‘മാപ്പുമില്ല, ഒരു കപ്പുമില്ല; ഇന്ത്യയ്ക്ക് ട്രോഫി വേണമെങ്കിൽ സൂര്യകുമാർ നേരിട്ട് വരണം’; ട്രോഫി യുഎഇ ബോർഡിന് നൽകി നഖ്‌വി

3 months ago 5

ദുബായ് ∙ ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യയ്ക്കുള്ള ട്രോഫിയുമായി സ്ഥലം വിട്ട സംഭവത്തിൽ എസിസി പ്രസിഡന്റ് മാപ്പ് പറഞ്ഞെന്ന റിപ്പോർട്ടുകൾ തള്ളി മുഹ്സിൻ നഖ്‌വി. ‘‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, ബിസിസിഐയോട് ഞാൻ ഒരിക്കലും ക്ഷമാപണം നടത്തിയിട്ടില്ല, ഇനി ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ല. എസിസി പ്രസിഡന്റ് എന്ന നിലയിൽ, ആ ദിവസം തന്നെ ട്രോഫി കൈമാറാൻ ഞാൻ തയാറായിരുന്നു, ഇപ്പോഴും ഞാൻ തയാറാണ്. അവർക്ക് അതു ശരിക്കും വേണമെങ്കിൽ, എസിസി ഓഫിസിൽ വന്ന് എന്നിൽനിന്ന് വാങ്ങാൻ അവരെ സ്വാഗതം ചെയ്യുന്നു.’’– നഖ്‌വി പറഞ്ഞു.

ഏഷ്യാ കപ്പ് ട്രോഫി യുഎഇ ക്രിക്കറ്റ് ബോർഡിനു കൈമാറിയെന്ന് സൂചനയുണ്ട്. എസ‌ി‌സി ചെയർമാൻ സ്ഥാനത്തുനിന്ന് മുഹ്‌സിൻ നഖ്‌വിയെ ഇംപീച്ച് ചെയ്യാൻ ബിസിസിഐ നടപടികൾക്ക് ഒരുങ്ങുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ വിവരം പുറത്തുവരുന്നത്. നഖ്‌വി ഇന്ന് ലഹോറിലേക്കു മടങ്ങുമെന്നാണ് സൂചന. നഖ്‌വിക്കെതിരെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) വാർഷിക പൊതുയോഗത്തിൽ ഇന്ത്യൻ പ്രതിനിധികൾ ശക്തമായ എതിർപ്പുയർത്തിയിരുന്നു. എസിസി ചെയർമാനും പാക്കിസ്ഥാൻ മന്ത്രിയുമായ മുഹ്സിൻ നഖ്‌വി ഞായറാഴ്ച പുരസ്കാരച്ചടങ്ങിനു ശേഷം ട്രോഫിയും മെഡലുകളുമായി സ്ഥലം വിടുകയായിരുന്നു.

സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സി– ഫോഴ്സ കൊച്ചി മത്സരം സ്റ്റേഡിയത്തിൽ കാണാം

ദുബായിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും മുൻ ട്രഷറർ ആഷിഷ് ശെലാറുമാണ് ഇന്ത്യൻ പ്രതിനിധികളുമായി പങ്കെടുത്തത്. ഓൺലൈനായാണ് ഇരുവരും യോഗത്തിൽ പങ്കെടുത്തത്. ട്രോഫി കൈമാറാത്തതിലും മത്സരശേഷം അവാർഡ് ദാന ചടങ്ങിനിടെ നഖ്‌വി നടത്തിയ നാടകീയ നീക്കങ്ങളിലും ഇവർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതായി എസിസി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ട്രോഫി കൈമാറാൻ, നഖ്‌വി ഇതുവരെ സമ്മതിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

