സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന്റെ ആവേശപ്പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം. ഉദ്ഘാടന മത്സരത്തിൽ തങ്ങളുടെ തട്ടകത്തിൽ വച്ച തൃശൂർ മാജിക് എഫ്സിയെ നേരിടാനുള്ള കഠിന പരിശീലനത്തിലാണ് നിലവിലെ ജേതാക്കളായ കണ്ണൂർ വോറിയേഴ്സ് ടീം. തുടർച്ചയായി രണ്ടു സീസണിൽ ടീമിനെ പരിശീലിപ്പിച്ച് അവസാന സീസണിൽ ലീഗ് ജേതാക്കളാക്കിയ സ്പാനിഷ് കോച്ച് മാനുവൽ സാഞ്ചസ് സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിന്റെ കോച്ചിങ് സ്റ്റാഫിൽ ചേർന്നതിനു ശേഷം ഈ സീസണിൽ ടീമിനെ പരിശീലിപ്പിക്കുന്നത് റഷ്യൻ പരിശീലകനായ ആന്ദ്രേ ചെർണിഷോവാണ്.
ഇന്ത്യയിലെ ആദ്യത്തെ പ്രഫഷനൽ ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ മുഹമ്മദൻ സ്പോർടിങ്ങിന് ചരിത്രത്തിലാദ്യമായി ഐ ലീഗ് കിരീടം നേടിക്കൊടുത്ത, കഴിഞ്ഞ സീസണിൽ തൃശൂർ മാജിക് എഫ്സിയെ ഫൈനലിലെത്തിച്ച ആന്ദ്രേ ചെർണിഷോവ് പുതിയ സീസണിനെ കുറിച്ച് മനോരമയോട് സംസാരിക്കുന്നു.
Q നിലവിലെ ചാംപ്യന്മാരുടെ പരിശീലകനാകുന്നത് അധിക സമ്മർദം നൽകുന്നുണ്ടോ?A ഇത് സ്വാഭാവികമായും സമ്മർദം ഉയർത്തുന്നതാണ്. എങ്കിലും അതിനെ ഉത്തരവാദിത്തമായി കാണാനാണിഷ്ടം. കഴിഞ്ഞ സീസണിലെ മികച്ച നേട്ടത്തെ ബഹുമാനിച്ച് ദിനേനയുള്ള പരിശീലനത്തിലൂടെ ടീമിനെ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കണ്ണൂരിലെ ആരാധകർക്ക് ആ ഉറപ്പു നൽകാനാവും.
Q അറ്റാക്കിങ് ശൈലിയാണോ അതോ പ്രതിരോധത്തിലൂന്നി അവസരത്തിനൊത്ത് ആക്രമിച്ചു കളിക്കുന്ന രീതിയാണോ അവലംബിക്കുക?A സന്തുലിതമായ ഒരു ടീമിനെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ആക്രമണ ഫുട്ബോൾ കളിക്കുന്നതിനൊപ്പം ഗോൾ വഴങ്ങാതെ കാക്കണം. ഓരോ മത്സരവും വ്യത്യസ്ത രീതിയിലായിരിക്കും സമീപിക്കുക. മത്സരത്തെ വരുതിയിലാക്കി ആകർഷകമായ ഫുട്ബോൾ കളിക്കണം.
Q സീസണു മുന്നോടിയായി വിദേശകളിക്കാരും ഇന്ത്യൻ താരങ്ങളും തമ്മിലുള്ള ഒത്തിണക്കത്തിൽ തൃപ്തനാണോ?A നിലവിലുള്ള എല്ലാ ഇന്ത്യൻ താരങ്ങൾക്കും വിദേശികൾക്കൊപ്പം കളിച്ചു ശീലമുള്ളവരാണ്. വിദേശതാരങ്ങൾ പരിചയസമ്പത്തും ഇന്ത്യക്കാരുടെ പ്രാദേശിക സാഹചര്യങ്ങളെ കുറിച്ചുള്ള ധാരണയും പരസ്പരം കൈമാറുന്നുണ്ട്. ടീമെന്ന നിലയിലുള്ള ശക്തമായ മാനസികാവസ്ഥ രൂപപ്പെടുത്തുന്ന പ്രക്രിയ തുടരുകയാണ്. പ്രോജക്ട് ഗെയിം ചെയ്ഞ്ചറിന്റെ ഭാഗമായി ടീമിൽ ചേർന്ന 5 യുവതാരങ്ങളെ പരിശീലിപ്പിക്കുന്നത് ടീമിലെ സീനിയർ താരങ്ങളാണ്.
Q സീസണിൽ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന പ്രാദേശിക പ്രതിഭകളുണ്ടോ?A ഇത്തരം പ്രഖ്യാപനങ്ങൾ കളിക്കാരിൽ അനാവശ്യ സമ്മർദമുണ്ടാക്കും. അവർക്കു വളരാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയെന്നത് എന്റെ ഉത്തരവാദിത്തമാണ്. യുവ താരങ്ങൾക്ക് അവസരം നൽകാൻ മടിക്കാത്ത ടീമാണിത്. കഴിഞ്ഞ സീസണിലെ എമേർജിങ് താരം മുഹമ്മദ് സിനാൻ തന്നെയാണ് ഉദാഹരണം.
