30 May 2025, 09:36 PM IST

മാധുരി ദീക്ഷിത്, ജാൻവി കപൂർ, ശ്രീദേവി | Photo: PTI, AFP
സെലിബ്രിറ്റികള്‍ ഇന്‍സ്റ്റഗ്രാമില്‍ അബദ്ധത്തില്‍ ലൈക്ക് ചെയ്യുന്നതും അതുപിന്നീട് വാര്‍ത്തയും വിവാദവുമാവുന്നത് പതിവായിരിക്കുകയാണ്. നടി അവ്‌നീത് കൗറിന്റെ ഫാന്‍പേജില്‍ വന്ന ചിത്രം ലൈക്ക് ചെയ്ത ക്രിക്കറ്റ് താരം വിരാട് കോലി ഇത്തരമൊരു അബദ്ധത്തില്‍പ്പെട്ടിരുന്നു. തന്റെ ലൈക്ക് ബോധപൂര്‍വമല്ലെന്ന് പറഞ്ഞ് വിരാട് കോലി കൈയ്യൊഴിഞ്ഞു. നടി തമന്ന ഭാട്ടിയയുടെ അബദ്ധത്തിലുള്ള ലൈക്കും കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഒരു റീലിന് ബോളിവുഡ് താരം ജാന്‍വി കപൂറിന്റെ ലൈക്കാണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച.
മാധുരി ദീക്ഷിതിനെ വിമര്‍ശിച്ചും മോശമായി ചിത്രീകരിച്ചുമുള്ള റീലാണ് ജാന്‍വി ലൈക്ക് ചെയ്തിരിക്കുന്നത്. മാധുരിയെ ശ്രീദേവിയുടെ അഭിനയവുമായി താരതമ്യപ്പെടുത്തിയുള്ള പോസ്റ്റാണ് ജാന്‍വി ലൈക്ക് ചെയ്തിരിക്കുന്നത് എന്നതാണ് സംഭവം വലിയ ചര്‍ച്ചയാവാനുള്ള കാരണം. അന്തരിച്ച നടി ശ്രീദേവിയുടെ മകളാണ് ജാന്‍വി കപൂര്‍.
1992-ല്‍ പുറത്തിറങ്ങിയ 'ബേട്ടാ' എന്ന ചിത്രത്തിലെ ധക് ധക് കര്‍നെ ലഗാ എന്ന പാട്ടിന് മാധുരി ചുവടുവെക്കുന്നതായാണ് റീലില്‍ ആദ്യംകാണിക്കുന്നത്. അതിന് മുകളിലായി, 'പാട്ടില്‍ 'വള്‍ഗറായ' ചുവടുകള്‍ വെച്ചു. സിനിമയില്‍ കാര്യമായി ഒന്നുംചെയ്തില്ല. പക്ഷേ, ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടി', എന്ന് കുറിച്ചിരുന്നു. ഇതിന് താഴെയായി 'ഖുദ ഗവാഹ്' എന്ന ചിത്രത്തിലെ ശ്രീദേവിയുടെ പ്രകടനവും റീലില് കാണാം. 'ഇരട്ടവേഷത്തിലൂടെ, ചിത്രത്തെ ആകെ തോളിലേറ്റുന്ന നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന അഭിനയം കാഴ്ചവെച്ചിട്ടും ഫിലിം ഫെയര്‍ അവാര്‍ഡില്‍ അവഗണിക്കപ്പെട്ടു', എന്നാണ് കുറിച്ചിരിക്കുന്നത്.
ജാന്‍വിയുടെ ലൈക്ക് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. ലൈക്ക് ബോധപൂര്‍വമോ അബദ്ധമോ എന്ന കാര്യത്തില്‍ ജാന്‍വി വിശദീകരിച്ചിട്ടില്ലെന്നിരിക്കെ നടിയെ പിന്തുണച്ചും എതിര്‍ത്തും ഒരുപാട് കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ലൈക്കുകള്‍ക്ക് ഖേദം പ്രകടിപ്പിച്ച കോലിയുടേയും തമന്നയുടേയും വഴിയേ ജാന്‍വിയും ഉടന്‍ വരും എന്ന് പ്രവചിക്കുന്ന ചിലരുണ്ട്. മാധുരിയെ വിമര്‍ശിച്ച പോസ്റ്റിന് ലൈക്ക് ചെയ്ത ജാന്‍വി, 'ദേവര' എന്ന ചിത്രത്തിലെ പാട്ടില്‍ എന്താണ് ചെയ്തുവെച്ചിരിക്കുന്നത് എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
Content Highlights: Janhvi Kapoor liked a station criticizing Madhuri Dixit, sparking statement online
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·