Published: June 20 , 2025 10:25 AM IST
1 minute Read
കൊച്ചി ∙ കളിച്ചു കൊണ്ടിരിക്കെ, പിച്ചിന്റെ ഒത്ത നടുവിൽ നിന്നു പൊടുന്നനെ മാഞ്ഞു പോയൊരു ക്രിക്കറ്റ് ടീം 15 –ാം വർഷം ബൗൺസർ പോലെ തിരിച്ചെത്തുമോ? ഐപിഎലിൽ നിന്നു പുറത്താക്കപ്പെട്ട ‘കൊച്ചി ടസ്കേഴ്സ് കേരള’ ടീമിനു 538 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആർബിട്രൽ ട്രൈബ്യൂണൽ വിധി മുംൈബ ഹൈക്കോടതി ശരിവച്ചതോടെ ആരാധകരുടെ മനസ്സിൽ അത്തരമൊരു മോഹമുണർന്നു കഴിഞ്ഞു.
ടീമിനെ തിരിച്ചെടുക്കണമെന്നു കോടതി നിർദേശിച്ചിട്ടില്ല എന്നതിനാൽ അത്തരമൊരു സാധ്യത അകലെ. വിധിക്കെതിരെ അപ്പീൽ നൽകാൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) 6 ആഴ്ച സമയം കോടതി അനുവദിച്ചിട്ടുണ്ട്. അതിനാൽ കോടതി വ്യവഹാരം നീളാനാണു സാധ്യത.
ടീം രൂപീകരണം മുതൽ വിവാദങ്ങൾ ടസ്കേഴ്സിന് ഒപ്പമുണ്ട്. 6 വ്യവസായ ഗ്രൂപ്പുകളുടെ ഉടമകൾ പങ്കാളിയായ കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് (കെസിപിഎൽ) ആണ് 1533 കോടി രൂപയ്ക്കു കൊച്ചി ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. ശശി തരൂരിന്റെ കാർമികത്വത്തിൽ റൊൺഡിവൂ സ്‌പോർട്‌സ് വേൾഡ് എന്ന കൺസോർഷ്യത്തിന്റെ പേരിൽ ലേലത്തിൽ പങ്കെടുത്തവരാണു പിന്നീടു കെസിപിഎൽ രൂപീകരിച്ചത്.
ഉടമകൾ തമ്മിലുള്ള ഭിന്നതകളും ടീം മാനേജ്മെന്റും അന്നത്തെ ഐപിഎൽ ചെയർമാൻ ലളിത് മോദിയുമായുള്ള ഉരസലുകളും വിവാദമായി. അന്നു കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിന്റെ ജീവിത പങ്കാളി സുനന്ദ പുഷ്കറിനു ടീം സ്വെറ്റ് ഇക്വിറ്റി സമ്മാനിച്ചതും വിവാദമായി.
2011 ൽ ഒരേയൊരു സീസൺ മാത്രം കളിച്ച് ടസ്കേഴ്സ് ഐപിഎലിൽ നിന്നു പുറത്താക്കപ്പെട്ടു. 2010ൽ പൊടുന്നനെ രൂപപ്പെട്ട ടീം അടുത്ത വർഷം ഐപിഎലിൽ അരങ്ങേറി. ഓസീസ് സൂപ്പർ ബാറ്റർ സ്റ്റീവ് സ്മിത്ത് അന്നൊരു കൊച്ചു പയ്യനായി ടീമിലുണ്ടായിരുന്നു! ലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ, ട്വന്റി20 ക്രിക്കറ്റിനെ മാറ്റിമറിച്ചവരിൽ പ്രമുഖനായ ബ്രണ്ടൻ മക്കല്ലം, ലങ്കൻ നായകനായിരുന്ന മഹേള ജയവർധന, വി.വി.എസ്.ലക്ഷ്മൺ, എസ്.ശ്രീശാന്ത്, രവീന്ദ്ര ജഡേജ തുടങ്ങിയ വൻ താരങ്ങളുടെ ടീം. റൈഫി വിൻസന്റ് ഗോമസ്, പ്രശാന്ത് പരമേശ്വരൻ, പി.പ്രശാന്ത് തുടങ്ങിയ മലയാളി താരങ്ങളുമുണ്ടായിരുന്നു. കളിച്ചതു 14 മത്സരം. 6 ജയം, 8 തോൽവി. ചില അട്ടിമറികൾ ശേഷിപ്പിച്ചു മടക്കം.
English Summary:








English (US) ·