Q മറ്റു ടീമുകളുടെ നിലവാരത്തെ എങ്ങനെ വിലയിരുത്തുന്നു? വെല്ലുവിളിയാകാൻ ഇടയുള്ള ടീമുണ്ടോ?A വാശിയേറിയ മത്സരങ്ങളുള്ള ലീഗ് ഘട്ടമായിരിക്കും. എല്ലാ എതിരാളികളെയും ബഹുമാനിക്കുന്നു. ഈ ഘട്ടത്തിൽ ഒരു പ്രത്യേക ടീമിനെ മാത്രം കേന്ദ്രീകരിക്കുന്നതിനെക്കാൾ സ്വന്തം ടീമിലാണ് ശ്രദ്ധ നൽകേണ്ടതെന്നു തോന്നുന്നു.
Q സീസൺ ഉടൻ തുടങ്ങുമെന്നിരിക്കെ ടാക്റ്റിക്കുകളിലും കായികക്ഷമതയിലും ടീം 100 ശതമാനം മികവ് കൈവരിച്ചോ?A ആദ്യ മത്സരത്തിനു മുൻപ് ഇത്തരം കാര്യങ്ങൾ പറയുക ബുദ്ധിമുട്ടാണ്. തയാറെടുപ്പ് തുടർച്ചയായുള്ള പ്രക്രിയയാണല്ലോ? പ്രീ-സീസണിൽ ഫിറ്റ്‌നസ്, ടാക്റ്റിക്‌സ്, ടീം കോഓർഡിനേഷൻ എന്നിവയിൽ ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ഇനിയും മെച്ചപ്പെടുത്തേണ്ട ചില കാര്യങ്ങളുണ്ട്, അത് സ്വാഭാവികമാണ്. പ്രധാന താരങ്ങളുടെ ഒരുക്കങ്ങൾ ഉറപ്പുവരുത്തുകയാണ് ഈ ഘട്ടത്തിൽ.
Q ടൂർണമെന്റിലുടനീളം ഒരു സ്ഥിരശൈലി പിന്തുടരുമോ?A സ്വന്തമായൊരു കളിശൈലിയും സ്വഭാവവും ഉണ്ടായിരിക്കെത്തന്നെ എല്ലാ കളിയിലും ഇതു പിന്തുടരാനാവില്ല. ടാക്റ്റിക്കൽ ഫ്ലെക്സിബിലിറ്റി വേണം. കളിരീതി മാറിയാലും ടീമിന്റെ മനോഭാവവും അച്ചടക്കവും മാറരുത്.
Q മുൻപ് പരിശീലിപ്പിച്ച മറ്റു രാജ്യങ്ങളിൽനിന്ന് കേരളത്തിനുള്ള വ്യത്യാസം?A ഇവിടെ ശക്തമായ ഫുട്ബോൾ സംസ്കാരമുണ്ട്. ആ ആവേശം എല്ലായിടത്തും കാണാം. കണ്ണൂരിന്റെ ഫുട്ബോൾ ചരിത്രം ഞാൻ കേട്ടിട്ടുണ്ട്. പത്തു പേരായി ചുരുങ്ങിയിട്ടും കഴിഞ്ഞ സീസണിൽ ആരാധക പിന്തുണയോടെ കപ്പെടുത്ത ടീമാണ് കണ്ണൂർ. ഇവിടെ ഞാൻ സന്തുഷ്ടനാണ്.
Q ആരാധക പിന്തുണയെ എങ്ങനെ കാണുന്നു? നിർണായകമാകുമോ?A ഹോം മത്സരങ്ങളിൽ ആരാധകരുടെ പിന്തുണ പ്രധാനപ്പെട്ടത് തന്നെയാണ്. കണ്ണൂരിന്റെ ഫുട്ബോൾ ആരാധക പിന്തുണ കഴിഞ്ഞ സീസണിൽ ഞാൻ അത് അനുഭവിച്ചതാണ്. ഓരോ ആരാധകനും മികച്ച അനുഭവും സമ്മാനിക്കാനാണ് ഞങ്ങൾ ശ്രമിക്കുക. കണ്ണൂർ വോറിയേഴ്സിനെ ഓർത്ത് അഭിമാനിക്കനുള്ള നിമിഷം ഞങ്ങൾ ഗ്രൗണ്ടിലുണ്ടാക്കും. എല്ലാവരുടെയും പിന്തുണ ഞാൻ ആവശ്യപ്പെടുകയാണ്.
Q സീസൺ അവസാനത്തിൽ ഈ ടീമിനെ എങ്ങനെ അടയാളപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നത്?A കഠിനാധ്വാനം ചെയ്യുന്ന, അച്ചടക്കത്തോടെ കളിക്കുന്ന, ഒരിക്കലും കീഴടങ്ങാത്ത ഒരു ടീം. ഫുട്ബോളിൽ ഫലങ്ങൾ വളരെ പ്രധാനമാണ്. എന്നാൽ ആ ഫലങ്ങളിലേക്കു നമ്മൾ എത്തുന്ന രീതിയും പ്രധാനമാണ്. ആരാധകരുമായി ശക്തമായ ബന്ധമുള്ള, സീസൺ അവസാനിക്കുമ്പോൾ കണ്ണൂരിനായി എല്ലാം നൽകി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ടീമെന്ന് അടയാളപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നത്?
English Summary:






English (US) ·