Published: June 25 , 2025 07:17 AM IST
1 minute Read
ന്യൂഡൽഹി ∙ ലണ്ടനിൽ അന്തരിച്ച മുൻ ഇന്ത്യൻ ഇടങ്കയ്യൻ സ്പിന്നർ ദിലീപ് ദോഷിക്ക് ക്രിക്കറ്റ് ലോകത്തിന്റെ ആദരം. തിങ്കളാഴ്ച ഹൃദയാഘാതം മൂലമായിരുന്നു എഴുപത്തിയേഴുകാരനായ ദോഷിയുടെ മരണം. ഇന്ത്യയ്ക്കുവേണ്ടി 33 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ച ഗുജറാത്ത് സ്വദേശി ടെസ്റ്റിൽ 114 വിക്കറ്റുകളും നേടി. കണ്ണാടിവച്ച് പന്തെറിയാനെത്തിയിരുന്ന ദോഷിയുടെ ബോളിങ് ശൈലിയും ഏറെ ശ്രദ്ധ നേടിയിരുന്നു. കൃത്യതയായിരുന്നു ദിലീപ് ദോഷിയുടെ ബോളിങ്ങിന്റെ പ്രധാന സവിശേഷത.
ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയിട്ടും ബിഷൻ സിങ് ബേദി എന്ന അതികായൻ അരങ്ങു വാഴുന്ന കാലത്ത് ദോഷിക്ക് ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല. ബേദി വിരമിച്ച ശേഷം 1979ൽ ആദ്യ ടെസ്റ്റ് കളിച്ച ദോഷി, ഓസ്ട്രേലിയയ്ക്കെതിരെ ചെന്നൈയിൽ ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റ് നേട്ടത്തോടെ വരവറിയിച്ചു. മത്സരത്തിലാകെ 8 വിക്കറ്റുകളും നേടി. 1981ൽ മെൽബൺ ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിനു വഴിയൊരുക്കിയതും ദോഷിയുടെ 5 വിക്കറ്റ് നേട്ടമായിരുന്നു. മത്സരത്തിനിടെ കാലിനു പരുക്കേറ്റിട്ടും പിൻമാറാതെ ബോളിങ് തുടർന്ന ദോഷി ഓസീസ് ബാറ്റർമാരെ ശരിക്കും വട്ടം ചുറ്റിച്ചു.
കളിക്കളത്തിൽ മാന്യതയുടെ പര്യായമായിരുന്നു ഈ സൗരാഷ്ട്രക്കാരൻ. സൗരാഷ്ട്രയ്ക്കും ബംഗാളിനും വേണ്ടി രഞ്ജി ട്രോഫി കളിച്ചിട്ടുള്ള ദോഷി ഇംഗ്ലിഷ് കൗണ്ടിയിൽ നോട്ടിങ്ങംഷെർ, വോറിക്‌ഷർ ടീമുകൾക്കായും കളിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 898 വിക്കറ്റുകളാണ് നേട്ടം. ദോഷിയുടെ മകൻ നയൻ സൗരാഷ്ട്രയ്ക്കായി കളിച്ചിട്ടുണ്ട്.
സുനിൽ ഗാവസ്കർ, സച്ചിൻ തെൻഡുൽക്കർ, അനിൽ കുംബ്ലെ, ഹർഭജൻ സിങ്, റോജർ ബിന്നി, ഫാറൂഖ് എൻജിനീയർ, രവി ശാസ്ത്രി, മനോജ് തിവാരി, സുനിൽ ജോഷി തുടങ്ങിയവർ നിര്യാണത്തിൽ അനുശോചിച്ചു. ലീഡ്സ് ടെസ്റ്റ് കളിക്കുന്ന ഇന്ത്യ, ഇംഗ്ലണ്ട് ടീം അംഗങ്ങൾ ഇന്നലെ മത്സരത്തിന് മുൻപ് ഒരു മിനിറ്റ് മൗനം ആചരിച്ചു. ദോഷിക്ക് ആദരസൂചകമായി കറുത്ത ബാൻഡ് ധരിച്ചാണ് താരങ്ങൾ ഗ്രൗണ്ടിലിറങ്ങിയത്.
English Summary:








English (US) ·