മഴയ്ക്കു പിന്നാലെ ‘ഇടിമിന്നൽ’ ആയി വിഹാൻ, 5 ഓവറുകൾക്കിടെ വീണത് 7 വിക്കറ്റ്; അഭിമാനപോരാട്ടത്തിൽ ബംഗ്ലദേശിന് വീഴ്ത്തി ഇന്ത്യ

3 days ago 2

ബുലവായോ ∙ ഇടയ്ക്ക് തിമിർത്തു പെയ്ത മഴയിൽ കളി മുടങ്ങിയപ്പോൾ ഡ്രസിങ് റൂമിലിരുന്ന് ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെ ചില തീരുമാനങ്ങൾ എടുത്തിരിക്കണം. എന്തു തന്നെയായാലും മഴയ്ക്കു ശേഷം കളി പുനഃരാരംഭിച്ചപ്പോൾ മാത്രെയുടെ തന്ത്രങ്ങളെല്ലാം ഏറ്റു. അഭിമാന പോരാട്ടത്തിൽ ബംഗ്ലദേശിനെ പരാജയപ്പെടുത്തുകയും ചെയ്തു. അണ്ടർ 19 ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരായ മത്സരത്തിൽ 18 റൺസിനാണ് ഇന്ത്യയുടെ വിജയം.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം മഴയെ തുടർന്ന് 29 ഓവറിൽ 165 റൺസായി ചുരുക്കുകയായിരുന്നു. എന്നാൽ 28.3 ഓവറിൽ 146 റൺസിന് ബംഗ്ലദേശ് ഓൾഔട്ടായി. നാല് ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ വിഹാൻ മൽഹോത്രയുടെ ബോളിങ് പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണാകമായത്. ജയത്തോടെ ഗ്രൂപ്പ് എയിൽ നാലു പോയിന്റായ ഇന്ത്യ, സൂപ്പർ സിക്സ് റൗണ്ടിലേക്കു പ്രവേശനം ഉറപ്പാക്കി. ആദ്യ മത്സരത്തിൽ യുഎസിനെയാണ് ഇന്ത്യ തോൽപ്പിച്ചത്.

മറുപടി ബാറ്റിങ്ങിൽ, ആദ്യ ഓവറിൽ തന്നെ ഓപ്പണർ സവാദ് അബ്രാറിന്റെ (5) വിക്കറ്റ് ഹെനിൽ പട്ടേൽ വീഴ്ത്തിയെങ്കിലും രണ്ടാം വിക്കറ്റിൽ റിഫാത്ത് ബേഗും (37 പന്തിൽ 37), അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ അസീസുൽ ഹക്കീം തമീം (72 പന്തിൽ 51) ചേർന്ന് ബംഗ്ലദേശിനെ മുന്നോട്ടു നയിച്ചു. ഇരുവരും ചേർന്ന് 56 റൺസെടുത്തു. റിഫാത്ത് പുറത്തായതിനു പിന്നാലെ കലാം സിദ്ദിക്കി അലീനും (23 പന്തിൽ 15) ക്യാപ്റ്റന് ഉറച്ച പിന്തുണ നൽകി. 17.2 ഓവറിൽ ബംഗ്ലദേശ് 2ന് 90 എന്ന ശക്തമായ നിലയിൽ നിൽക്കെയാണ് മഴ എത്തിയത്. ഒരു മണിക്കൂറിലേറെ മഴ തുടർന്നതോടെ ബംഗ്ലദേശിന്റെ ലക്ഷ്യം 29 ഓവറിൽ 165 റൺസായി ചുരുക്കുകയായിരുന്നു.

കളി പുനഃരാരംഭിച്ച ശേഷം ബംഗ്ല ബാറ്റിങ്ങിന്റെ താളം തെറ്റി. വിഹാൻ മൽഹോത്രയെ പന്തേൽപ്പിക്കാനുള്ള ക്യാപ്റ്റന്റെ തീരുമാനം നിർണായകമാകുകയും ചെയ്തു. ബംഗ്ല ഇന്നിങ്സിന്റെ 22–ാം ഓവറിൽ പന്തെറിയാൻ എത്തിയ വിഹാൻ, ആ ഓവറിൽ തന്നെ അലീനെ വീഴ്ത്തി. പിന്നീട് തുടർച്ചയായി മൂന്നു വിക്കറ്റുകൾ കൂടി വിഹാൻ വീഴ്ത്തിയോടെ ബംഗ്ലദേശ് ബാറ്റിങ് നിര തകരുകയായിരുന്നു. അഞ്ച് ഓവറുകൾക്കിടെയാണ് ബംഗ്ലദേശിന്റെ അവസാന ഏഴു വിക്കറ്റുകളും വീണത്. അവസാന ഓവറിൽ 19 റൺസായിരുന്നു ബംഗ്ലദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ബോളെറിഞ്ഞ ഹെനിൽ പട്ടേൽ റൺ പോലും എടുക്കാൻ സമ്മതിക്കാതെ ഇക്ബാൽ ഹുസൈൻ ഇമോന്റെ വിക്കറ്റ് വീഴ്ത്തുകയായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് 18 റൺസിന്റെ മിന്നും ജയം.

