Published: April 18 , 2025 09:49 PM IST Updated: April 19, 2025 12:29 AM IST
1 minute Read
ബെംഗളൂരു∙ ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിങ്സിന് അഞ്ച് വിക്കറ്റ് വിജയം. മഴ കാരണം 14 ഓവറായി ചുരുക്കിയ മത്സരത്തിൽ ആർസിബി ഉയർത്തിയ 96 റൺസ് വിജയലക്ഷ്യത്തിലേക്ക് 12.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് എത്തി. 19 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്ന നേഹൽ വധേര പഞ്ചാബിന്റെ ടോപ് സ്കോററായി. ഏഴു മത്സരങ്ങൾ പൂർത്തിയായപ്പോൾ അഞ്ചു വിജയങ്ങളുള്ള പഞ്ചാബിന് 10 പോയിന്റായി. നിലവിൽ രണ്ടാം സ്ഥാനക്കാരാണ് പഞ്ചാബ്. എട്ടു പോയിന്റുമായി ആർസിബി നാലാം സ്ഥാനത്തും തുടരുന്നു.
മറുപടി ബാറ്റിങ്ങിൽ ഓപ്പണിങ് വിക്കറ്റിൽ 22 റൺസ് കൂട്ടുകെട്ടുണ്ടാക്കാൻ പ്രിയാൻഷ് ആര്യയ്ക്കും പ്രബ്സിമ്രൻ സിങ്ങിനും സാധിച്ചു. പ്രിയാന്‍ഷ് 11 പന്തിൽ 16 ഉം പ്രബ്സിമ്രൻ ഒൻപതു പന്തിൽ 13 ഉം റൺസെടുത്തു പുറത്തായി. പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെയും (ഏഴ്), ജോഷ് ഇംഗ്ലിസിനെയും (14) പുറത്താക്കിയ ജോഷ് ഹെയ്‍സൽവുഡ് ബെംഗളൂരുവിനു വിജയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ നേഹൽ വധേരയുടെ ചെറുത്തുനിൽപ് 12.1 ഓവറിൽ പഞ്ചാബിനെ വിജയത്തിലെത്തിച്ചു. രണ്ടു പന്തിൽ ഏഴു റൺസുമായി മാർകസ് സ്റ്റോയ്നിസും പുറത്താകാതെനിന്നു.
ആർസിബി 14 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 95 റൺസെടുത്തു. 26 പന്തിൽ മൂന്ന് സിക്സറുകൾ അടക്കം 50 റൺസെടുത്തു പുറത്താകാതെനിന്ന ടിം ഡേവിഡിന്റെ ചെറുത്തുനിൽപാണ് വൻ നാണക്കേടിൽനിന്ന് ബെംഗളൂരുവിനെ രക്ഷിച്ചത്. ആർസിബി നിരയിൽ ക്യാപ്റ്റൻ രജത് പാട്ടീദാറും രണ്ടക്കം കടന്നു. 18 പന്തുകൾ നേരിട്ട താരം 23 റൺസടിച്ചു.രണ്ടു മണിക്കൂറോളം ബെംഗളൂരുവിൽനിന്നു പെയ്ത മഴയുടെ തണുപ്പ് ആർസിബിയുടെ ബാറ്റിങ്ങിലും പ്രകടമായിരുന്നു.
ആവേശമെല്ലാം ബെംഗളൂരുവിലെ മഴവെള്ളത്തിൽ ഒലിച്ചുപോയപോലെ. 42 റൺസെടുക്കുന്നതിനിടെ ബെംഗളൂരുവിന്റെ ഏഴു വിക്കറ്റുകൾ വീണു. ഭുവനേശ്വര്‍ കുമാർ (എട്ട്), ഫിൽ സോൾട്ട് (നാല്), ലിയാം ലിവിങ്സ്റ്റന്‍ (നാല്), ജിതേഷ് ശർമ (രണ്ട്), വിരാട് കോലി (ഒന്ന്), ക്രുനാൽ പാണ്ഡ്യ (ഒന്ന്), മനോജ് ബന്ധാകെ (ഒന്ന്) എന്നിവരെല്ലാം ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, മാർകോ യാൻസൻ, യുസ്‍വേന്ദ്ര ചെഹൽ, ഹർപ്രീത് ബ്രാർ എന്നിവര്‍ രണ്ടു വിക്കറ്റുകൾ വീഴ്ത്തി.
English Summary:








English (US) ·