'മാച്ച് റഫറി കാണിച്ചത് പക്ഷപാതം, നടപടിയില്ലെങ്കിൽ കളി ബഹിഷ്കരിക്കും'; ഐസിസിയെ സമീപിച്ച് പാകിസ്താൻ

4 months ago 5

15 September 2025, 08:42 PM IST

india pak

പാക് താരങ്ങൾ | AP, ഇന്ത്യൻ ഡ്രസ്സിങ് റൂം | X.com/@dharma_watch

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ ഹസ്തദാനം ചെയ്യാതിരുന്നത് പാകിസ്താന്‍ ടീം മാനേജ്‌മെന്റിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച മത്സരം ജയിച്ചതിനു പിന്നാലെ സൂര്യകുമാര്‍ യാദവും ശിവം ദുബെയും പാക് താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യാതെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ഇന്ത്യ, ഏഴുവിക്കറ്റിന്റെ ജയം രാജ്യത്തെ സായുധ സേനയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് മത്സരാനന്തരം സൂര്യകുമാര്‍ പറയുകയും ചെയ്തു.

വിഷയം ഇപ്പോള്‍ നാടകീയമായ ഒരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ നടപടിക്കെതിരേ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിന് മുന്നില്‍ പരാതി നല്‍കുകയാണ് പാകിസ്താന്‍ ആദ്യം ചെയ്തത്. പിന്നീട് പാക് ബോര്‍ഡ് മാച്ച് ഒഫീഷ്യലിനെതിരേ തിരിയുകയും പാനലില്‍നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ഐസിസിയോട് ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റില്‍നിന്ന് പിന്മാറുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും പിസിബി മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ടോസിനിടെ പരസ്പരം ഹസ്തദാനം ചെയ്യരുതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോടും പാക് നായകന്‍ സല്‍മാന്‍ ആഘയോടും പൈക്രോഫ്റ്റ് നിര്‍ദേശിച്ചിരുന്നു. പൈക്രോഫ്റ്റ് അധികാരപരിധി ലംഘിച്ചെന്നും പക്ഷപാതം കാണിച്ചെന്നും ആരോപിക്കുകയാണിപ്പോള്‍ പിസിബി. ഇക്കാര്യം മുന്‍നിര്‍ത്തി മാച്ച് റഫറി ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് ഐസിസിക്ക് പരാതിയും നല്‍കി.

ഏഷ്യാകപ്പില്‍നിന്ന് മാച്ച് റഫറിയെ നീക്കണമെന്നും പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തെ പാനലില്‍നിന്ന് നീക്കം ചെയ്യാത്തപക്ഷം സെപ്റ്റംബര്‍ 17-ന് യുഎഇയുമായുള്ള മത്സരം ബഹിഷ്‌കരിക്കുമെന്നും ബോര്‍ഡ് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ആ മത്സരത്തില്‍ മാച്ച് റഫറിയായി നിയമിച്ചിരിക്കുന്നത് പൈക്രോഫ്റ്റിനെയാണ്.

Content Highlights: India-Pakistan Asia Cup Clash Sparks Handshake Controversy and ICC Complaint

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article