മാഞ്ചസ്റ്റർ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ വിജയമാഘോഷിച്ച് മാഞ്ചസ്റ്റർ ടീമുകൾ. ഇന്നലെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 1–0ന് ന്യൂകാസിലിനെ തോൽപിച്ചപ്പോൾ, നോട്ടിങ്ങാം ഫോറസ്റ്റിനെ അവരുടെ തട്ടകത്തിൽ 2–1നാണ് മാഞ്ചസ്റ്റർ സിറ്റി കീഴടക്കിയത്.
ലീഗിലെ കഴിഞ്ഞ മത്സരത്തിൽ ആസ്റ്റൻ വില്ലയോടേറ്റ അപ്രതീക്ഷിത തോൽവിയുടെ നിരാശയുമായാണ് ഇന്നലെ ന്യൂകാസിലിനെതിരെ യുണൈറ്റഡ് താരങ്ങൾ ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതൽ പന്തവകാശത്തിലും പാസുകളിലും ന്യൂകാസിൽ ആധിപത്യം സ്ഥാപിച്ചതോടെ മറ്റൊരു തോൽവി യുണൈറ്റഡ് ആരാധകർ മുന്നിൽ കണ്ടു. എന്നാൽ 24–ാം മിനിറ്റിൽ വീണുകിട്ടിയ അവസരം ലക്ഷ്യത്തിലെത്തിച്ച ഡാനിഷ് യുവതാരം പാട‌്രിക് ഡോഗു, യുണൈറ്റഡിന് ലീഡ് സമ്മാനിച്ചു.
‘അപ്രതീക്ഷിതമായി’ ലഭിച്ച ലീഡ് നിലനിർത്തുന്നതിലായിരുന്നു യുണൈറ്റഡ് താരങ്ങളുടെ പിന്നീടുള്ള ശ്രദ്ധ. പ്രതിരോധത്തിൽ ഊന്നിക്കളിച്ച ആതിഥേയർ, ന്യൂകാസിലിനെ സമനില ഗോൾ നേടുന്നതിൽ നിന്ന് അകറ്റി നിർത്തുന്നതിൽ വിജയിച്ചു.നോട്ടിങ്ങാമിനെതിരെ തുടക്കം മുതൽ ആധിപത്യം നിലനിർത്താൻ സാധിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാൻ മാത്രം സിറ്റിക്ക് സാധിച്ചില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ടിയാനി റൈഡേഴ്സിന്റെ (48–ാം മിനിറ്റ്) ഗോളിൽ സിറ്റി ലീഡ് നേടി.
പക്ഷേ, സിറ്റിയുടെ ആഘോഷത്തിന് 5 മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 54–ാം മിനിറ്റിൽ ഒമറി ഹട്ചിൻസനിലൂടെ നോട്ടിങ്ങാം തിരിച്ചടിച്ചു. മത്സരം സമനിലയിൽ അവസാനിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ്, 83–ാം മിനിറ്റിൽ റയൻ ഷെർകി സിറ്റിക്ക് രണ്ടാം ഗോൾ സമ്മാനിക്കുന്നത്. അതോടെ ലീഡും മത്സരവും സിറ്റിക്ക് സ്വന്തം.
മറ്റു പ്രധാന മത്സരങ്ങളിൽ ലിവർപൂൾ 2–1ന് വൂൾവ്സിനെയും ആർസനൽ 2–1ന് ബ്രൈട്ടനെയും തോൽപിച്ചു. കാറപകടത്തിൽ മരിച്ച ലിവർപൂളിന്റെ പോർച്ചുഗൽ താരം ഡിയോഗോ ജോട്ടയുടെ മക്കളായ ഡിനിസും (ഇടതുനിന്ന് രണ്ടാമത്), ഡ്വാർട്ടെയും (നാലാമത്) ലിവർപൂൾ താരം വിർജിൽ വാൻ ദെയ്ക്കിനൊപ്പം ആൻഫീൽഡ് സ്റ്റേഡിയത്തിലെ ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ.
ഇന്നലെ നടന്ന ലിവർപൂൾ– വൂൾസ് മത്സരത്തിനു മുൻപാണ് ജോട്ടയുടെ മക്കളുമായി വാൻ ദെയ്ക് ഗ്രൗണ്ടിൽ ഇറങ്ങിയത്. ഇരു ടീമുകളിലും മുൻപ് കളിച്ചിട്ടുള്ള ജോട്ട, കഴിഞ്ഞ ജൂലൈയിലാണ് സ്പെയിനിൽ വച്ചു കാറപകടത്തിൽ മരിച്ചത്. ജോട്ടയ്ക്ക് ആദരം അർപ്പിച്ച ശേഷമാണ് ഇന്നലെ മത്സരം തുടങ്ങിയത്.
English Summary:








English (US) ·