Published: April 04 , 2025 10:41 PM IST
2 minute Read
മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ പ്ലേമേക്കർ കെവിൻ ഡിബ്രുയ്നെ (33) ക്ലബ് വിടുകയാണെന്നു പ്രഖ്യാപിച്ചു. ഈ വർഷത്തോടെ കരാർ അവസാനിക്കുന്നതിനാൽ സിറ്റിയിൽ ഇതു തന്റെ അവസാന മാസങ്ങളാണെന്ന് താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. 2015ൽ ജർമൻ ക്ലബ് വിഎഫ്എൽ വോൾഫ്സ്ബർഗിൽനിന്ന് അക്കാലത്തെ റെക്കോർഡ് ട്രാൻസ്ഫർ തുകയായ 7.1 കോടി ഡോളറിനു മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ ഡിബ്രുയ്നെ ക്ലബ്ബിനൊപ്പം ലോകഫുട്ബോളിലെ പ്രധാന ട്രോഫികളെല്ലാം നേടിയ ശേഷമാണു പടിയിറങ്ങുന്നത്.
ഇംഗ്ലിഷ് ക്ലബ് ചെൽസിയുടെ താരമായി അറിയപ്പെടേണ്ടിയിരുന്നയാളായിരുന്നു ഡിബ്രുയ്നെ. ബൽജിയം ക്ലബ് ജെൻകിൽനിന്ന് 2012ൽ ലണ്ടൻ ക്ലബ്ബിലെത്തിയ ഡിബ്രുയ്നെയ്ക്ക് രണ്ടേ രണ്ടു മത്സരങ്ങളിലാണ് ഫസ്റ്റ് ഇലവനിൽ കളിക്കാനായത്. അവസരങ്ങളില്ലാതായതോടെ 2014ൽ വോൾഫ്സ്ബർഗിലേക്കു ചേക്കേറിയ ഡിബ്രുയ്നെ അവിടെവച്ചു തന്റെ കളിയും ശൈലിയും ടെക്നിക്കുകളും നവീകരിച്ചു. തുടർന്നാണു പിറ്റേവർഷം റെക്കോർഡ് തുകയ്ക്കു മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ഡിബ്രുയ്നെയുടെ വരവ്. എല്ലാ ചാംപ്യൻഷിപ്പുകളിലുമായി സിറ്റിക്കായി 413 മത്സരങ്ങൾ കളിച്ച ഡിബ്രുയ്നെ 106 ഗോളുകളും ഇതുവരെ നേടി.
കെവിൻ ഡിബ്രുയ്നെ സമൂഹമാധ്യമങ്ങളിൽ നൽകിയ വികാരഭരിതമായ കത്തിന്റെ ചുരുക്കം
പ്രിയ മാഞ്ചസ്റ്റർ, ഇങ്ങനെയൊരു കുറിപ്പു കാണുമ്പോൾ ഇതെങ്ങോട്ടാണു പോകുന്നത് എന്നാകും എല്ലാവരും ചിന്തിക്കുക. അതിനാൽ ഞാൻ വളച്ചുകെട്ടില്ലാതെ കാര്യം പറയാം. മാഞ്ചസ്റ്റർ സിറ്റി കളിക്കാരൻ എന്ന നിലയ്ക്ക് ഇത് എന്റെ അവസാന മാസങ്ങളാണ്. ഇതേക്കുറിച്ച് എഴുതുകയെന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. പക്ഷേ, ഫുട്ബോൾ കളിക്കാരെന്ന നിലയ്ക്ക് അങ്ങനെയൊരു ദിവസം വരുമെന്നു ഞങ്ങൾക്കെല്ലാം അറിയാം. ഇത് ആ ദിവസമാണ്. എന്റെ പക്കൽനിന്നു തന്നെ അത് ആദ്യമറിയാൻ നിങ്ങൾക്ക് അർഹതയുണ്ട്.