നഖ്‌വിയിൽനിന്നു ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ടീം നിലപാട് എടുത്തതോടെയാണു വിവാദം കനത്തത്. വിജയിച്ച ടീമിന് ട്രോഫി കൈമാറണമെന്നും ഇത് എസിസിയുടെ ട്രോഫിയാണെന്നും അല്ലാതെ ഒരു വ്യക്തിയുടേതല്ലെന്നും രാജീവ് ശുക്ലയും ആഷിഷ് ശെലാറും യോഗത്തിൽ പറഞ്ഞു. എന്നാൽ ഇതിനോട് പ്രതികരിക്കാതിരുന്ന നഖ്‍വി, വാർഷിക യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയമല്ല ഇതെന്നും മറ്റൊരു അവസരത്തിൽ ചർച്ച ചെയ്യാമെന്നും പറഞ്ഞു. എസിസി വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയായിരുന്നു യോഗത്തിന്റെ അജൻഡ. എന്നാൽ അതും മാറ്റിവച്ചു.

ഏഷ്യാ കപ്പ് ഇന്ത്യ നേടിയതിന് ബിസിസിഐ അംഗങ്ങളെ നഖ്‌വി അഭിനന്ദിച്ചതുമില്ല. പകരം വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പര നേടിയ നേപ്പാളിനെയും എസിസിയിൽ പുതുതായി അംഗത്വം ലഭിച്ച മംഗോളിയെയും നഖ്‌വി അഭിനന്ദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ ആഷിഷ് ശെലാർ, എന്തുകൊണ്ട് ഇന്ത്യൻ ടീമീന് അഭിനന്ദനമില്ലെന്ന് ചോദിച്ചു. ഇതോടെ ഇന്ത്യയെ അഭിനന്ദിക്കാൻ നഖ്‌വി തയാറാതായി എസിസി വൃത്തങ്ങൾ പറഞ്ഞു.

ട്രോഫി എസിസി ഓഫിസിൽ സൂക്ഷിക്കണമെന്നും ബിസിസിഐക്ക് അയച്ചു നൽകണമെന്നും രാജീവ് ശുക്ലയും ആഷിഷ് ശെലാറും ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ ട്രോഫി വേണമെങ്കിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എസിസി ഓഫിസിൽ നേരിട്ടെത്തി സ്വീകരിക്കണമെന്നാണ് നഖ്‍വി പറഞ്ഞത്. നവംബറിൽ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ കോൺഫറൻസിൽ പരാതിപ്പെടുമെന്ന് അറിയിച്ച് ഇരുവരും ഓൺലൈൻ യോഗത്തിൽനിന്നു ലെഫ്റ്റായി. എന്നാൽ ട്രോഫി തന്റെ കയ്യിൽനിന്നു സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ടീം മുൻകൂട്ടി അറിയിച്ചില്ലെന്നും അവാർഡ് കൊടുക്കാൻ വേദിയിൽ കയറിയ താൻ, നാണംകെട്ടതായും നഖ്‌വി യോഗത്തിൽ പറഞ്ഞു. മത്സരശേഷം അരങ്ങേറിയ സംഭവങ്ങൾ ഒരു ‘കാർട്ടൂൺ പോലെ’ തോന്നിയതായും നഖ്‍വി പറഞ്ഞു.

ഏഷ്യാ കപ്പ് ടൂർണമെന്റിലെ ഗ്രൂപ്പ്ഘട്ട മത്സരത്തിൽ തുടങ്ങിയ ഹസ്തദാന വിവാദമാണ് ഇപ്പോൾ ട്രോഫി കൈമാറത്തതിൽ വരെ എത്തിനിൽക്കുന്നത്. ഏഷ്യ കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ഏറ്റുമുട്ടിയ മൂന്നു മത്സരങ്ങളിലും വിവാദങ്ങൾക്കു കുറവുണ്ടായിരുന്നില്ല. ഫൈനൽ മത്സരത്തിലെ വിജയം ഓപ്പറേഷൻ സിന്ദൂറിനോട് താരതമ്യപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശം രാഷ്ട്രീയ വിവാദങ്ങൾക്കും വഴി വച്ചിട്ടുണ്ട്.

English Summary:

Asia Cup trophy contention surrounds Mohsin Naqvi's actions aft India's win, with accusations of withholding the trophy and consequent disputes astatine the ACC meeting. Indian representatives Rajeev Shukla and Ashish Shelar voiced beardown opposition, starring to a imaginable escalation astatine the ICC level.

Read Entire Article