
പരംസുന്ദരി എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: X
സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും മുഖ്യവേഷങ്ങളിലെത്തുന്ന പരംസുന്ദരി എന്ന ചിത്രം കൂടുതൽ വിവാദങ്ങളിലേക്ക്. ട്രെയിലറിലെ ജാൻവിയുടെ കഥാപാത്രം മലയാളം സംസാരിക്കുന്ന രീതിയെ വിമർശിച്ച കൂടുതൽ വ്ലോഗർമാരുടേയും കണ്ടന്റ് ക്രിയേറ്റർമാരുടേയും വീഡിയോകൾ നീക്കം ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കൾ. നടികൂടിയായ പവിത്ര മേനോനുപിന്നാലെ വേദാംഗി എന്ന കണ്ടന്റ് ക്രിയേറ്ററും പരംസുന്ദരിയുടെ നിർമാതാക്കൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
പരംസുന്ദരിയുടെ ട്രെയിലറിനെ വിമർശിച്ചതിന് ശേഷം തന്റെ വീഡിയോയും നീക്കം ചെയ്യപ്പെട്ടുവെന്ന് വേദാംഗി ആരോപിച്ചു. ഈ സിനിമയുടെ പിന്നിലുള്ള ടീം എല്ലാ മലയാളി ക്രിയേറ്റർമാരെയും നിശ്ശബ്ദരാക്കുകയാണ്. നിരവധി ക്രിയേറ്റർമാർ ഇതേപ്പറ്റി പരാതിപ്പെടുന്നുണ്ട്. ശരിയായ ഗവേഷണം നടത്തുന്നതിന് പകരം, അവർ കേരളത്തിന്റെ സംസ്കാരത്തെ ചൂഷണം ചെയ്യാൻ തീരുമാനിച്ചു. ഈ ചിത്രീകരണം യാഥാർത്ഥ്യവുമായി യാതൊരു ബന്ധമില്ലാത്തതും അനാദരവുമാണെന്ന് വേദാംഗി പറഞ്ഞു.
"ആ വിമർശനം പ്രകടിപ്പിക്കാൻ ഞങ്ങൾക്ക് അനുവാദമുണ്ട്. എന്നാൽ ട്രെയിലറിനെ കളിയാക്കിയ എല്ലാ മലയാളി ക്രിയേറ്റർമാർക്കും പകർപ്പവകാശലംഘനത്തിന് സ്ട്രൈക്ക് ലഭിക്കുന്നു. ഇത് വ്യക്തമായും നിശ്ശബ്ദമാക്കലാണ്. നിങ്ങൾക്ക് ഒരു മലയാളി നടിയെ അഭിനയിപ്പിക്കാമായിരുന്നു. അല്ലെങ്കിൽ അവർക്ക് വേണ്ടി ഡബ്ബ് എങ്കിലും ചെയ്യാമായിരുന്നു. ഞങ്ങളെ നിശ്ശബ്ദരാക്കിയത് നിങ്ങൾക്ക് ഗുണം ചെയ്‌തെന്ന് കരുതുന്നു." അവർ പരിഹസിച്ചു.
പരംസുന്ദരിയിൽ ജാൻവി സംസാരിക്കുന്ന മലയാളത്തെ വിമർശിച്ചുകൊണ്ടാണ് നേരത്തേ പവിത്ര മേനോനും വീഡിയോ ചെയ്തത്. "ഒരു മലയാളി നടിയെ അഭിനയിപ്പിക്കുന്നതിൽ എന്താണ് പ്രശ്നം? ഞങ്ങൾക്ക് കഴിവ് കുറവാണോ? കേരളത്തിൽ ഇതൊന്നും സംഭവിക്കുന്നില്ല. ഞങ്ങൾ എല്ലായിടത്തും മുല്ലപ്പൂവ് ചൂടുകയോ ഓഫീസുകളിലും വീടുകളിലും മോഹിനിയാട്ടം കളിക്കുകയോ ചെയ്യുന്നില്ല. ഉച്ചാരണത്തിൽ ചലച്ചിത്ര പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ, തിരുവനന്തപുരം എന്നതിന് പകരം ട്രിവാൻഡ്രം എന്ന് പറഞ്ഞാലും ഞങ്ങൾ സന്തോഷവാന്മാരായിരിക്കും," വീഡിയോയിൽ പവിത്ര പറഞ്ഞിരുന്നു. ഇതാണ് പിന്നീട് നീക്കം ചെയ്തത്.
ഈ വിഡിയോയിലെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്തിയ പുതിയ വീഡിയോ പവിത്ര പിന്നീട് പോസ്റ്റ് ചെയ്തിരുന്നു. തങ്ങളുടെ സംസ്കാരത്തെ തെറ്റായി ചിത്രീകരിക്കുന്ന ബോളിവുഡിനെതിരെ നിരവധി മലയാളികൾ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വിവാദം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
Content Highlights: Malayali contented creators knock `Param Sundari` for taste misrepresentation
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·