ തിരിച്ചുവരവ് ഇതിന്റെ ഉത്തരം അറിയാൻ ഇനി അടുത്ത സിനിമക്കായി കാത്തിരിക്കണം.

മറ്റ് ഭാഷകളിൽ തന്റെ സാന്നിധ്യം ഉറപ്പിച്ച ശേഷം സ്വന്തം തട്ടകത്തിലേക്കുള്ള ദുൽഖറിന്റെ തിരിച്ചുവരവ് ഇനി ഒരു സാധാരണ സിനിമാ വരവല്ല. മലയാളത്തിൽ ദുൽഖറിനെ വീണ്ടും കാണാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന്, താരം ഇത്തവണ നൽകാൻ പോകുന്ന മറുപടി എന്തായിരിക്കുമെന്നതാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

Read Entire Article