ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഭൂരിഭാഗം സമയവും കാര്യങ്ങള്‍ ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ട സെഞ്ചുറി (269) മികവില്‍ 587 റണ്‍സടിച്ചതും രണ്ടാം ഇന്നിങ്‌സില്‍ ഗില്ലിന്റെ തന്നെ സെഞ്ചുറി (161) മികവില്‍ 427 റണ്‍സ് നേടിയതുമെല്ലാം മത്സരത്തിലെ ഇന്ത്യയുടെ മേല്‍ക്കോയ്മയ്ക്ക് തെളിവായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക് - ജാമി സ്മിത്ത് സഖ്യത്തിന്റെ 303 റണ്‍സ് കൂട്ടുകെട്ടിന്റെ സമയം മാത്രമായിരുന്നു മത്സരത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടമായത്. എന്നാല്‍ എജ്ബാസ്റ്റണ്‍ ഗ്രൗണ്ടില്‍ ആദ്യ ടെസ്റ്റ് ജയം കുറിക്കാമെന്നുള്ള ഇന്ത്യയുടെ മോഹത്തിന് മഴ തിരിച്ചടിയാകുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നാം ഇന്നിങ്‌സില്‍ 180 റണ്‍സ് ലീഡ് നേടിയിട്ടും രണ്ടാം ഇന്നിങ്‌സ് 427 റണ്‍സ് വരെ കൊണ്ടുപോയി ഇംഗ്ലണ്ടിനു മുന്നില്‍ 608 റണ്‍സിന്റെ കൂറ്റന്‍ വിജലക്ഷ്യം ഉയര്‍ത്താനുള്ള ഇന്ത്യയുടെ തീരുമാനം തിരിച്ചടിയാകുമോ എന്നതും കണ്ടറിയണം. നിലവില്‍ മഴ കാരണം അഞ്ചാം ദിവസത്തെ മത്സരം വൈകുകയാണ്. 608 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകളും ഇന്ത്യ വീഴ്ത്തിക്കഴിഞ്ഞു. നിലവില്‍ മൂന്നിന് 72 റണ്‍സെന്ന നിലയിലാണ് അവര്‍. അവസാന ദിനം ജയിക്കാന്‍ ഏഴു വിക്കറ്റുകള്‍ കൂടിയേ ഇന്ത്യയ്ക്ക് വേണ്ടൂ. എന്നാല്‍ ഞായറാഴ്ച എജ്ബാസ്റ്റണിലെ കാലാവസ്ഥാ പ്രവചനം കണക്കിലെടുക്കുമ്പോള്‍ മഴ പെയ്യാനുള്ള സാധ്യത 60 ശതമാനത്തിലധികമാണ്.
എജ്ബാസ്റ്റണ്‍ സമയം രാവിലെ 11 മണിക്കാണ് (ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30) മത്സരം ആരംഭിക്കേണ്ടത്. എന്നാല്‍ കനത്തമഴ പെയ്തതോടെ ആദ്യ സെഷനിലെ മത്സരം വൈകുകയാണ്. പ്രാദേശിക സമയം രാവിലെ 10.30 വരെ ശക്തമായ മഴപെയ്യുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനം. എജ്ബാസ്റ്റണില്‍ 10.30 കഴിഞ്ഞും മഴ തുടര്‍ന്നു. മഴ മേഘങ്ങള്‍ എജ്ബാസ്റ്റണിലെ ആകാശത്ത് അതിനപ്പുറവും തുടരുമെന്നാണ് പ്രവചനം. അഞ്ചാം ദിനം ഇംഗ്ലണ്ടിന്റെ ഏഴു വിക്കറ്റുകള്‍ വീഴ്ത്തുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലെങ്കിലും മഴ തുടര്‍ന്നാല്‍ അത് ഇന്ത്യയുടെ വിജയത്തെ ബാധിക്കും. അതിനാല്‍ തന്നെ കാലാവസ്ഥാ പ്രവചനം മുന്നില്‍ കണ്ട് ഇന്ത്യ നാലാം ദിനം നേരത്തേ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യേണ്ടതായിരുന്നുവെന്നാണ് വിവിധ കോണുകളില്‍ നിന്നുള്ള അഭിപ്രായം.
പ്രാദേശിക സമയം 12 മണിക്ക് (ഇന്ത്യന്‍ സമയം 4.30) 46 ശതമാനമാണ് മഴയ്ക്കുള്ള സാധ്യത. പ്രാദേശിക സമയം ഒരു മണിവരെ (ഇന്ത്യന്‍ സമയം 5.30) മഴയ്ക്കുള്ള സാധ്യത 47 ശതമാനമാണ്. പ്രാദേശിക സമയം രണ്ടു മണിയോടെയാണ് (ഇന്ത്യന്‍ സമയം 6.30) മഴ കുറയാനുള്ള സാധ്യതയുള്ളതെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍ എജ്ബാസ്റ്റണില്‍ ഇപ്പോള്‍ മഴ മാറിനില്‍ക്കുന്നുണ്ടെന്നും പിച്ചിനു സമീപത്തെ കവറുകള്‍ മാറ്റിയിട്ടുണ്ടെന്നുമാണ് വിവരം. ഗ്രൗണ്ട് സ്റ്റാഫുകള്‍ സൂപ്പര്‍സോപ്പറുകള്‍ ഉപയോഗിച്ച് ഗ്രൗണ്ട് ഉണക്കാനുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തില്‍ മഴ തുടര്‍ന്നില്ലെങ്കില്‍ ഉച്ചഭക്ഷണത്തിനു ശേഷമാകും മത്സരം ആരംഭിക്കുക. രണ്ടു സെഷന്‍ പൂര്‍ണമായും ലഭിക്കുമെന്നാണ് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ. അതേസമയം എജ്ബാസ്റ്റണിലെ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായതും ആകാശം മേഘങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നതും തണുത്ത കാറ്റിന്റെ സാന്നിധ്യവും ഇന്ത്യന്‍ പേസര്‍മാര്‍ക്ക് അനുകൂലമാണ്. സാഹചര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി പന്തെറിയാനായാല്‍ എജ്ബാസ്റ്റണില്‍ ഇന്ത്യ ചരിത്രമെഴുതും.
Content Highlights: Heavy rainfall threatens to disrupt India`s imaginable triumph successful the 2nd Test against England








English (US) ·