Published: June 13 , 2025 09:56 PM IST
1 minute Read
മലപ്പുറം ∙ മലയാളിയായി ചിന്തിച്ചാൽ, കയ്പയ്ക്ക ഉപ്പേരി ഇഷ്ടപ്പെട്ടു തുടങ്ങേണ്ട പ്രായമാണ് 40. വിഭവസമൃദ്ധമായ സ്വപ്നങ്ങളിൽനിന്നു മടങ്ങി ഉള്ളതുകൊണ്ട് ഓണമാക്കിത്തുടങ്ങേണ്ട പ്രായം. അസാധാരണത്വത്തിൽനിന്ന് സാധാരണത്വത്തിലേക്കുള്ള മടക്കസമയം. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു മാത്രം ഇതു മനസ്സിലാകുന്നില്ല. അദ്ദേഹം ഇപ്പോഴും അനശ്വരതയിലേക്കുള്ള പാലം കയറിക്കൊണ്ടേയിരിക്കുന്നു. ഏറ്റവും മധുരമേറിയ വിജയങ്ങൾക്കുവേണ്ടി ദാഹം മറന്നോടുന്നു. പ്രായം ഏതു നമ്പറായാലും അതിനെ ബംപറാക്കി മാറ്റുന്നു. യുവേഫ നേഷൻസ് ലീഗ് കിരീടം നേടി നിൽക്കുന്ന റോണോയുടെ ചിത്രം, പച്ചപ്പുൽ മൈതാനത്തിലുറപ്പിച്ച ഇച്ഛാശക്തിയുടെ കൊടിമരം പോലെ തോന്നുന്നുവെങ്കിൽ അതിലൊട്ടും അദ്ഭുതം വേണ്ട. ആ മനുഷ്യൻ അതു തന്നെയാണ്. തലകുനിക്കാത്ത ഇച്ഛാശക്തിയുടെ പ്രതീകം.
സ്പെയിനുമായുള്ള ഫൈനലിനു ശേഷം ക്രിസ്റ്റ്യാനോ പറഞ്ഞതിങ്ങനെയാണ്. ‘വലിയ ആഗ്രഹങ്ങളുള്ള ചെറിയൊരു രാജ്യമാണ് ഞങ്ങളുടേത്’. അതിതീവ്രമായ അതേ ആഗ്രഹം തന്നെയാണ് പോർച്ചുഗലെന്ന ചെറിയ രാജ്യത്തെ യൂറോപ്പ് ഫുട്ബോളിലെ ഏറ്റവും വലിയ രാജ്യമാക്കി മാറ്റുന്നത്. മറ്റൊരു താരവുമായി താരതമ്യം ചെയ്തു ക്രിസ്റ്റ്യാനോയിൽ കുറവു കണ്ടെത്തുന്നവർക്കു മറുപടിയാകുന്നത്.
പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ നേടുന്ന രണ്ടാമത്തെ യുവേഫ ചാംപ്യൻഷിപ്പാണിത്. 2019ൽ ആയിരുന്നു ഇതിൽ ആദ്യത്തേത്. ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ രണ്ടാമത്തേതുകൂടി കഴിഞ്ഞദിവസം സ്വന്തമാക്കി. പ്രായമായില്ലേ, ഷെഡിൽ കയറാനായില്ലേ എന്ന പരിഹാസങ്ങൾക്ക് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോയുടെ ഈ ചാംപ്യൻഷിപ്പിലെ പ്രകടനം തന്നെ മറുപടി നൽകും. സ്വീഡന്റെ വിക്ടർ ഗ്യോകേഴ്സ് (9 ഗോൾ) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമാണ് റൊണാൾഡോ.
പോർച്ചുഗൽ നേടിയ 22 ഗോളുകളിൽ എട്ടെണ്ണം ക്യാപ്റ്റന്റെ സംഭാവനയായിരുന്നു. ഫൈനലിൽ തോൽക്കാമായിരുന്ന ടീമിനെ 61–ാം മിനിറ്റിൽ സമനില ഗോൾ നേടി കളിയിലേക്കു തിരിച്ചുകൊണ്ടുവന്നതും ക്രിസ്റ്റ്യാനോ തന്നെ. തനിക്കൊന്നാമതാകണമെന്നു വാശി പിടിക്കുന്നയാൾക്ക് ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകാനാവില്ലെന്ന് പറഞ്ഞവരെ നിരാശപ്പെടുത്തുന്നതായിരുന്നു റോണോ മൈതാനത്തു പ്രദർശിപ്പിച്ച നേതൃപാടവം. ഒത്തിണക്കത്തോടെ കളിച്ച പോർച്ചുഗൽ ടീം അതിനുദാഹരണവും. പാസിങ് കൃത്യത നോക്കിയാൽ ഇംഗ്ലണ്ടിനു (90.7%) പിന്നിൽ രണ്ടാം സ്ഥാനത്ത് പോർച്ചുഗലാണ് (89.7%).
സ്പോർട്ടിങ് ലിസ്ബണിൽനിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ ക്രിസ്റ്റ്യാനോയ്ക്ക് പരിശീലകൻ സർ അലക്സ് ഫെർഗൂസൻ ആണ് ഏഴാം നമ്പർ ജഴ്സി സമ്മാനിക്കുന്നത്. ജോർജ് ബെസ്റ്റ് മുതൽ ബ്രയാൻ റോബ്സൺ അടക്കമുള്ള ക്ലബ്ബിന്റെ മികച്ച താരങ്ങളുടെ നമ്പറായിരുന്നു ഏഴ്. പക്ഷേ, ക്രിസ്റ്റ്യാനോയ്ക്ക് ആ നമ്പർ ഇഷ്ടമായത് മറ്റൊരു കാര്യം കൊണ്ടായിരുന്നു. ഏഴാം നമ്പർ പോർച്ചുഗലിന്റെ ഇതിഹാസ താരം ലൂയിസ് ഫിഗോയുടെ ജഴ്സി നമ്പർ ആയിരുന്നു എന്നതായിരുന്നു ആ കാരണം. രാജ്യത്തിനായി ഫിഗോയെപ്പോലെ കളിക്കാൻ ആഗ്രഹിച്ച ചെറുപ്പക്കാരൻ മോഹിച്ച അതേ നമ്പർ.
ണ്ടാം തവണയും ഏഴാം നമ്പർ ജഴ്സിയണിഞ്ഞ് പോർച്ചുഗലിനെ യൂറോപ്പിന്റെ ചാംപ്യന്മാരാക്കിയ ഈ വിജയം അങ്ങനെ ലൂയിസ് ഫിഗോ എന്ന റോൾ മോഡലിനുള്ള സമ്മാനം കൂടിയാകുന്നു.
English Summary:









English (US) ·