Published: May 06 , 2025 07:21 PM IST Updated: May 07, 2025 01:49 AM IST
2 minute Read
-
അവസാന ഓവറിൽ ലക്ഷ്യം 15, അവസാന പന്തിൽ ജയം
-
ഗുജറാത്ത് ഒന്നാമത്
മുംബൈ ∙ മഴയിൽ ഭാവം മാറിയ പിച്ചിനും വീര്യം കൂടിയ മുംബൈ ബോളർമാർക്കും ഗുജറാത്തിന്റെ വിജയത്തിനു തടയിടാനായില്ല. വാങ്കഡെ സ്റ്റേഡിയത്തിൽ തിമിർത്തുപെയ്ത മഴ ഗതി തിരിച്ച ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് 3 വിക്കറ്റിന്റെ നാടകീയ ജയം. ആദ്യം ബാറ്റു ചെയ്ത മുംബൈയെ 155 റൺസിൽ എറിഞ്ഞൊതുക്കിയ ഗുജറാത്തിന്റെ മറുപടി ബാറ്റിങ്ങിനിടെ 2 തവണ മഴ വില്ലനായെത്തി. ഒടുവിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമ പ്രകാരം 19 ഓവറിൽ 147 റൺസായി വിജയലക്ഷ്യം പുനർനിർണയിച്ചു. ദീപക് ചാഹർ എറിഞ്ഞ അവസാന ഓവറിൽ 15 റൺസ് വേണ്ടിയിരുന്ന ഗുജറാത്ത് അവസാന പന്തിലാണ് വിജയമുറപ്പിച്ചത്.
സ്കോർ: മുംബൈ–20 ഓവറിൽ 8ന് 155. ഗുജറാത്ത്–19 ഓവറിൽ 7ന് 147 (ഡിഎൽഎസ്). ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് പ്ലെയർ ഓഫ് ദ് മാച്ച്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തിയ ഗുജറാത്ത് പ്ലേഓഫ് സ്ഥാനവും ഏറക്കുറെ ഉറപ്പാക്കി. നാലാം സ്ഥാനത്തുള്ള മുംബൈയ്ക്ക് ഇനിയുള്ള 2 മത്സരങ്ങളും നിർണായകമായി.
മഴയെത്തും മുൻപേ
156 റൺസിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനെ ശുഭ്മൻ ഗില്ലും (46 പന്തിൽ 43) ജോസ് ബട്‍ലറും (27 പന്തിൽ 30) ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കരുതലോടെ മുന്നോട്ടു നയിച്ചു. 14–ാം ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്ത ഗുജറാത്ത് അനായാസ വിജയം നേടുമെന്നു കരുതിയപ്പോഴാണ് ആദ്യം മഴയെത്തുന്നത്. അരമണിക്കൂറിനുശേഷം മഴ ശമിച്ച് മത്സരം പുനരാരംഭിച്ചപ്പോൾ കളിയുടെ ഗതി തിരിഞ്ഞു. ഗ്രൗണ്ടിലെ ഈർപ്പവും പിച്ചിന്റെ മർമവും തിരിച്ചറിഞ്ഞ് ആഞ്ഞുവീശിയ മുംബൈയുടെ പേസ് ബോളിങ് കൊടുങ്കാറ്റിൽ ഗുജറാത്ത് ബാറ്റിങ് നിര ആടിയുലഞ്ഞു. ജസ്പ്രീത് ബുമ്ര നയിച്ച പേസ് ആക്രമണം അടുത്ത 4 ഓവറിനിടെ 25 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് പിഴുതു. ശുഭ്മൻ ഗിൽ (43), ഷെർഫെയ്ൻ റുഥർഫോഡ് (28), ഷാരൂഖ് ഖാൻ (6), റാഷിദ് ഖാൻ (2) എന്നിവർ അതിവേഗം കൂടാരം കയറി.
6ന് 132 എന്ന നിലയിൽ പരുങ്ങിയ ഗുജറാത്തിന് മുന്നിൽ അവസാന 2 ഓവറിൽ 24 റൺസെന്ന ലക്ഷ്യം ഉയർന്നുനിൽക്കുമ്പോഴാണ് മഴ രണ്ടാം തവണയും കളിമുടക്കിയെത്തിയത്. തുടർന്ന് വിജയലക്ഷ്യം 19 ഓവറിൽ 147 റൺസായി പുനർ നിർണയിച്ചതോടെ ഒരോവറിൽ 15 റൺസായി ഗുജറാത്തിന്റെ ലക്ഷ്യം. പക്ഷേ ഒരു സിക്സും ഫോറും നേടിയ ഗുജറാത്തിന് നോബോൾ വഴങ്ങിയ ദീപക് ചാഹറിന്റെ പിഴവും അനുഗ്രഹമായി.
20 പന്ത്, 4 വിക്കറ്റ്
നേരത്തേ ഓപ്പണർമാരായ റയാൻ റിക്കൽട്ടനെയും (0) രോഹിത് ശർമയെയും (7) തുടക്കത്തിലേ നഷ്ടമായ മുംബൈയെ കരകയറ്റിയത് അർധ സെഞ്ചറി നേടിയ വിൽ ജാക്സിന്റെ (35 പന്തിൽ 53) ഇന്നിങ്സാണ്. മൂന്നാം വിക്കറ്റിൽ 43 പന്തിൽ 71 റൺസ് നേടിയ വിൽ ജാക്സ്– സൂര്യകുമാർ യാദവ് (24 പന്തിൽ 35) കൂട്ടുകെട്ടിന്റെ ബലത്തിൽ മുന്നേറിയ മുംബൈ ഇന്നിങ്സിന്റെ ആദ്യ പകുതിയിൽ 2 വിക്കറ്റ് നഷ്ടത്തിൽ 97 എന്ന നിലയിലായിരുന്നു. എന്നാൽ 11–ാം ഓവർ മുതൽ ഗുജറാത്ത് ബോളർമാർ കളി തിരിച്ചുപിടിച്ചു. വെറും 20 പന്തുകൾക്കിടെ 4 വിക്കറ്റ് നഷ്ടമായ മുംബൈ 6ന് 113 എന്ന സ്കോറിലേക്കു കൂപ്പുകുത്തി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷിന്റെ ഒറ്റയാൾ പോരാട്ടമാണ് (22 പന്തിൽ 27) ടീം സ്കോർ 150 കടത്തിയത്. ഗുജറാത്തിനായി പന്തെറിഞ്ഞ 6 ബോളർമാരും വിക്കറ്റ് നേടി.
English Summary:








English (US) ·