മാമ മിയ കിമി..! കിമി അന്റോനെല്ലിയുടെ കിരീടനേട്ടം ആഘോഷിച്ച് ഇറ്റലിക്കാർ

2 weeks ago 8

മനോരമ ലേഖകൻ

Published: November 03, 2026 08:16 AM IST

1 minute Read

മാക്സ് വെഴ്സ്റ്റപ്പൻ, ലൂയി ഹാമിൽട്ടൻ എന്നിവർക്കൊപ്പം വിജയം ആഘോഷിക്കുന്ന കിമി അന്റോനെല്ലി. Photo by CARL DE SOUZA / AFP
മാക്സ് വെഴ്സ്റ്റപ്പൻ, ലൂയി ഹാമിൽട്ടൻ എന്നിവർക്കൊപ്പം വിജയം ആഘോഷിക്കുന്ന കിമി അന്റോനെല്ലി. Photo by CARL DE SOUZA / AFP

73 വർഷത്തിനിടെ രാജ്യത്തിന്റെ ആദ്യ ഫോർമുല വൺ ലോക ചാംപ്യനെ വരവേറ്റാണ് ഇറ്റലി തിങ്കളാഴ്ച ഉണർന്നത്.‘മാമ മിയ കിമി’ (എന്തൊരു അദ്ഭുതം!) – ഇറ്റലിക്കാരനായ ടെന്നിസ് താരം യാനിക് സിന്നർ വിഡിയോ സന്ദേശത്തിൽ കുറിച്ചു.‘കിമി, എന്തൊരു അത്ഭുതമാണ് നീ കാണിച്ചിരിക്കുന്നത്! നിന്റെ ആദ്യ ലോക ചാംപ്യൻഷിപ് നേട്ടത്തിന് അഭിനന്ദനങ്ങൾ; നീ വീട്ടിലെത്തിച്ചിരിക്കുന്നത് അവിശ്വസനീയമായ ഒരു നേട്ടമാണ്. ഇറ്റലി മുഴുവൻ നിന്നെയോർത്ത് അഭിമാനിക്കുന്നു’

ഇറ്റലിയുടെ ഏറ്റവും വലിയ റേസിങ് ബ്രാൻഡായ ഫെറാറിക്കുവേണ്ടിയല്ല 20 വയസ്സുകാരനായ കിമി അന്റോനെല്ലി മത്സരിക്കുന്നത് എന്നത് രാജ്യത്ത് ഒരു പ്രശ്നമേയായിരുന്നില്ല‌. ‘ഇറ്റലി കരഞ്ഞു, പുഞ്ചിരിച്ചു, അവനോടൊപ്പം വീണ്ടും കരഞ്ഞു’ - രാജ്യത്തെ വലിയ ദിനപത്രങ്ങളിലൊന്നായ ‘ലാ റിപ്പബ്ലിക്ക’യുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ഫിനിഷിങ് ലൈൻ കടന്നനേരത്ത് അന്റോനെല്ലി പൊട്ടിക്കരഞ്ഞതും പോഡിയത്തിൽനിൽക്കെ വീണ്ടും വിതുമ്പിയതുമെല്ലാം ഇറ്റാലിയൻ മാധ്യമങ്ങൾ ആഘോഷമാക്കി. 1953ൽ ആൽബർട്ടോ അസ്കാരിക്കു ശേഷം ഫോർമുല വൺ കിരീടം നേടുന്ന ആദ്യ ഇറ്റലിക്കാരനാണ് അന്റോനെല്ലി.

അന്റോനെല്ലിയുടെ ജന്മനാടായ ബൊളോഞ്ഞയുടെ മേയർ, നഗരം നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ‘നെറ്റുനൊ ദോറോ’ (സുവർണ നെപ്റ്റ്യൂൺ) താരത്തിനു നൽകുന്നതായി പ്രഖ്യാപിച്ചു.

‘അന്റോനെല്ലി സ്റ്റീയറിങ്ങിനു പിന്നിൽ ഒരു ചാംപ്യൻ മാത്രമല്ല, നല്ലവനും സാധാരണക്കാരനുമായ ഒരു വ്യക്തികൂടിയാണ്.’– സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അന്റോനെല്ലി എത്രത്തോളം സിംപിളാണെന്നു വ്യക്തമാക്കുന്ന ഒരു വിവരം പങ്കുവച്ചത് അദ്ദേഹത്തിന്റെ അമ്മ വെറോനിക്കയാണ്; അവർ പറഞ്ഞു: ‘അവൻ ഇപ്പോഴും എല്ലാ മാസവും പോക്കറ്റ് മണി വാങ്ങാറുണ്ട്’

English Summary:

Kimi Antonelli Formula One title historical triumph marks Italy's archetypal F1 satellite rubric successful 73 years since Alberto Ascari. The twenty-year-old operator celebrated a momentous triumph that agreed the full federation successful pridefulness and joy.

Read Entire Article