വിഹാൻ മൽഹോത്ര (X/ICC)

വിഹാൻ മൽഹോത്ര (X/ICC)

∙ അഭിഗ്യാന്റെ വൈഭവം!രണ്ടക്കം കടന്നത് ആകെ നാലു ബാറ്റർമാർ; എങ്കിലും രണ്ട് അർധസെഞ്ചറികളുടെ ബലത്തിൽ അണ്ടർ 19 ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരായ മത്സരത്തിൽ വീഴാതെ പിടിച്ചുനിന്ന് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 48.4 ഓവറിൽ 238 റൺസിന് ഓൾഔട്ടാകുകയായിരുന്നു. മഴയെ തുടർന്നു മത്സരം 49 ഓവറാക്കി ചുരുക്കിയിരുന്നു. ഓപ്പണർ വൈഭവ് സൂര്യവംശി (67 പന്തിൽ 72), വിക്കറ്റ് കീപ്പർ ബാറ്റർ അഭിഗ്യാൻ കുണ്ഡു (112 പന്തിൽ 80) എന്നിവരുടെ അർധസെഞ്ചറി കരുത്തിലാണ് ഇന്ത്യൻ സ്കോർ 200 കടന്നത്. ഇവരെ കൂടാതെ കനിഷ്ക് ചൗഹാൻ (26 പന്തിൽ 28), പതിനൊന്നാമനായി ഇറങ്ങിയ ദീപേഷ് ദേവേന്ദ്രൻ (6 പന്തിൽ 11) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അൽ ഫഹദാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്.

ടൂർണമെന്റിലെ ഏറ്റവും മികച്ച ബാറ്റിങ് നിരയുമായെത്തിയ ഇന്ത്യ, ആദ്യ മത്സരത്തിൽ കുഞ്ഞൻ ടീമായ യുഎസിനോടും വിറച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാം മത്സരത്തിലും പരാജയപ്പെടുന്നത്. പവർപ്ലേയിൽ തന്നെ ഇന്ത്യയുടെ ആദ്യ മൂന്നു വിക്കറ്റുകൾ വീണു. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ ആയുഷ് മാത്രെ (12 പന്തിൽ6), വേദാന്ത് ത്രിവേദി (0), വിഹാൻ മൽഹോത്ര (24 പന്തിൽ 7) എന്നിവർ പെട്ടെന്നു മടങ്ങിയതോടെ 9.5 ഓവറിൽ 3ന് 53 എന്ന നിലയിലായിരുന്നു ഇന്ത്യ. നാലാം വിക്കറ്റിൽ‌ ഒന്നിച്ച വൈഭവ് സൂര്യവംശി– അഭിഗ്യാൻ കുണ്ഡു സഖ്യമാണ് ഇന്ത്യയെ വലിയ തകർച്ചയിൽ‌നിന്നു രക്ഷിച്ചത്.

പതിവുരീതിയിലല്ലെങ്കിലും ഒരുവശത്ത് വൈഭവ് റൺറേറ്റ് താഴാതെ കാത്തപ്പോൾ‌ മറുവശത്ത് അഭിഗ്യാൻ, ക്ഷമയോടെ ബാറ്റുവീശി ക്രീസിൽ നങ്കൂരമിടുകയായിരുന്നു. ലോകകപ്പിൽ അർധസെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് നേടിയ 14 വയസ്സുകാരനായ വൈഭവ്, യൂത്ത് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന വിരാട് കോലിയുടെ റെക്കോർഡും തകർത്തു. 67 പന്തിൽ നിന്ന് 72 റൺസ് നേടിയ വൈഭവ്, 27 ഓവറിൽ പുറത്തായതോടെയാണ് കൂട്ടകെട്ട് തകർന്നത്. നാലാ വിക്കറ്റിൽ വൈഭവ്–അഭിഗ്യാൻ സഖ്യം 62 റൺസാണ് കൂട്ടിച്ചേർത്തത്.

പിന്നീട് ക്രീസിലെത്തിയവരും റൺസ് കണ്ടെത്താൻ പാടുപ്പെട്ടെങ്കിലും ഒരുവശത്ത് നിലയുറപ്പിച്ച അഭിഗ്യാൻ കുണ്ഡു ഇന്ത്യയെ പൊരുതാവുന്ന നിലയിൽ എത്തിക്കുകയായിരുന്നു. 112 പന്തിലാണ് താരം 80 റൺസെടുത്ത്. ആറാം വിക്കറ്റിൽ കനിഷ്ക് ചൗഹാനുമായി ചേർന്ന് 54 റൺസും കൂട്ടിച്ചേർത്തു. 47–ാം ഓവറിൽ ഒൻപതാമനായാണ് അഭിഗ്യാൻ പുറത്തായത്. ബംഗ്ലദേശ് നിരയിൽ ഫഹദിനു പുറമെ ഇക്ബാൽ ഹുസൈൻ ഇമോൻ, അസീസുൽ ഹക്കീം തമീം എന്നിവർ രണ്ടു വിക്കറ്റ് വീതവും ഷെയ്ഖ് പവേസ് ജിബോൺ ഒരു വിക്കറ്റും വീഴ്ത്തി.
 

English Summary:

U19 World Cup 2026: India vs Bangladesh LIVE Score, Match Updates

Read Entire Article