മലയാളത്തിൽനിന്ന് വീണ്ടുമൊരു വമ്പൻചിത്രം; ജയസൂര്യയുടെ 'കത്തനാർ' ഫസ്റ്റ്ലുക്ക് പുറത്ത്

4 months ago 5

Kathanar

കത്തനാർ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന കത്തനാർ എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പുറത്ത്. നടൻ ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടത്. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ. രാമാനന്ദ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് ചിത്രത്തിൻ്റെ കോ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.

മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്ന ബ്രഹ്മാണ്ഡ സിനിമാനുഭവമായി ആണ് ചിത്രം എത്തുക എന്ന പ്രതീക്ഷയാണ് ഫസ്റ്റ് ലുക്ക് സമ്മാനിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ഗ്ലിംസ് വീഡിയോ വമ്പൻ പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായി കത്തനാർ മാറുമെന്നും ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ഗ്ലിംസ് എന്നിവ സൂചിപ്പിക്കുന്നു.

കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാൽ നമ്മൾ കാലങ്ങളായി കേട്ട് ശീലിച്ച കഥകളിൽ നിന്നും കണ്ട് ശീലിച്ച ചിത്രങ്ങളിൽ നിന്നുമെല്ലാം തീർത്തും വ്യത്യസ്തമായ ഒരു രീതിയിലാണ് ഈ ചിത്രത്തിൽ കത്തനാർ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത് എന്ന സൂചനയും ഫസ്റ്റ്ലുക്ക് സമ്മാനിക്കുന്നുണ്ട്. ഒന്നര വർഷം നീണ്ട കത്തനാറിൻ്റെ ചിത്രീകരണം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പൂർത്തിയായത്. ഇന്ദ്രൻസ് നായകനായ, ദേശീയ പുരസ്കാരം നേടിയ ‘ഹോം’ എന്ന ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാർ. വെർച്വൽ പ്രൊഡക്ഷൻ ഉൾപ്പെടെയുള്ള അതിനൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

ജയസൂര്യ ടൈറ്റിൽ വേഷം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർ നായികാ താരം അനുഷ്ക ഷെട്ടി, തമിഴിൽ നിന്ന് പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിതീഷ് ഭരദ്വാജ് (ഞാൻ ഗന്ധർവൻ ഫെയിം), മലയാളത്തിൽ നിന്ന് സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പതിൽ അധികം ഭാഷകളിലായി രണ്ട് ഭാ​ഗങ്ങളിലായാണ് ചിത്രം എത്തുന്നത്.

ഛായാഗ്രഹണം- നീൽ ഡി കുഞ്ഞ, സംഗീതം- രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, എഡിറ്റിംഗ് - റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈൻ - രാജീവൻ, ആക്ഷൻ- ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, വിഎഫ്എക്സ് സൂപ്പർവൈസർ - വിഷ്ണു രാജ്, വിർച്വൽ പ്രൊഡക്ഷൻ ഹെഡ് - സെന്തിൽ നാഥ്, കലാ സംവിധാനം - അജി കുട്ടിയാനി, രാം പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ധു പനക്കൽ, പിആർഒ - ശബരി, വാഴൂർ ജോസ്.

Content Highlights: Kathanar First Look Released: Jayasurya's Epic Transformation Unveiled

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article