.jpg?%24p=398cd77&f=16x10&w=852&q=0.8)
പൃഥ്വിരാജ് സുകുമാരൻ, കജോൾ- ട്രെയ്‌ലറിൽനിന്ന് | Photo: Screen grab/ YouTube: Dharma Productions
പൃഥ്വിരാജ് സുകുമാരന്‍ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം 'സര്‍സമീനി'ന്റെ ട്രെയ്‌ലര്‍ പുറത്ത്. വിജയ് മേനോന്‍ എന്ന സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തില്‍ പൃഥ്വിരാജ് എത്തുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. കജോളാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഭാര്യയായി വേഷമിടുന്നത്. സെയ്ഫ് അലിഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്‍ പൃഥ്വിരാജിന്റെ മകന്റെ വേഷത്തിലുമാണെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
കശ്മീരിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രമാണ് 'സര്‍സമീന്‍' എന്നാണ് റിപ്പോര്‍ട്ട്. ബോമാന്‍ ഇറാനിയുടെ മകന്‍ കയോസ് ഇറാനിയാണ് ചിത്രം സംവിധാനംചെയ്യുന്നത്. ചിത്രം ജൂലായ് 25-ന് ജിയോ ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യും. കരണ്‍ ജോഹറിന്റെ നിര്‍മാണക്കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
മകനും പിതാവും തമ്മിലെ ബന്ധത്തിലെ വിള്ളലുകളാണ് ചിത്രത്തിലെ പ്രമേയമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഇവര്‍ക്കിടയിലെ സംഘര്‍ഷങ്ങളില്‍പ്പെട്ടുപോകുന്ന നായികാ കഥാപാത്രമായി കജോളും എത്തുന്നു. 'മാതൃരാജ്യത്തേക്കാള്‍ വലുതല്ല മറ്റൊന്നും, അതിന് സ്വന്തം മകന്റെ ജീവന്‍ വിലനല്‍കേണ്ടി വന്നാലും', എന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ ഡയലോഗാണ് ട്രെയ്‌ലറിലെ ഹൈലൈറ്റ്. വമ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് ട്രെയ്‌ലറില്‍നിന്ന് വ്യക്തമാവുന്നത്. തീവ്രവാദമടക്കം ചിത്രത്തില്‍ പ്രതിപാദിക്കുന്നുവെന്നും സൂചനയുണ്ട്.
ഹീരു യാഷ് ജോഹര്‍, കരണ്‍ ജോഹര്‍, അദാര്‍ പൂനാവാല, അപൂര്‍വ മെഹ്ത, സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. സൗമില്‍ ശുക്ല, അരുണ്‍ സിങ് എന്നിവര്‍ കഥയും തിരക്കഥയും ഒരുക്കുന്നു. കമല്‍ജീത്ത് നേഗിയാണ് ക്യാമറ. സംയുക്ത കാസ, നിതിന്‍ ബെയ്ദ് എന്നിവര്‍ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. വിശാല്‍ ഖുറാനയും വിശാല്‍ മിശ്രയുമാണ് സംഗീതം. തനൂജ് ടികു പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നു.
Content Highlights: Sarzameen Trailer Out: It’s Prithviraj Vs Ibrahim Ali Khan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·