മഹാരാജാസ് കോളജ് ഗ്രൗണ്ട് ഇപ്പോഴും പഴയ ട്രാക്കിൽ; ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് 21 മുതൽ 24 വരെ

9 months ago 9

വിനോദ് ഗോപി

വിനോദ് ഗോപി

Published: April 14 , 2025 11:46 AM IST

1 minute Read

 അരുൺ ശ്രീധർ / മനോരമ
ഗ്രൗണ്ട് റിയാലിറ്റി! മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ 4 ജംപിങ് പിറ്റുകളിൽ ലോങ്ജംപ്, ട്രിപ്പിൾ ജംപ് മത്സരങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഏക ജംപിങ് പിറ്റ്. പുതിയ സിന്തറ്റിക് ട്രാക്ക് നിർമിച്ചപ്പോൾ മറ്റ് 3 പിറ്റുകളും ഉപയോഗശൂന്യമായി. ചിത്രം: അരുൺ ശ്രീധർ / മനോരമ

കൊച്ചി ∙ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ പരാധീനതകളുടെ ട്രാക്കിൽ ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ് 21 മുതൽ ആരംഭിക്കും. ദക്ഷിണ കൊറിയയിൽ മേയ് 27ന് ആരംഭിക്കുന്ന ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് ഫെഡറേഷൻ കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായതിനാൽ രാജ്യത്തെ പ്രധാന അത്‌ലീറ്റുകളെല്ലാം കൊച്ചിയിലെത്തും.

എന്നാൽ അടിസ്ഥാന സൗകര്യങ്ങളിൽ ഏറെ പിന്നിലുള്ള ഗ്രൗണ്ടിലാണ് അവർ മത്സരിക്കാനിറങ്ങേണ്ടത്. സംസ്ഥാന സ്കൂൾ കായികമേളയ്ക്കു വേണ്ടി തിരക്കിട്ടു തയാറാക്കിയ സിന്തറ്റിക് ട്രാക്കിനു നിലവാരമില്ലെന്ന നേരത്തേ തന്നെ ആക്ഷേപമുയർന്നിരുന്നു. മുൻപ് 4 ജംപിങ് പിറ്റുകളുണ്ടായിരുന്ന ഗ്രൗണ്ടിൽ ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്നത് ഒരേയൊരു പിറ്റ് മാത്രം. മറ്റു പിറ്റുകളിലൊന്നും ആവശ്യത്തിനു ‘ടേക്ക് ഓഫ് ബോർഡുകൾ’ ഇല്ല.

സ്കൂൾ മേളയിലെ ഹാമർ, ഡിസ്കസ് ത്രോ മത്സരങ്ങൾക്കായി താൽക്കാലികമായി തയാറാക്കിയ സുരക്ഷാവല (കേജ്) തന്നെയാണ് ഫെഡറേഷൻ കപ്പിനും ഉപയോഗിക്കേണ്ടത്. ഷോട്പുട് ഉൾപ്പെടെ ത്രോ ഇനങ്ങൾക്കുള്ള സർക്കിളുകളൊന്നും ദേശീയ നിലവാരത്തിലുള്ളതല്ല. ഓട്ട മത്സരങ്ങൾ നടക്കുന്ന സിന്തറ്റിക് ട്രാക്ക് മാത്രമാണു തമ്മിൽ ഭേദം. ഗ്രൗണ്ടിലെ പ്രശ്നങ്ങൾ സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

7 കോടിയോളം രൂപ ചെലവഴിച്ചാണു ട്രാക്ക് നവീകരിച്ചത്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് ചുമതല. എന്നാൽ, ഗ്രൗണ്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇനിയും പണം മുടക്കേണ്ട സ്ഥിതിയാണ്. ദേശീയ ചാംപ്യൻഷിപ്പായതിനാൽ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) പരിശോധനയും ഗ്രൗണ്ടിലുണ്ടാകും. 

ഇന്ത്യൻ ഓപ്പൺ അത്‌ലറ്റിക് ചാംപ്യൻഷിപ്പുകളിൽ മികച്ച പ്രകടനം നടത്തിയ അത്‌ലീറ്റുകളാണ് 21 മുതൽ 24 വരെയുള്ള ഫെഡറേഷൻ കപ്പിൽ പങ്കെടുക്കുക. 

ജാവലിൻ ത്രോയിലെ ഒളിംപിക്സ് മെഡൽ ജേതാവ് നീരജ് ചോപ്ര കഴിഞ്ഞ വർഷം ഭുവനേശ്വറിൽ നടന്ന ഫെഡറേഷൻ കപ്പിൽ സ്വർണം നേടിയിരുന്നു. സെപ്റ്റംബറിൽ ടോക്കിയോയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ഒരുങ്ങുന്ന നീരജ് ചോപ്ര കൊച്ചിയിൽ മത്സരിക്കാനിടയില്ല. 

English Summary:

Kochi's Maharaja's Ground: Substandard way for federation cupful athletics

Read Entire Article