Published: November 08, 2026 07:25 AM IST Updated: November 08, 2026 11:25 AM IST
1 minute Read
തൃശൂർ ∙ ദീപാവലി രാവിൽ ഗോളുകളുടെ വെടിക്കെട്ട് തീർത്ത തൃശൂർ മാജിക് എഫ്സിക്ക് സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ മൂന്നാം പതിപ്പിൽ സെമി പ്രതീക്ഷയുടെ പുതുവെളിച്ചം. സെമി സാധ്യതകൾ നിലനിർത്താനുള്ള നിർണായക ഹോം മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കണ്ണൂർ വോറിയേഴ്സിനെ 2–0ന് തൃശൂർ തോൽപിച്ചു. വാലന്റൈൻ എക്കേജിയൂബ (7–ാം മിനിറ്റ്), ശിലാജിത് സാൻട്ര (45+6) എന്നിവർ തൃശൂരിനായി ഗോൾ നേടി. കളിയിലെ താരവും വാലന്റൈനാണ്. ഹോം ഗ്രൗണ്ടിൽ തൃശൂരിന്റെ ആദ്യ വിജയമാണിത്.
തൃശൂരിന്റെ സ്പാനിഷ് മിഡ്ഫീൽഡർ സെർജിയോ ഗിൽ കണ്ണൂർ ബോക്സിലേക്കു നീട്ടി നൽകിയ ലോങ് പാസിൽനിന്നായിരുന്നു വാലന്റൈന്റെ ആദ്യ ഗോൾ. പന്തു വീണത് കണ്ണൂർ ഡിഫൻഡർ അൽവാരോ ഫെർണാണ്ടസിനും വാലന്റൈനും സമീപം. അൽവാരോയുടെ പ്രതിരോധ ശ്രമങ്ങളെ മറികടന്നു വാലന്റൈൻ ശക്തമായി ഹെഡ് ചെയ്തെങ്കിലും കണ്ണൂരിന്റെ ഗോൾകീപ്പർ എസ്.ഹജ്‌മൽ പന്ത് തടുത്തു. എന്നാൽ റീബൗണ്ട് പിടിച്ചെടുത്ത വാലന്റൈൻ അനായാസം ഗോൾ നേടി. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് തൃശൂർ രണ്ടാം ഗോൾ നേടിയത്.
കോർണറിനു സമീപം ലഭിച്ച പന്ത് വാലന്റൈൻ കണ്ണൂരിന്റെ പെനൽറ്റി ബോക്സിനു സമീപമുണ്ടായിരുന്ന ശിലാജിത് സാൻട്രയ്ക്കു മറിച്ചു. ശിലാജിത്തിന്റെ ഷോട്ട് കണ്ണൂരിന്റെ മധ്യനിരതാരം മുഹമ്മദ് സിനാന്റെ കാലിൽ തട്ടി വലയിലായി. ഫൈനൽ വിസിലിനു നിമിഷങ്ങൾക്കു മുൻപ് പന്തുമായി മുന്നേറിയ തൃശൂരിന്റെ സബ്സ്റ്റിറ്റ്യൂട്ട് ഫോർവേഡ് പി.മുഹമ്മദ് അഫ്സലിനെ പിന്നിൽ നിന്നു ഫൗൾ ചെയ്തതിനു കണ്ണൂരിന്റെ ഡിഫൻഡർ ജോബിൻ ജോസഫിനു റെഡ് കാർഡ് ലഭിച്ചു. ജയത്തോടെ പോയിന്റ് പട്ടികയിൽ തൃശൂർ അഞ്ചാം സ്ഥാനത്തെത്തി. തുടർച്ചയായ നാലാം തോൽവിയോടെ കണ്ണൂർ ആറാം സ്ഥാനത്താണ്.
English Summary:






English (US) ·