ഫുട്ബോളാണ് എന്നെ നിങ്ങളിലേക്ക് അടുപ്പിച്ചത്. ഈ സിറ്റി, ഈ ക്ലബ്, ഇവിടത്തെ ജനങ്ങൾ... നിങ്ങൾ എനിക്കെല്ലാം നൽകി. എനിക്കുള്ളതെല്ലാം ഞാൻ തിരിച്ചും നൽകി. അതുകൊണ്ടെന്താ; നമ്മൾ നേടേണ്ടതെല്ലാം നേടി!! ഇതു വിടപറയൽ സമയമാണ്. എനിക്കു മാത്രമല്ല, എന്റെ കുടുംബാംഗങ്ങൾക്കും ഈ നഗരം അത്രമേൽ പ്രിയപ്പെട്ടതാണ്. എന്റെ മക്കളുടെ പാസ്പോർട്ടിൽനിന്ന് മാഞ്ചസ്റ്റർ എന്ന പേര് ഒരിക്കലും മായില്ലല്ലോ. അതിനാൽ, ഇതാണ് എക്കാലവും ഞങ്ങളുടെ ഹോം!സിറ്റി ക്ലബ്, സ്റ്റാഫ്, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവർക്കെല്ലാം ഞാൻ നന്ദിപറയുന്നു. നമുക്കൊരുമിച്ച് ശേഷിക്കുന്ന ദിവസങ്ങൾ അത്യാഹ്ലാദത്തോടെ ജീവിച്ചാഘോഷിക്കാം!നന്ദി...!
∙ കെവിൻ ഡിബ്രുയ്നെ ഇംഗ്ലിഷ് പ്രിമിയർ ലീഗ് പ്ലെയർ ഓഫ് ദ് സീസൺ ആയി തിരഞ്ഞെടുക്കപ്പെട്ടതു 2 തവണ. 2019–20, 2021–22 സീസണുകളിലായിരുന്നു ഇത്.
കെവിൻ ഡിബ്രുയ്നെ ഇല്ലാതിരുന്നെങ്കിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഈ ട്രോഫികളൊന്നും നേടാൻ കഴിയുമായിരുന്നില്ല. ഇംഗ്ലിഷ് പ്രിമിയർ ലീഗ് കണ്ട മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് അദ്ദേഹം എന്നതിൽ സംശയമില്ല. സ്ഥിരതയുള്ള പ്രകടനമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
∙ ഡിബ്രുയ്നെ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം നേടിയ ട്രോഫികൾ 16. ആറു പ്രിമിയർ ലീഗ്, ഒരു ചാംപ്യൻസ് ലീഗ്, 2 എഫ്എ കപ്പ്, 5 ഇംഗ്ലിഷ് ലീഗ് കപ്പ്, ഒരു യുവേഫ സൂപ്പർ കപ്പ്, ഒരു ഫിഫ ക്ലബ് ലോകകപ്പ് എന്നിവയാണവ.
∙ 10 വർഷത്തെ കരിയറിനിടെ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ 280 മത്സരങ്ങളിൽനിന്നു ഡിബ്രുയ്നെ നേടിയത് 70 ഗോളുകൾ. ഇതിൽ 15 ഗോളുകൾ 2021-22 സീസണിൽ നേടിയതാണ്.
∙പ്രിമിയർ ലീഗിൽ ഡിബ്രുയ്നെ നൽകിയ അസിസ്റ്റുകൾ 118. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റയാൻ ഗിഗ്സ് (162 അസിസ്റ്റ്) ആണ് ഈ കണക്കിൽ ഒന്നാമത്. ഡിബ്രുയ്നെ ഈ നേട്ടം സ്വന്തമാക്കിയത് 280 മത്സരങ്ങളിൽനിന്നാണെങ്കിൽ ഗിഗ്സിനു വേണ്ടിവന്നത് 632 മത്സരങ്ങൾ.
English Summary:








English (US) ·