മാത്യു പെറിക്ക് അനധികൃതമായി വലിയ അളവിൽ കെറ്റമിൻ നൽകിയിരുന്നു; കുറ്റം സമ്മതിച്ച് ഡോക്ടർ

6 months ago 7

Matthew Perry

അന്തരിച്ച നടൻ മാത്യു പെറി | ഫോട്ടോ: AP

ഹോളിവുഡ് നടൻ മാത്യു പെറിയുടെ മരണത്തിന് ഒരു മാസം മുൻപ് അദ്ദേഹത്തിന് അനധികൃതമായി കെറ്റമിൻ നൽകിയതായി സമ്മതിച്ച് ഡോക്ടർ. പെറിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തപ്പെട്ട അഞ്ച് പേരിൽ നാലാമത്തെയാളായ ഡോ. സാൽവഡോർ പ്ലാസെൻസിയയാണ് ബുധനാഴ്ച കോടതിയിൽ കുറ്റം സമ്മതിച്ചത്. ലോസ് ഏഞ്ചൽസിലെ ഫെഡറൽ കോടതിയിൽ ജഡ്ജി ഷെർലിൻ പീസ് ഗാർനെറ്റിന് മുന്നിൽ അദ്ദേഹം കുറ്റസമ്മതം നടത്തി.

43-കാരനായ പ്ലാസെൻസിയയുടെ വിചാരണ ഓഗസ്റ്റിൽ നടക്കേണ്ടതായിരുന്നു. തനിക്കെതിരെയുള്ള കുറ്റങ്ങൾ സമ്മതിക്കാമെന്ന് കഴിഞ്ഞ മാസം അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നെന്ന് ലോസ് ഏഞ്ചൽസിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നു. ജഡ്ജിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മാത്രമാണ് അദ്ദേഹം സംസാരിച്ചത്. കേസിൽ കുറ്റസമ്മതത്തിൻ്റെയും ശിക്ഷയുടെയും എല്ലാ സാധ്യതകളും അഭിഭാഷകർ പരിഗണിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, “അവർ എല്ലാം പരിഗണിച്ചിട്ടുണ്ട്” എന്ന് പ്ലാസെൻസിയ മറുപടി നൽകി.

മാത്യു പെറിക്ക് കെറ്റമിൻ നൽകുമ്പോൾ എടുത്ത ചികിത്സാ തീരുമാനങ്ങളിൽ ഡോ. പ്ലാസെൻസിയയ്ക്ക് അതിയായ ഖേദമുണ്ടെന്ന് ഡോക്ടറുടെ അഭിഭാഷക ഡെബ്ര വൈറ്റ് വിചാരണയ്ക്ക് ശേഷം ഇമെയിലിൽ അയച്ച പ്രസ്താവനയിൽ പറഞ്ഞു. പെറിയുടെ ജീവൻ രക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അംഗീകരിച്ചുകൊണ്ട് ഡോ. പ്ലാസെൻസിയ തൻ്റെ മെഡിക്കൽ ലൈസൻസ് സ്വമേധയാ ഉപേക്ഷിക്കാൻ ഉദ്ദേശിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്ലാസെൻസിയ മുമ്പ് കുറ്റം നിഷേധിച്ചിരുന്നു, എന്നാൽ ഇപ്പോഴത്തെ കുറ്റസമ്മതത്തിന് പകരമായി, കെറ്റമിൻ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് കുറ്റങ്ങളും രേഖകളിൽ കൃത്രിമം കാണിച്ച രണ്ട് കുറ്റങ്ങളും ഒഴിവാക്കാൻ പ്രോസിക്യൂട്ടർമാർ സമ്മതിച്ചിട്ടുണ്ട്.

യുഎസ് അറ്റോർണി ഓഫീസുമായി ഒത്തുതീർപ്പിലെത്താത്ത ഒരേയൊരു പ്രതി ജസ്‌വീന്‍ സംഘയാണ്. കെറ്റമിൻ ക്വീൻ എന്നറിയപ്പെടുന്ന മയക്കുമരുന്ന് വ്യാപാരിയായ ഇവർ പെറിക്ക് മാരകമായ അളവിൽ മയക്കുമരുന്ന് വിറ്റുവെന്ന് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. ഇവരുടെ വിചാരണ അടുത്ത മാസം ആരംഭിക്കും. ഇവർ കുറ്റം സമ്മതിച്ചിട്ടില്ല. പ്രോസിക്യൂട്ടർമാരുടെയും സ്വന്തമായി ഒത്തുതീർപ്പിലെത്തിയ സഹപ്രതികളുടെയും മൊഴിയനുസരിച്ച്, 2023 ഒക്ടോബർ 28-ന് നടന്ന മരണത്തിന് ഒരു മാസം മുൻപ് മുതൽ പ്ലാസെൻസിയ നിയമവിരുദ്ധമായി പെറിക്ക് വലിയ അളവിൽ കെറ്റമിൻ നൽകിയിരുന്നു.

2023 ഒക്ടോബര്‍ 29-ന് 54 വയസുകാരനായ താരത്തെ ലോസ് ആഞ്ജലിസിലെ വസതിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷാദരോഗ ചികിത്സയ്ക്കും വേദനസംഹാരിയായും ഉപയോഗിക്കുന്ന കെറ്റമിന്റെ അമിതോപയോഗത്താല്‍ ഉണ്ടായ അപകടമാണ് എന്നാണ് ലോസ് ആഞ്ജലിസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് കണ്ടെത്തിയത്‌. കെറ്റമിന്‍ അമിതമായി ഉപയോഗിച്ചതിനാല്‍ അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ മുങ്ങിപ്പോയതാണെന്നായിരുന്നു റിപ്പോര്‍ട്ട്.

Content Highlights: A doc pleaded blameworthy to supplying ketamine to Matthew Perry earlier his overdose death

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article